ആലുവ നഗര മധ്യത്തിൽ കവർച്ച; റെയില്‍വേ സ്റ്റേഷനിലേക്ക് പോയ യുവാവിനെ മര്‍ദ്ദിച്ച് സ്വര്‍ണവും പണവും കവര്‍ന്നു

ഇന്നലെ പുലര്‍ച്ചെ റെയില്‍വേ സ്റ്റേഷനിലേക്ക് നടന്നു പോകവെയായിരുന്നു ആക്രമണം

ആലുവ നഗര മധ്യത്തിൽ കവർച്ച; റെയില്‍വേ സ്റ്റേഷനിലേക്ക് പോയ യുവാവിനെ മര്‍ദ്ദിച്ച് സ്വര്‍ണവും പണവും കവര്‍ന്നു
dot image

ആലുവ: ആലുവ നഗരമധ്യത്തില്‍ യുവാവിനെ മര്‍ദ്ദിച്ച് സ്വര്‍ണ്ണവും പണവും കവര്‍ന്നു. കോടനാട് സ്വദേശി ജോഫിനാണ് ക്രൂരമായ മര്‍ദ്ദനത്തിനിരയായത്. ഇന്നലെ പുലര്‍ച്ചെ റെയില്‍വെ സ്റ്റേഷനിലേക്ക് നടന്നു പോകവെയായിരുന്നു ആക്രമണം. കെഎസ്ആര്‍ടിസി ബസില്‍ ആലുവ ബാങ്ക് ജംഗ്ഷനില്‍ വന്നിറങ്ങിയ ശേഷം കോഴിക്കോടേക്ക് പോകുവാനായി റെയില്‍വേ സ്റ്റേഷനിലേക്ക് പോകുകയായിരുന്നു ജോഫിന്‍.

എന്നാല്‍ റെയില്‍വെ സ്റ്റേഷനിലേക്ക് പോകുവാനുള്ള വഴി കൃത്യമായി അറിയാത്തതിനാല്‍ ഇയാള്‍ ഗൂഗിള്‍ മാപ്പിന്റെ സഹായത്തോടെ ഗുഡ്‌ഷെഡ് ഭാഗം വഴി നടന്നു പോവുകയായിരുന്നു. ആ സമയം അവിടെ ഉണ്ടായിരുന്ന അക്രമികൾ ഇയാളെ പിടിച്ച് വെക്കുകയും ചോദ്യം ചെയ്യുകയും ചെയ്തു. അതിന് ശേഷം രണ്ട് പേര്‍ ചേര്‍ന്ന് യുവാവിനെ കല്ലുകൊണ്ട് ക്രൂരമായി മര്‍ദ്ദിക്കുകയും അടുത്തുണ്ടായിരുന്ന കനാലിലേക്ക് തള്ളിയിടുകയും നിലത്തിട്ടു ചവിട്ടുകയുമായിരുന്നു. ശേഷം കത്തികാണിച്ച് ഭീഷണിപ്പെടുത്തി ഇയാളുടെ കഴുത്തിലുണ്ടായിരുന്ന മൂന്ന് പവന്റെ മാലയും കയ്യിലുണ്ടായിരുന്ന 5000 രൂപയും അക്രമികള്‍ പിടിച്ചെടുക്കുകയായിരുന്നെന്ന് ജോഫിന്റെ സഹോദരി റിപ്പോര്‍ട്ടറിനോട് പറഞ്ഞു.

പ്രതിരോധിക്കാനുള്ള ശ്രമം യുവാവ് നടത്തിയെങ്കിലും സംഘം ചേര്‍ന്ന് പിടിച്ചുവെക്കുകയായിരുന്നു. അക്രമത്തില്‍ യുവാവിന്റെ വാരിയെല്ലിന് പൊട്ടലുകള്‍ ഏറ്റിട്ടുണ്ട്. ആക്രമണത്തിൽ പരിക്കേറ്റ് ഏറെ നേരം വീണുകിടന്ന ജോഫിന്‍ പിന്നീട് റെയില്‍വെ പൊലീസിന്റെ സഹായം തേടുകയായിരുന്നു. അടുത്തുള്ള ആശുപത്രിയില്‍ ചികിത്സയിലാണ് യുവാവ്. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. നേരത്തെ ഒരു കുഞ്ഞിനെ ഇവിടെ നിന്നും കാണാതായിട്ടുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.

Content Highlight : Young man attacked and robbed of gold and money in Aluva

dot image
To advertise here,contact us
dot image