ട്രെയിൻ യാത്രയ്ക്ക് ഫുൾ ഡിമാൻഡ്; ഓഗസ്റ്റിൽ 67.27 കോടി യാത്രക്കാർ, ലോക്കൽ യാത്രയിൽ 9% വളർച്ച

യാത്രക്കാരുടെ വർധനയ്ക്കൊപ്പം ചരക്ക് ഗതാഗതത്തിലും റെയിൽവേ മുന്നേറ്റം തുടരുകയാണ്

ട്രെയിൻ യാത്രയ്ക്ക് ഫുൾ ഡിമാൻഡ്; ഓഗസ്റ്റിൽ 67.27 കോടി യാത്രക്കാർ, ലോക്കൽ യാത്രയിൽ 9% വളർച്ച
dot image

ഇന്ത്യൻ റെയിൽവേയിൽ യാത്രക്കാരുടെ തിരക്ക് വീണ്ടും ഉയരുന്നു.2026 ഓഗസ്റ്റിൽ 67.27 കോടി യാത്രക്കാരാണ് രാജ്യത്തെ റെയിൽവേ ശൃംഖലയിൽ യാത്ര ചെയ്തത്. കഴിഞ്ഞ വർഷം ഓഗസ്റ്റിലെ 64.43 കോടിയുമായി താരതമ്യം ചെയ്യുമ്പോൾ യാത്രക്കാരുടെ എണ്ണത്തിൽ ശ്രദ്ധേയമായ വർധനയാണിത്. രാജ്യത്ത് ട്രെയിൻ യാത്രയ്ക്കുള്ള ആവശ്യം തുടർച്ചയായി ഉയരുന്നതിന്റെ സൂചനയാണ് ഏറ്റവും പുതിയ കണക്കുകൾ വ്യക്തമാക്കുന്നത്.

ദൈനംദിന യാത്രക്കാരുടെ പ്രധാന ആശ്രയമായ സബർബൻ അഥവാ ലോക്കൽ ട്രെയിൻ സർവീസിലാണ് ഏറ്റവും ശ്രദ്ധേയമായ വളർച്ച. ഓഗസ്റ്റിൽ 38.01 കോടി പേരാണ് സബർബൻ ട്രെയിനുകളിൽ യാത്ര ചെയ്തത്.

കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 34.89 കോടിയായിരുന്നു. അതായത് 9.02 ശതമാനം വാർഷിക വളർച്ച. ജനസാന്ദ്രതയേറിയ നഗരങ്ങളിൽ കുറഞ്ഞ ചെലവിൽ യാത്ര ചെയ്യാൻ വലിയൊരു വിഭാഗം ആശ്രയിക്കുന്നത് ലോക്കൽ ട്രെയിനുകളെയാണ്.

യാത്രക്കാരുടെ വർധിച്ച ആവശ്യം കണക്കിലെടുത്ത് റെയിൽവേ ഉത്സവകാല സ്പെഷ്യൽ ട്രെയിനുകളും കൂട്ടി. രക്ഷാബന്ധൻ സമയത്ത് ഓഗസ്റ്റ് 25 മുതൽ 31 വരെ 144 സ്പെഷ്യൽ ട്രെയിൻ ട്രിപ്പുകൾ നടത്തി. കഴിഞ്ഞ വർഷം ഇതേ അവസരത്തിൽ 48 ട്രിപ്പുകൾ മാത്രമായിരുന്നു. കൂടാതെ പുതിയ അമൃത് ഭാരത് സർവീസുകൾ അവതരിപ്പിക്കുകയും ഏഴ് സ്പെഷ്യൽ ട്രെയിനുകളെ സ്ഥിരം അമൃത് ഭാരത് സർവീസുകളാക്കി മാറ്റുകയും ചെയ്തിരുന്നു.

യാത്രക്കാരുടെ വർധനയ്ക്കൊപ്പം ചരക്ക് ഗതാഗതത്തിലും റെയിൽവേ മുന്നേറ്റം തുടരുകയാണ്. ഓഗസ്റ്റിൽ 13.79 കോടി ടൺ ചരക്ക് റെയിൽവേ വഴി നീക്കി. കഴിഞ്ഞ വർഷത്തേക്കാൾ 5.4% വളർച്ച. ചരക്ക് വരുമാനത്തിലും 6.27% വർധന രേഖപ്പെടുത്തിയിട്ടുണ്ട്. ചരക്ക് ഗതാഗതം കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഓഗസ്റ്റിൽ 5 പുതിയ ഗതി ശക്തി കാർഗോ ടെർമിനലുകൾ കൂടി പ്രവർത്തനം ആരംഭിച്ചു. ഇതോടെ രാജ്യത്തെ കമ്മീഷൻ ചെയ്ത GCT (ഗതി ശക്തി കാർഗോ ടെർമിനൽ)കളുടെ എണ്ണം 149 ആയി.

Content Highlights: Indian Railways Records Strong Passenger Growth in August 2026 as Suburban Travel Continues to Drive Traffic

dot image
To advertise here,contact us
dot image