

റിയാദ്: ഇറാന്‍ പിന്തുണയുള്ള ഹൂതി പോരാളികള്‍ ചെങ്കടലിന്റെ പ്രവേശന കവാടമായ ദ്വീപ് പിടിച്ചെടുത്തതോടെ എണ്ണ കയറ്റുമതിയില്‍ സൗദി അറേബ്യക്ക് പുതിയ ഭീഷണി. രാജ്യത്തിന്റെ പ്രധാന ഈസ്റ്റ്-വെസ്റ്റ് എണ്ണ പൈപ്പ്ലൈന്‍ അടഞ്ഞുകിടക്കുന്ന സാഹചര്യത്തിലാണ് ബാബ് അല്‍-മന്ദബ് കടലിടുക്കിന് സമീപമുള്ള ഹൂതികളുടെ നിയന്ത്രണം കൂടുതല്‍ ശക്തമായത്.
ആഗോള എണ്ണവിതരണത്തില്‍ ഇത് കൂടുതല്‍ വലിയ തടസ്സങ്ങള്‍ക്ക് വഴിവെച്ചേക്കുമെന്നാണ് വിലയിരുത്തല്‍. അറേബ്യന്‍ ഉപദ്വീപിലൂടെ അസംസ്‌കൃത എണ്ണ ചെങ്കടല്‍ തീരത്തേക്ക് എത്തിക്കുന്ന പൈപ്പ്ലൈന്‍ ഉടന്‍ പ്രവര്‍ത്തനക്ഷമമാക്കാനായില്ലെങ്കില്‍, സൗദി അറേബ്യയുടെ കയറ്റുമതി സ്റ്റോക്ക് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തീര്‍ന്നേക്കാമെന്ന് റോയിട്ടേഴ്സിന്റെ റിപ്പോര്‍ട്ടിൽ പറയുന്നു.
ചെങ്കടലിനെയും ഏദന്‍ ഉള്‍ക്കടലിനെയും ബന്ധിപ്പിക്കുന്ന പ്രധാന സമുദ്രപാതയായ ബാബ് അല്‍-മന്ദബ് എണ്ണ കയറ്റുമതികള്‍ക്ക് തന്ത്രപ്രധാന സ്ഥാനമാണ്. ഈ കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതത്തിന് ഹൂതികള്‍ തുടര്‍ച്ചയായി ഭീഷണി ഉയര്‍ത്തുന്നതും ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള ഗതാഗതത്തിലെ തടസ്സവും ഒരേസമയം തുടരുന്നത് സൗദി അറേബ്യയ്ക്ക് വലിയ പ്രതിസന്ധിയാവും. അന്താരാഷ്ട്ര വിപണികളിലേക്ക് അസംസ്‌കൃത എണ്ണ എത്തിക്കാന്‍ സൗദി അറേബ്യയ്ക്ക് മുന്നിലുള്ള വഴികള്‍ പരിമിതമാവുകയാണ്.
യുദ്ധത്തിന് മുമ്പ് പശ്ചിമേഷ്യയില്‍ നിന്ന് പ്രതിദിനം ഏകദേശം 2.2 കോടി ബാരല്‍ എണ്ണയാണ് വിതരണം ചെയ്തിരുന്നത്. എന്നാല്‍ ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള എണ്ണവിതരണം ഇപ്പോള്‍ പ്രതിദിനം 60 ലക്ഷം മുതല്‍ 90 ലക്ഷം ബാരല്‍ വരെയായി കുറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് പറയുന്നു. കപ്പല്‍ ഗതാഗതത്തിന് ഹൂതികള്‍ തുടര്‍ച്ചയായി ഭീഷണി ഉയര്‍ത്തുകയാണെങ്കില്‍, ഗള്‍ഫ് മേഖലയിലെ തടസ്സങ്ങളെ മറികടന്ന് എണ്ണ കയറ്റുമതി നടത്താനുള്ള സൗദിയുടെ ശ്രമങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാകും. ഇതിനിടെയാണ് വെള്ളിയാഴ്ച നടന്ന ഡ്രോണ്‍ ആക്രമണത്തെ തുടര്‍ന്ന് സൗദി അറേബ്യയുടെ ഈസ്റ്റ്-വെസ്റ്റ് എണ്ണ പൈപ്പ്ലൈന്‍ അടച്ചത്. ആക്രമത്തിലെ നാശനഷ്ടത്തിന്റെ പൂര്‍ണ വ്യാപ്തിയോ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാകാന്‍ എത്ര സമയമെടുക്കുമെന്നതോ സൗദി പുറത്തുവിട്ടിട്ടില്ല.
ഹോര്‍മൂസ് കടലിടുക്ക് അടച്ചതോടെ കഴിഞ്ഞ ആറ് മാസമായി ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ സൗദി അറേബ്യയ്ക്ക് നിര്‍ണായകമായിരുന്നു. ഹോര്‍മൂസിലെ പ്രതിസന്ധി മറികടക്കാന്‍ സഹായകരമായത് ഈ പൈപ്പ്ലൈനായിരുന്നു. ഇതു വഴി പ്രതിദിനം ഏകദേശം 40 ലക്ഷം ബാരല്‍ അസംസ്‌കൃത എണ്ണ ചെങ്കടല്‍ തീരത്തെ യന്‍ബു തുറമുഖത്തേക്ക് തിരിച്ചുവിടാന്‍ സൗദിക്ക് സാധിച്ചിരുന്നു. ഇത് ആഗോള എണ്ണവിതരണത്തിന്റെ ഏകദേശം 4 ശതമാനത്തിന് തുല്യമാണ്.
എന്നാല്‍ പൈപ്പ്ലൈന്‍ നിലവില്‍ പ്രവര്‍ത്തനരഹിതമായതോടെ യന്‍ബുവിലെ എണ്ണശേഖരം അഞ്ച് മുതല്‍ ഏഴ് ദിവസം വരെ മാത്രമേ കയറ്റുമതിക്ക് മതിയാകൂവെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, ചെങ്കടലിലെ ഈജിപ്തിന്റെ ഐന്‍ സുഖ്‌ന തുറമുഖത്തും പശ്ചിമേഷ്യയിലെ സിഡി കെരിര്‍ തുറമുഖത്തും സൗദിക്ക് അധിക അസംസ്‌കൃത എണ്ണ ശേഖരമുണ്ട്. ഇത് ആഗോള തലത്തിലെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഏതാനും ദിവസങ്ങള്‍ കൂടി സഹായിക്കുമെന്നാണ് റോയിട്ടേഴ്സ് റിപ്പോര്‍ട്ട്.
ഹൂതികള്‍ ഉള്‍പ്പെട്ട പുതിയ പ്രതിസന്ധി ഉടലെടുക്കുന്നതിന് മുമ്പുതന്നെ സൗദി അറേബ്യയുടെ എണ്ണവിതരണം മൂപ്പത് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തിയിരുന്നു. ഹോര്‍മുസ് കടലിടുക്കിലൂടെയും ചെങ്കടല്‍ വഴിയുമുള്ള കയറ്റുമതി കുറഞ്ഞതിനെ തുടര്‍ന്ന് ഓഗസ്റ്റില്‍ എണ്ണവിതരണം കുത്തനെ ഇടിഞ്ഞതായി അന്താരാഷ്ട്ര ഊര്‍ജ ഏജന്‍സി വ്യക്തമാക്കി.
ഫെബ്രുവരിയില്‍ യുദ്ധം ആരംഭിക്കുന്നതിന് മുമ്പ് പ്രതിദിനം 1.09 കോടി ബാരല്‍ ആയിരുന്ന സൗദിയുടെ അസംസ്‌കൃത എണ്ണ ഉല്‍പ്പാദനം ഓഗസ്റ്റില്‍ 62 ലക്ഷം ബാരലായാണ് കുറഞ്ഞത്. ഗള്‍ഫ് മേഖലയിലൂടെയുള്ള സാധാരണ എണ്ണവിതരണം തടസ്സപ്പെടുന്ന സാഹചര്യം തുടര്‍ന്നാല്‍, ഈ വര്‍ഷം ആഗോള എണ്ണവിതരണം പ്രതിദിനം 57 ലക്ഷം ബാരല്‍ വരെ കുറയാന്‍ സാധ്യതയുണ്ടെന്ന് അന്താരാഷ്ട്ര ഊര്‍ജ ഏജന്‍സി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇത് ആഗോള എണ്ണവിതരണത്തിന്റെ ഏകദേശം 6 ശതമാനത്തിന് തുല്യമാണ്.
അതിനാല്‍ സൗദിയുടെ എണ്ണ പൈപ്പ്ലൈന്‍ ദീര്‍ഘകാലത്തേക്ക് അടച്ചിടുന്നത് രാജ്യത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ബദല്‍ എണ്ണ കയറ്റുമതി മാര്‍ഗങ്ങളിലൊന്ന് ഇല്ലാതാക്കും. അതേസമയം, ചെങ്കടലിന്റെ തെക്കന്‍ കവാടമായ ബാബ് അല്‍-മന്ദബിന് ചുറ്റുമുള്ള ഹൂതികളുടെ സ്വാധീനം കൂടുതല്‍ ശക്തമാകുകയാണ്. ആഗോള ഊര്‍ജ വിപണികളില്‍ ഈ സാഹചര്യം വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചേക്കാമെന്നാണ് വിലയിരുത്തല്‍.
Content Highlights: Houthi control near the Bab el-Mandeb and the shutdown of Saudi Arabia’s East-West oil pipeline are putting the kingdom’s crude exports under growing pressure, raising fresh concerns over global oil supplies