വഖഫ് ബോര്‍ഡ് നിയമന വിവാദം: 'സര്‍ക്കാർ നിലപാട് അമ്പരപ്പിക്കുന്നതും ആശങ്കപ്പെടുത്തുന്നതും': സമസ്ത

വഖഫ് ബോര്‍ഡില്‍ അമുസ്‌ലിങ്ങളെ കുടിയിരുത്താനുള്ള അവസരം സര്‍ക്കാര്‍ അഭിഭാഷകന്‍ ഒരുക്കിയെന്നും സുപ്രഭാതത്തിലെ എഡിറ്റോഡിയലിൽ പറയുന്നു

വഖഫ് ബോര്‍ഡ് നിയമന വിവാദം: 'സര്‍ക്കാർ നിലപാട് അമ്പരപ്പിക്കുന്നതും ആശങ്കപ്പെടുത്തുന്നതും': സമസ്ത
dot image

മലപ്പുറം: വഖഫ് ബോര്‍ഡ് നിയമന വിവാദത്തില്‍ സര്‍ക്കാര്‍ നിലപാട് ആശങ്കപ്പെടുത്തുന്നതെന്ന് സമസ്ത മുഖപത്രം സുപ്രഭാതത്തിന്റെ എഡിറ്റോറിയല്‍. അതിരൂക്ഷ വിമര്‍ശനമാണ് എഡിറ്റോറിയലിലുള്ളത്. സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സ്വീകരിച്ച നിലപാട് അമ്പരപ്പിക്കുന്നതും ആശങ്കപ്പെടുത്തുന്നതുമെന്ന് എഡിറ്റോറിയലില്‍ പറയുന്നു. എജിയുടെ നിലപാടിലെ നിഗൂഢത മതേതര കേരളത്തെ ആശങ്കപ്പെടുത്തുന്നെന്നും വിമര്‍ശനം.

വഖഫ് ബോര്‍ഡിലേക്ക് അമുസ്‌ലിം അംഗങ്ങളെ നിയമിക്കാത്ത രീതിയിലാണ് കേരളവും നിയമനം നടത്തിയത്. ഇത് കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടപ്പോള്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് നിര്‍ണായകമായിരുന്നെന്നും എഡിറ്റോറിയലില്‍ ചൂണ്ടിക്കാട്ടുന്നു. ഹര്‍ജിക്കാരുടെ വാദമുഖങ്ങളെ എ ജി തത്വത്തില്‍ അംഗീകരിച്ചെന്നും വിമര്‍ശനമുണ്ട്. ഇത് കേസിന്റെ തുടര്‍നടപടികളില്‍ പ്രതിഫലിച്ചേക്കാം എന്നും എഡിറ്റോറിയലിൽ ചൂണ്ടിക്കാട്ടുന്നു. വീണ്ടു വിചാരമില്ലാതെ സര്‍ക്കാര്‍ ഏകപക്ഷീയ നിലപാട് സ്വീകരിച്ചത് ഞെട്ടിക്കുകയും യുഡിഎഫ് ഉയര്‍ത്തിപ്പിടിച്ച നിലപാടിന്റെ നിരാസത്തിനുകൂടി വഴിതുറക്കുകയും ചെയ്തു. വഖഫ് ബോര്‍ഡില്‍ അമുസ്‌ലിങ്ങളെ കുടിയിരുത്താനുള്ള അവസരം സര്‍ക്കാര്‍ അഭിഭാഷകന്‍ ഒരുക്കിയെന്നും ആരോപിക്കുന്നതാണ് എഡിറ്റോറിയല്‍.

ഒന്നുകില്‍ ഭരണനേതൃത്വം നേരത്തെ എടുത്ത നിലപാടില്‍ നിന്ന് പുറകിലേക്ക് പോകുന്നു അല്ലെങ്കില്‍ ഉയര്‍ത്തിപ്പിടിച്ച മുദ്രാവാക്യങ്ങളുടെ ആത്മാര്‍ത്ഥതയില്ലെന്ന് തെളിയിക്കുന്നു എന്ന രൂക്ഷ വിമര്‍ശനവും സമസ്ത മുന്നോട്ട് വെക്കുന്നുണ്ട്. ഇത്തരം ഇരട്ടത്താപ്പുകളെ എങ്ങനെ ന്യായീകരിക്കുമെന്നും ചോദ്യമുണ്ട്. ഇത് വി ഡി സതീശന്റെ മതേതര പ്രതിച്ഛായക്ക് കളങ്കം ഏല്‍പ്പിക്കുമെന്നും, വീഴ്ച പറ്റിയെന്നും പ്രഖ്യാപിത നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്നും പറയാന്‍ ആര്‍ജ്ജവം കാണിക്കണമെന്നും എഡിറ്റോറിയലില്‍ പറയുന്നു. വീഴ്ച ന്യായീകരിച്ചാല്‍ മതേതര മനസ്സുകള്‍ കൂടുതല്‍ അകലം പാലിക്കുമെന്നും സമസ്ത മുഖപത്രത്തിലെ എഡിറ്റോറിയലില്‍ ചൂണ്ടിക്കാട്ടുന്നു.

അതേസമയം വിഷയത്തില്‍ സമസ്ത നോതാവ് ഉമര്‍ ഫൈസി മുക്കത്തിന്റെ നിലപാട് വിവാദമായിരുന്നു. വഖഫ് ബോര്‍ഡില്‍ സര്‍ക്കാരിന് അമുസ്‌ലിം അംഗങ്ങളെ നിയമിക്കാം എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഒഴിവ് നികത്താന്‍ പൂര്‍ണമായി ബോര്‍ഡ് പിരിച്ചുവിടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം റിപ്പോര്‍ട്ടറിനോട് പ്രതികരിച്ചിരുന്നു. അമുസ്‌ലിം അംഗങ്ങളെ സര്‍ക്കാരിന് നിയമിക്കാം. കേന്ദ്രനിയമപ്രകാരം അമുസ്‌ലിം അംഗങ്ങളെ നിയമിക്കുന്നതില്‍ ബോര്‍ഡിന് എതിര്‍പ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. നിയമമായി കഴിഞ്ഞാല്‍ വിയോജിച്ചിട്ട് കാര്യമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വഖഫ് ബോര്‍ഡിനെ മരവിപ്പിച്ച ഹൈക്കോടതി വിധിക്കെതിരെ ഉമര്‍ ഫൈസി മുക്കം സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. വിഷയത്തില്‍ സമസ്തയില്‍ വ്യത്യസ്ത അഭിപ്രയങ്ങള്‍ ഉണ്ടെന്ന് വ്യക്തമാക്കുന്നതായിരുന്നു ഉമര്‍ ഫൈസി മുക്കത്തിന്റെ നിലപാട്.

Content Highlights: Suprabhatham's editorial has expressed strong concern over the Kerala government's stance in the Waqf Board appointment dispute. It criticised the position taken before the High Court and questioned the Advocate General's approach, stating that it has raised concerns among those who value Kerala's secular traditions.

dot image
To advertise here,contact us
dot image