

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഐഎം നേതാവുമായിരുന്ന വി എസ് അച്യുതാനന്ദനെ കുറിച്ചുള്ള ഓര്‍മ്മക്കുറിപ്പ് അച്ചടിച്ച വാരാന്തപ്പതിപ്പ് പുറത്തിറക്കാതെ ദേശാഭിമാനി. വിഎസിന്റെ മുന്‍ പ്രസ് സെക്രട്ടറി കെ വി സുധാകരന്‍ എഴുതിയ അനുസ്മരണ ലേഖനം ഉള്‍പ്പെടുന്ന വാരാന്തപ്പതിപ്പാണ് അച്ചടിച്ച ശേഷം പുറത്തിറക്കാത്തത്. സാങ്കേതിക കാരണങ്ങളാല്‍ പ്രസിദ്ധീകരിക്കാന്‍ കഴിഞ്ഞില്ല എന്നാണ് ദേശാഭിമാനിയുടെ ഔദ്യോഗിക വിശദീകരണം. ഇതിന് പിന്നാലെ, 'കള്ളന്‍ വിജയന്‍' എന്ന തലക്കെട്ടില്‍ വാരാന്തപ്പതിപ്പില്‍ വന്ന ഫീച്ചറാണ് പ്രസിദ്ധീകരിക്കാതിരിക്കാന്‍ കാരണമെന്നും ദേശാഭിമാനിയുടെ അനൗദ്യോഗിക വിശദീകരണം വന്നു. പുല്ലാംപാറ നാടക ഗ്രാമത്തിലെ വിജയന്‍ എന്ന ആളെ കുറിച്ചായിരുന്നു 'കള്ളന്‍ വിജയന്‍' എന്ന ഫീച്ചര്‍.
'വീണ്ടും മുഴങ്ങുന്നു ആ കടലിരമ്പം' എന്ന തലക്കെട്ടോടെയായിരുന്നു വിഎസിനെക്കുറിച്ചുള്ള ലേഖനം. വിഎസിന്റെ ഒന്നാം ചരമ വാര്‍ഷികത്തോട് അനുബന്ധിച്ചായിരുന്നു ലേഖനം അച്ചടിച്ചത്. സാധാരണ നിലയില്‍ ഞായറാഴ്ചകളില്‍ പത്രത്തിനൊപ്പം വാരാന്തപ്പതിപ്പ് ഉണ്ടാകുമായിരുന്നെങ്കിലും ഇന്ന് പത്രത്തോടൊപ്പം വാരാന്തപ്പതിപ്പ് ഉണ്ടായിരുന്നില്ല. 'സാങ്കേതിക കാരണങ്ങളാല്‍ വാരാന്തപ്പതിപ്പ് പ്രസിദ്ധീകരിക്കാന്‍ കഴിഞ്ഞില്ല' എന്ന വിശദീകരണം പത്രത്തോടൊപ്പമായിരുന്നു ഉണ്ടായിരുന്നത്. സംഭവം വാര്‍ത്തയായതോടെയായിരുന്നു ഫീച്ചറുമായി ബന്ധപ്പെട്ട ദേശാഭിമാനിയുടെ അനൗദ്യോഗിക വിശദീകരണം വന്നത്.
ജൂലൈ 21നാണ് വി എസിന്റെ ചരമവാര്‍ഷികം. ഈ ദിവസം വിപുലമായി ആചരിക്കാന്‍ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് നിര്‍ദ്ദേശിച്ചിരുന്നു. എല്ലാ പാര്‍ട്ടി ഘടകങ്ങളും മുന്നിട്ടിറങ്ങണമെന്നും പാര്‍ട്ടി ഓഫീസ് അലങ്കരിച്ചും പതാക ഉയര്‍ത്തിയും അനുസ്മരണ സമ്മേളനം നടത്തിയും സ്മരണ പുതുക്കണെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞിരുന്നു.
Content Highlights- Deshabhimani did not release its weekly edition that reportedly contained a remembrance article on V. S. Achuthanandan