അന്ന് വി എസ് കാണിച്ച ആര്‍ജ്ജവം തിരിഞ്ഞുനോക്കേണ്ട ഒന്ന്; കള്ളാടി ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ വി എ അരുൺകുമാർ

മൂന്നാറിലെ കൈയേറ്റങ്ങള്‍ക്കെതിരെയും പരിസ്ഥിതി സംരക്ഷണത്തിന് വേണ്ടിയും അദ്ദേഹം എടുത്ത ഉറച്ച നിലപാടുകള്‍ പലപ്പോഴും വികസന വിരുദ്ധതയായി ചിത്രീകരിക്കപ്പെട്ടിരുന്നുവെന്നും അരുൺ

അന്ന് വി എസ് കാണിച്ച ആര്‍ജ്ജവം തിരിഞ്ഞുനോക്കേണ്ട ഒന്ന്; കള്ളാടി ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ വി എ അരുൺകുമാർ
dot image

വയനാട്: വയനാട്ടിലെ കള്ളാടിയിലുണ്ടായ മണ്ണിടിച്ചില്‍ ദുരന്തത്തില്‍ പ്രതികരിച്ച് അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും സിപിഐഎം നേതാവുമായ വി എസ് അച്യുതാനന്ദന്റെ മകന്‍ വി എ അരുണ്‍ കുമാര്‍. വന്‍കിട തുരങ്കപാതകളും നിര്‍മ്മാണങ്ങളും നടത്തുമ്പോള്‍ വിദഗ്ദ്ധ സമിതികളുടെ ശാസ്ത്രീയ പഠനങ്ങള്‍ക്കും പ്രകൃതിയുടെ ഭദ്രതയ്ക്കുമായിരിക്കണം ഭരണകൂടങ്ങള്‍ ഒന്നാം സ്ഥാനം നല്‍കേണ്ടതെന്നാണ് വി എ അരുൺകുമാർ ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്. മനുഷ്യന്റെ ജീവനും പരിസ്ഥിതിക്കും മുന്‍ഗണന നല്‍കുന്ന ഒരു സുസ്ഥിര വികസന നയം മാത്രമാണ് ഇത്തരം ദുരന്തമുഖങ്ങളില്‍ നമുക്ക് മുന്നിലുള്ള ഏക വഴിയെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

കുന്നിടിക്കല്‍, മണലൂറ്റ്, മൂന്നാറിലെ ഭൂമി കയ്യേറ്റം എന്നിവയ്‌ക്കെതിരെയുള്ള വി എസിന്റെ നിലപാട് വ്യക്തമാക്കുന്ന പത്ര കട്ടിങ് പങ്കുവെച്ചുകൊണ്ടാണ് അരുണ്‍ കുമാറിന്റെ കുറിപ്പ്.

'കുന്നിടിക്കല്‍, മണലൂറ്റ്, പാടം നികത്തല്‍ എന്നിവയ്‌ക്കെതിരെ പ്രതികരിക്കാന്‍ മടിക്കുന്നവരാണ് മലയാളികളില്‍ ഏറെയും. എന്നാല്‍ എന്നെപ്പോലുള്ളവര്‍ കാല്‍ നൂറ്റാണ്ടു മുന്‍പ് ആപത്ത് മുന്നില്‍ക്കണ്ട് ചൂണ്ടിക്കാണിച്ചിരുന്നു. അന്ന് വെട്ടിനിരത്തുകാരെന്നു ഞങ്ങളെ ആക്ഷേപിച്ചു. മൂന്നാറിലെ കൈ യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍, കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ ശ്രമിച്ചെങ്കിലും നടന്നില്ല. മൂന്നാറിലേത് ഒരു പ്രദേശത്തിന്റെ മാത്രം പ്രശ്‌നമല്ല. വരുംകാലത്ത് കേരളത്തിന്റെ പരിസ്ഥിതി, കുടിവെള്ളം, ജീവിതം എന്നിവ തകിടം മറിയുമെന്ന സന്ദേശത്തിന്റെ സൂചനയാണ്', എന്നാണ് വി എസ് അച്യുതാനന്ദന്‍ ദിനപത്രത്തില്‍ കുറിച്ചിട്ടുള്ളത്.

ഇത് മുന്‍ നിര്‍ത്തിയാണ് അരുണിന്റെയും പ്രതികരണം. പ്രകൃതിയുടെ സ്വാഭാവിക ഘടനയെ തകിടം മറിച്ചുകൊണ്ടുള്ള ഇടപെടലുകള്‍ ഭാവിയില്‍ വലിയ ദുരന്തങ്ങള്‍ ക്ഷണിച്ചുവരുത്തുമെന്ന് മുന്നറിയിപ്പ് നല്‍കാന്‍ വി എസ് കാണിച്ച ആര്‍ജ്ജവം ഇന്ന് തിരിഞ്ഞുനോക്കേണ്ട ഒന്നാണെന്നും അരുണ്‍ കുമാര്‍ കുറിച്ചു.

മൂന്നാറിലെ കൈയേറ്റങ്ങള്‍ക്കെതിരെയും പരിസ്ഥിതി സംരക്ഷണത്തിന് വേണ്ടിയും അദ്ദേഹം എടുത്ത ഉറച്ച നിലപാടുകള്‍ പലപ്പോഴും വികസന വിരുദ്ധതയായി ചിത്രീകരിക്കപ്പെട്ടിരുന്നു. എന്നാല്‍, പില്‍ക്കാലത്ത് കേരളം വലിയ പ്രകൃതിദുരന്തങ്ങളെ അഭിമുഖീകരിച്ചപ്പോഴെല്ലാം, 'ഞാന്‍ അക്കാലത്ത് മുന്നറിയിപ്പ് നല്‍കിയതല്ലേ' എന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ കേവലം പ്രസ്താവനകളായിരുന്നില്ല, മറിച്ച് ശാസ്ത്രത്തെ അവഗണിച്ചതിന് ഒരു നാട് നല്‍കേണ്ടിവന്ന വിലയെക്കുറിച്ചുള്ള കൃത്യമായ ഓര്‍മ്മപ്പെടുത്തലുകളായിരുന്നുവെന്നും വി എ അരുൺ കുമാർ കൂട്ടിച്ചേര്‍ത്തു.

Content Highlights: V A Arun Kumar Reacts to Kalladi Landslide Tragedy

dot image
To advertise here,contact us
dot image