

തിരുവനന്തപുരം: വാഹനാപകടങ്ങള്‍ക്ക് ഇടയാക്കുന്ന സാഹചര്യങ്ങള്‍ കണ്ടെത്താനും തുടര്‍ അപകടങ്ങള്‍ ഒഴിവാക്കാനുള്ള നിര്‍ദേശങ്ങള്‍ക്കുമായി സംസ്ഥാനത്ത് പോസ്റ്റ് ആക്‌സിഡൻ്റ് ഇന്‍വസ്റ്റിഗേഷന്‍ ടീം രൂപികരിച്ച് എംവിഡി. വാഹനാപകടങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനമാണ് ഇതിൻ്റെ ലക്ഷ്യം. എല്ലാ ജില്ലകളിലും പ്രത്യേക സംഘമുണ്ടാകും. എന്‍ഫോഴ്‌സ്‌മെൻ്റ് ആര്‍ടിഒ ആയിരിക്കും പോസ്റ്റ്-ക്രാഷ് ആക്‌സിഡൻ്റ് അനാലിസിസ് ടീമിൻ്റെ ലീഡര്‍. ഐഐടി പരിശീലനം ലഭിച്ച എംവിഡി ഉദ്യോഗസ്ഥര്‍, പൊലീസ്, പിഡബ്ല്യുഡി, നാറ്റ്പാക് പ്രതിനിധികള്‍ എന്നിവര്‍ ജില്ലാ ടീമില്‍ അംഗങ്ങളാകും.
പോസ്റ്റ് ക്രാഷ് റോഡ് ആക്‌സിഡൻ്റ് അനാലിസിസ് മാര്‍ഗ്ഗരേഖയും എംവിഡി പുറത്തിറക്കി. അപകടം നടന്ന് 48 മണിക്കൂറിനുള്ളില്‍ ജില്ലാ ടീമുകള്‍ സ്ഥലപരിശോധന നടത്തണമെന്നും അപകട സ്ഥലത്തെക്കുറിച്ചുള്ള ശാസ്ത്രീയ വിശകലനം 15 ദിവസത്തിനകം പൂര്‍ത്തിയാക്കണമെന്നും എംവിഡി പുറത്തിറക്കിയ മാര്‍ഗ്ഗരേഖയില്‍ പറയുന്നു. രണ്ടോ അതിലധികമോ മരണമുണ്ടാകുന്ന അപകടങ്ങളിലാണ് പ്രധാനമായും അന്വേഷണം ഉണ്ടാകുന്നത്. പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരടങ്ങുന്ന ജില്ലാ ടീമുകള്‍ ഓരോ മാസവും ചുരുങ്ങിയത് ഒരു പ്രധാന അപകടമെങ്കിലും നിര്‍ബന്ധമായും വിശകലനം ചെയ്യണമെന്നും അപകട വിശകലന റിപ്പോര്‍ട്ടുകള്‍ അടുത്ത മാസം പത്താം തീയതിക്കുള്ളില്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ക്ക് സമര്‍പ്പിക്കണമെന്നും മാര്‍ഗ്ഗരേഖയില്‍ പറയുന്നുണ്ട്. വാഹനാപകടങ്ങള്‍ക്ക് ഇടയാക്കുന്ന സാഹചര്യങ്ങള്‍ എന്താണെന്ന് പരിശോധിക്കാന്‍ റോഡിന്റെ ഘടന, വാഹനത്തിന്റെ തകരാറുകള്‍, ഡ്രൈവറുടെ പിഴവ്, കാലാവസ്ഥ എന്നിങ്ങനെ കൃത്യമായ മാനദണ്ഡങ്ങള്‍ നിശ്ചയിച്ചിട്ടുണ്ട്.
ശാസ്ത്രീയ പഠനം കുറ്റക്കാരെ കണ്ടെത്താനല്ല മറിച്ച് അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള പരിഹാരങ്ങള്‍ കണ്ടെത്താനാണെന്നാണ് മാര്‍ഗ്ഗരേഖയില്‍ പറയുന്നത്. ജില്ലാ അടിസ്ഥാനത്തിലുള്ള കണ്ടെത്തലുകള്‍ പവര്‍പോയിൻ്റ് പ്രസൻ്റേഷന്‍ വഴി സംസ്ഥാനതല അവലോകന യോഗത്തില്‍ അവതരിപ്പിക്കണമെന്നാണ് നിര്‍ദേശം. റിപ്പോര്‍ട്ടുകള്‍ വിലയിരുത്തി തിരുത്തല്‍ നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന തലത്തില്‍ പ്രത്യേക അവലോകന സമിതിക്കും രൂപം നല്‍കിയിട്ടുണ്ട്.
കൊട്ടാരക്കര ടിപ്പര്‍ ലോറി അപകട പശ്ചാത്തലത്തിലാണ് പോസ്റ്റ്-ക്രാഷ് ആക്‌സിഡൻ്റ് അനാലിസിസ് ടീം രൂപീകരിച്ചത്. ജൂണ്‍ 23നായിരുന്നു അപകടം. ബസ് കാത്തുനില്‍ക്കുന്ന വിദ്യാര്‍ത്ഥികളടക്കമുള്ളവര്‍ക്ക് മേല്‍ ലോറി പാഞ്ഞുകയറുകയായിരുന്നു. മൂന്ന് പേരാണ് അപകടത്തില്‍ മരിച്ചത്. കുടവട്ടൂര്‍ സ്വദേശിയായ ഹരിലാല്‍, ഓയൂര്‍ കാര്‍മല്‍ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥി പാര്‍ത്ഥിപ്, നീലേശ്വരം മുക്കോണിമുക്ക് സ്വദേശി അജയകുമാര്‍ എന്നിവരായിരുന്നു മരിച്ചത്. അപകടത്തില്‍ മോട്ടോര്‍ വഹാന വകുപ്പ് രണ്ട് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തിരുന്നു. കരുനാഗപ്പള്ളി സബ് ആര്‍ടിഒയിലെ എം വി ഐ സുധിന്‍ ഗോപി, എ എം വി ഐ ശരത് എസ് കുമാര്‍ എന്നിവര്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചത്. കൃത്യമായ പരിശോധനയില്ലാതെ ടിപ്പറിന് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയതിനായിരുന്നു നടപടി. അപകടത്തില്‍പ്പെട്ട വാഹനത്തിന് 17 വര്‍ഷത്തെ പഴക്കമുണ്ടെന്നും ഡ്രൈവര്‍ക്ക് ഹെവി ലൈസന്‍സ് ഇല്ലെന്നും കണ്ടെത്തിയിരുന്നു.
Content Highlights: MVD Releases Post Crash Road Accident Analysis Guidelines in Kerala