ലോകം അത്ഭുതം കൂറിയ വിലാപയാത്ര, ലക്ഷോപലക്ഷം മനുഷ്യരാണ് ഖമനയി എന്ന വീരപുരുഷനെ കാണാൻ തടിച്ചുകൂടിയത്: കെ ടി ജലീൽ

തങ്ങളുടെ പ്രിയപ്പെട്ട നേതാവിന്റെ വിയോഗത്തില്‍ കണ്ണീര്‍ പൊഴിക്കുകയും അലമുറയിട്ട് കരയുകയും ചെയ്ത ലക്ഷക്കണക്കിന് മനുഷ്യരെയാണ് ലോകം കണ്ടതെന്നും അദ്ദേഹം കുറിച്ചു

ലോകം അത്ഭുതം കൂറിയ വിലാപയാത്ര, ലക്ഷോപലക്ഷം മനുഷ്യരാണ് ഖമനയി എന്ന വീരപുരുഷനെ കാണാൻ തടിച്ചുകൂടിയത്: കെ ടി ജലീൽ
dot image

കോഴിക്കോട്: ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുള്ള അലി ഖമനയിയുടെ വിലാപയാത്ര കണ്ട് ലോകം അത്ഭുതം കൂറിയെന്ന് സിപിഐഎം നേതാവ് കെ ടി ജലീല്‍. നാല് പതിറ്റാണ്ടോളം ഇറാന്റെ പരമോന്നത നേതാവായിരുന്ന അദ്ദേഹത്തിന്റെ ധീര രക്തസാക്ഷിത്വം ഇറാനിലും ലോകമൊട്ടാകെയും ഉണ്ടാക്കിയ അനുരണനം ചെറുതല്ലെന്നും ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

86-കാരനായ തങ്ങളുടെ പ്രിയപ്പെട്ട നേതാവിന്റെ വിയോഗത്തില്‍ കണ്ണീര്‍ പൊഴിക്കുകയും അലമുറയിട്ട് കരയുകയും ചെയ്ത ലക്ഷക്കണക്കിന് മനുഷ്യരെയാണ് ലോകം കണ്ടത്. ട്രംപിനോ നെതന്യാഹുവിനോ സ്വപ്നത്തില്‍ പോലും സങ്കല്‍പിക്കാന്‍ കഴിയാത്ത നേട്ടമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. താന്‍ ഏതുസമയവും വധിക്കപ്പെടുമെന്ന് ഖമനയി സംശയിച്ചിരുന്നു.

പരലോകം പൂകാനുള്ള തയ്യാറെടുപ്പിലായിരുന്നു അദ്ദേഹമെന്ന് പല സംഭാഷണങ്ങളും വ്യക്തമാക്കുന്നു. ഇറാഖിനും ലിബിയക്കും വന്ന ദുര്‍ഗതി ഇറാന് വരാതിരിക്കാന്‍ കാരണമായത് അദ്ദേഹത്തിന്റെ ചാഞ്ചല്യമില്ലാത്ത നിലപാടായിരുന്നുവെന്നും കെ ടി ജലീല്‍ കുറിച്ചു.

കെ ടി ജലീലിന്റെ ഫേസ്ബുക്ക് കുറിപ്പ്

'ലോകം അൽഭുതം കൂറിയ വിലാപയാത്ര!

നാല് പതിറ്റാണ്ടോളം ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുല്ലാഹ് അലി ഹുസൈനി ഖാംനായിയുടെ ധീര രക്തസാക്ഷിത്വം ഇറാനിലും ലോകമൊട്ടുക്കും ഉണ്ടാക്കിയ അനുരണനം ചെറുതല്ല. ലക്ഷോപലക്ഷം മനുഷ്യരാണ് ഖാംനായ് എന്ന വീരപുരുഷനെ ഒരുനോക്കു കാണാനും യാത്രമൊഴി നൽകാനും ടഹറാനിലും ഇറാനിലെ പ്രധാന നഗരങ്ങളിലും തടിച്ചുകൂടിയത്. 86 കാരനായ തങ്ങളുടെ പ്രിയപ്പെട്ട നേതാവിൻ്റെ വിയോഗത്തിൽ കണ്ണീർ പൊഴിക്കുകയും അലമുറയിട്ട് കരയുകയും ചെയ്ത ലക്ഷക്കണക്കിന് മനുഷ്യരെയാണ് ലോകം കണ്ടത്. ട്രമ്പിനോ നെതന്യാഹുവിനോ സ്വപ്നത്തിൽ പോലും സങ്കൽപിക്കാൻ കഴിയാത്ത നേട്ടം.

1939 ഏപ്രിൽ 19-ന് ഇറാാനിലെ മഷഹദിലാണ് അലി ഖാംനായ് ജനിച്ചത്.

ഇസ്‌ലാമിക പണ്ഡിതൻ കൂടിയായ അദ്ദേഹം ''ആയത്തുല്ലാഹ്" അഥവാ 'മതാധികാരി' എന്ന സ്ഥാനം അലങ്കരിച്ചാണ് ലോകശ്രദ്ധ നേടിയത്. 1979-ലെ അമേരിക്കൻ വിരുദ്ധ ഇസ്ലാമിക വിപ്ലവത്തിന് ഇറാനിൽ നേതൃത്വം നൽകിയ ശേഷം പേർഷ്യൻ ജനതയുടെ കണ്ണിലുണ്ണിയായി അദ്ദേഹം ഉയർന്നു. 1981 മുതൽ 1989 വരെ ഇറാന്റെ മൂന്നാമത്തെ പ്രസിഡന്റായും ആയത്തുള്ളാ ഖാംനായ് സേവനമനുഷ്ഠിച്ചു. ഇറാന്റെ പ്രഥമ പരമോന്നത നേതാവായിരുന്ന ആയത്തുല്ലാഹ് റൂഹുല്ലാഹ് ഖുമൈനിയുടെ മരണത്തെത്തുടർന്ന് 1989 ജൂണിൽ അലി ഖാംനായ് ഇറാന്റെ രണ്ടാമത്തെ പരമോന്നത നേതാവായി നിയോഗിക്കപ്പെട്ടു. ഏകദേശം 36 വർഷങ്ങൾ അദ്ദേഹം ഇറാൻ്റെ മണ്ണു മനസ്സും കവർന്ന് നേതൃപദവിയിൽ വിരാജിച്ചു.

പശ്ചിമേഷ്യയിൽ ഏറ്റവും കൂടുതൽ കാലം ഭരണത്തലവനായിരുന്ന വ്യക്തികളിൽ ഒരാളെന്ന ഖ്യാതി അദ്ദേഹത്തിനു കൂടി അവകാശപ്പെട്ടതാണ്.

ഭരണഘടനയനുസരിച്ച് ഇറാന്റെ സായുധ സേനകളുടെയും ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെയും (IRGC) കമാൻഡർ-ഇൻ-ചീഫായി ഇരിക്കെയാണ് ഖാംനായിയുടെ വീരമൃത്യു. ജനക്ഷേമത്തിനും ഭൗതിക പുരോഗതിക്കും സമാധാനാവശ്യങ്ങൾക്കും ആണവ പദ്ധതികളെ പിന്തുണച്ചിരുന്ന അദ്ദേഹം, വിദേശനയങ്ങളിൽ കടുത്ത അമേരിക്കൻ-ഇസ്രായേൽ വിരുദ്ധ പക്ഷക്കാരനായാണ് അറിയപ്പെട്ടത്. അതിനാൽ തന്നെ അമേരിക്കയും ഇസ്രായേലും കൺകണ്ട ശത്രുവായി അലീ ഖാംനായിയെ കണ്ടു.

ആയത്തുള്ള അലി ഖാംനായ് മഷഹദിലെ മത പാഠശാലകളിലാണ് തൻ്റെ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത്. ചെറുപ്പത്തിൽ തന്നെ അറബി-പേർഷ്യൻ വ്യാകരണങ്ങളും സാഹിത്യവും അദ്ദേഹം സ്വായത്തമാക്കി. പിന്നീട് ലോകത്തെ ഏറ്റവും പ്രശസ്തമായ ഖുമിലും ഇറാഖിലെ നജഫിലുമുള്ള ഇസ്ലാമിക് സർവകലാശാലകളിൽ ഉപരിപഠനം നടത്തി. ഇറാൻ വിപ്ലവത്തിന്റെ നേതാവായ ആയത്തുള്ള റൂഹുള്ള ഖുമൈനിയാണ് അദ്ദേഹത്തിന്റെ പ്രധാന ഗുരുനാഥൻ. കൂടാതെ പ്രശസ്ത തത്വചിന്തകൻ ആയത്തുള്ള തബ്തബഇയുടെ ശിഷ്യത്വവും ഖാംനായ് സ്വീകരിച്ചു.

ദീർഘകാലത്തെ മതപഠനത്തിനും ഗവേഷണങ്ങൾക്കും ഒടുവിലാണ് ഇസ്ലാമിക നിയമങ്ങളിൽ സ്വന്തമായി വിധികൾ പുറപ്പെടുവിക്കാൻ യോഗ്യത നേടുന്ന പണ്ഡിതന്മാർക്ക് നൽകുന്ന'മുജ്തഹിദ്' (ഗവേഷകൻ) എന്ന സ്ഥാനം ഖാംനായിക്ക് ലഭിച്ചത്. ഇതോടെ അദ്ദേഹം 'ആയത്തുള്ള' എന്ന് അറിയപ്പെടാൻ തുടങ്ങി. ഇസ്ലാമിക ചിന്ത, മുസ്ലിം ചരിത്രം, ഖുർആൻ വ്യാഖ്യാനം, വിപ്ലവ സിദ്ധാന്തങ്ങൾ, തുടങ്ങിയ ആശയങ്ങളുമായി ബന്ധപ്പെട്ട നിരവധി പുസ്തകങ്ങൾ രചിച്ച അലി ഖാംനായ്, ഒട്ടനവധി ഗ്രന്ഥങ്ങൾ അറബിയിൽ നിന്ന് പേർഷ്യനിലേക്ക് പരിഭാഷപ്പെടുത്തുകയും ചെയ്തു. 'ഖുർആനിലെ ഇസ്ലാമിക ചിന്തയുടെ രൂപരേഖ', 'ക്ഷമയെ കുറിച്ചുള്ള പ്രഭാഷണം', 'ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ മുസ്ലിങ്ങളുടെ പങ്ക്', തുടങ്ങി ഒട്ടേറെ കൃതികൾ അദ്ദേഹത്തിൻ്റേതായി പുറത്തു വന്നു. ഇറാനിലും ഇറാനു പുറത്തും രാഷ്ട്രീയമായും മതപരമായും വലിയ സ്വാധീനമുള്ള വ്യക്തിയാണ് അലി ഖാംനായ്.

1989-ൽ ആയത്തുള്ള ഖുമൈനിയുടെ മരണശേഷം ഇറാന്റെ ആത്മീയ ആചാര്യനും ഭരണരംഗത്തെ പരമോന്നത നേതാവുമായി അദ്ദേഹം നിയോഗിക്കപ്പെട്ടു. ഇറാന്റെ സൈന്യം, വിദേശനയം, ജുഡീഷ്യറി എന്നിവയുടെ അന്തിമ അധികാരം മൂന്നു പതിറ്റാണ്ടിലധികം ഖാംനായിയുടെ കൈകളിൽ ഭദ്രമായിരുന്നു.

അലി ഖാംനായിയുടെ വിലാപയാത്രയിൽ പങ്കെടുത്തത് ദശലക്ഷക്കണക്കിന് ആളുകളാണ്. സ്ത്രീകളും പുരുഷൻമാരും ചെറുപ്പക്കാരും ഒരുപോലെ അണിനിരന്ന വിലാപയാത്രക്ക് സമാനമായ ഒരു യാത്രാമൊഴി മരണാനന്തരം മറ്റൊരാൾക്കും ലോകത്ത് ലഭിച്ചിട്ടുണ്ടാവില്ല. ടെഹ്‌റാനിലെ പ്രശസ്തമായ അസാദി (സ്വാതന്ത്ര്യ) സ്ക്വയർ മുതൽ കിലോമീറ്ററുകൾ ദൂരം ജനങ്ങളാൽ നിറഞ്ഞുകവിഞ്ഞു.

സാധാരണ വിലാപയാത്രകളിൽ നിന്ന് വ്യത്യസ്തമായി, ജനക്കൂട്ടം വലിയ തോതിൽ വികാരാധീനരായാണ് കാണപ്പെട്ടത്. അന്ത്യയാത്രയിൽ അവർ നെഞ്ചത്തടിച്ചു കരയുകയും, തങ്ങളുടെ നേതാവിൻ്റെ മരണത്തിന് കാരണക്കാരായ അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്, ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു എന്നിവർക്കെതിരെ കടുത്ത മുദ്രാവാക്യങ്ങൾ വിളിക്കുകയും ചെയ്തു. ജനങ്ങൾ ഖാംനായിയുടെ ഭൗതികശരീരം വഹിച്ചുകൊണ്ടുള്ള വാഹനത്തിൽ തൊട്ട് അനുഗ്രഹം തേടാൻ തിരക്ക് കൂട്ടി.

ജനത്തിരക്കും കടുത്ത ചൂടും നിയന്ത്രിക്കാൻ ഫയർഫോഴ്സ് വാഹനങ്ങളിൽ നിന്ന് ജനക്കൂട്ടത്തിനു മേൽ വെള്ളം തളിക്കേണ്ട സാഹചര്യം വരെ ഉണ്ടായി. അലി ഖാംനായിയുടെ സംസ്കാര ചടങ്ങിലേക്ക് ഭൂരിപക്ഷം രാജ്യങ്ങളും ഔദ്യോഗിക പ്രതിനിധി സംഘങ്ങളെ അയച്ചു. ഇന്ത്യയെ പ്രതിനിധീകരിച്ച് കേന്ദ്ര സഹമന്ത്രി പബിത്ര മാർഗര, ബീഹാർ ഗവർണർ സയ്യിദ് അതാ ഹസ്‌നൈൻ എന്നിവരാണ് പങ്കെടുത്തത്.

khamenei
ആയത്തുള്ള അലി ഖമനയി

ചൈനയിൽ നിന്നുള്ള ഉയർന്ന നയതന്ത്ര പ്രതിനിധി സംഘവും ചടങ്ങിനെത്തി. റഷ്യ, അഫ്ഗാനിസ്ഥാൻ, നമീബിയ, തുർക്മെനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്നും ഔദ്യോഗിക നയതന്ത്ര സംഘങ്ങൾ ടെഹ്‌റാനിലെ ഗ്രാൻഡ് മൊസല്ലയിൽ വന്ന് അന്ത്യോപചാരം അർപ്പിച്ചു. ആറ് ദിവസം നീണ്ടുനിൽക്കുന്ന വിലാപയാത്രകൾക്ക് ശേഷം, അലി ഖാംനായിയുടെ ജന്മസ്ഥലമായ മഷ്ഹദിലെ വിശുദ്ധമായ ഇമാം റെസ മസ്ജിദിലാണ് ജൂലൈ ഒൻപതിന് ഭൗതികശരീരം ഖബറടക്കുക.

ജോർദാനിലെ റോയൽ ഇസ്ലാമിക് സ്ട്രാറ്റജിക് സ്റ്റഡീസ് സെന്റർ വർഷം തോറും പുറത്തിറക്കുന്ന "The Muslim 500" (ലോകത്തെ ഏറ്റവും സ്വാധീനമുള്ള 500 മുസ്ലിങ്ങൾ) എന്ന പട്ടികയിൽ മുൻനിരയിൽ പലതവണ അദ്ദേഹം ഇടംപിടിച്ചു.

അമേരിക്ക, ഇസ്രായേൽ തുടങ്ങിയ പാശ്ചാത്യ ശക്തികൾക്കെതിരെയുള്ള കർശനമായ നിലപാടുകൾ കാരണം ലോകമെമ്പാടുമുള്ള പാശ്ചാത്യവിരുദ്ധ, സാമ്രാജ്യത്വ വിരുദ്ധ ചേരികളിൽ അദ്ദേഹം ശക്തനായ പോരാളിയായാണ് അംഗീകരിക്കപ്പെടുന്നത്. എല്ലാ അന്തർദേശീയ മര്യാദകളും ലംഘിച്ച് 2026 ഫെബ്രുവരി 28-ന് ടെഹ്‌റാനിൽ ഇസ്രായേലും അമേരിക്കയും നടത്തിയ സംയുക്ത വ്യോമാക്രമണത്തിൽ അലി ഖാംനായ് അതിനിഷ്ഠൂരമായി കൊല്ലപ്പെട്ടു.

തുടർന്ന് അദ്ദേഹത്തിന്റെ മകനായ മുജ്തബ ഖാംനായ് പുതിയ പരമോന്നത നേതാവായി അവരോധിതനായി.

ഇറാന്റെ സഖ്യരാജ്യങ്ങളും മറ്റ് വിപ്ലവ പ്രസ്ഥാനങ്ങളും അദ്ദേഹത്തെ ശക്തനായ രാഷ്ട്രതന്ത്രജ്ഞനായും സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തിന്റെ പ്രതീകമായുമാണ് കാണുന്നത്. റഷ്യൻ പ്രസിഡണ്ട് വ്ളാദിമിർ പുടിൻ ഖാംനായിയുടെ കൊലപാതകത്തെ "അന്താരാഷ്ട്ര നിയമങ്ങളുടെയും മാനവികതയുടെയും നഗ്നമായ ലംഘനം" എന്നാണ് വിശേഷിപ്പിച്ചത്. റഷ്യ-ഇറാൻ ബന്ധം ശക്തമാക്കുന്നതിൽ ഖാംനായി നൽകിയ സംഭാവനകളെ പ്രശംസിച്ച അദ്ദേഹം, ഖാംനായിയെ മികച്ചൊരു രാഷ്ട്രതന്ത്രജ്ഞനായും അനുസ്മരിച്ചു.

ചൈനീസ് വിദേശകാര്യ മന്ത്രാലയം അമേരിക്കൻ-ഇസ്രായേൽ സംയുക്ത ആക്രമണത്തെ ശക്തമായി അപലപിക്കുകയും ഇറാന്റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമായി അതിനെ കാണുകയും ചെയ്തു. പാലസ്തീൻ ജനതയ്ക്കും അവിടുത്തെ പ്രതിരോധത്തിനും രാഷ്ട്രീയവും സൈനികവുമായ എല്ലാ പിന്തുണയും നൽകിയ മഹാനായ നേതാവിനെയാണ് ഖാംനായിയുടെ അന്ത്യത്തിലൂടെ നഷ്ടമായത്.

അലിഖാംനായിയുടെ മയ്യത്ത് സംസ്കാര ചടങ്ങിലേക്ക് നൂറോളം രാജ്യങ്ങളാണ് ഔദ്യോഗിക പ്രതിനിധി സംഘങ്ങളെ അയച്ചത്. ഇന്ത്യയെ പ്രതിനിധീകരിച്ച് കേന്ദ്ര സഹമന്ത്രി പബിത്ര മാർഗര, ബീഹാർ ഗവർണർ സയ്യിദ് അതാ ഹസ്‌നൈൻ എന്നിവർ പങ്കെടുത്തു. ഇന്ത്യയുടെ എക്കാലത്തെയും നല്ല സുഹൃത്താണ് ഇറാൻ. റഷ്യ, അഫ്ഗാനിസ്ഥാൻ, നമീബിയ, തുർക്മെനിസ്ഥാൻ തുടങ്ങി ഒട്ടുമിക്ക രാജ്യങ്ങളിൽ നിന്നും ഔദ്യോഗിക നയതന്ത്ര സംഘങ്ങൾ ടെഹ്‌റാനിലെ ഗ്രാൻഡ് മൊസല്ലയിൽ എത്തി അന്ത്യോപചാരം അർപ്പിച്ചു. ആറ് ദിവസം നീണ്ടുനിന്ന വിലാപയാത്രകൾക്ക് ശേഷം, അലി ഖാംനായിയുടെ ജന്മസ്ഥലമായ മഷ്ഹദിലെ വിശുദ്ധമായ ഇമാം റെസ മസ്ജിദിലാണ് ഭൗതികശരീരം ഔദ്യോഗികമായി ഖബറടക്കുക.

താൻ ഏതുസമയവും വധിക്കപ്പെടുമെന്ന് അലി ഖാനായ് സംശയിച്ചിരുന്നു. പരലോകം പൂകാനുള്ള തയ്യാറെടുപ്പിലായിരുന്നു അദ്ദേഹമെന്ന് പല സംഭാഷണങ്ങളും വ്യക്തമാക്കുന്നു. ഇറാഖിനും ലിബിയക്കും വന്ന ദുർഗതി ഇറാനു വരാതിരിക്കാൻ കാരണമായത് അദ്ദേഹത്തിൻ്റെ ചാഞ്ചല്യമില്ലാത്ത നിലപാടായിരുന്നു. അല്ലായിരുന്നെങ്കിൽ സദ്ദാം ഹുസൈൻ്റെയും മുഅമ്മർ ഗദ്ദാഫിയുടെയും അവസ്ഥ അലി ഖാംനായ്ക്കും വരുമായിരുന്നു. ആണവ ശക്തിയാകാനുള്ള ശ്രമങ്ങൾ ഇറാഖോ ലിബിയയോ നടത്തിയിരുന്നെങ്കിൽ ആഭ്യന്തര കലാപത്തിലൂടെ അവർ നിഷ്കരുണം പുറത്താക്കപ്പെട്ട് കൊലക്കത്തിക്ക് ഇരയാകുമായിരുന്നില്ല. മുള്ളിനെ മുള്ള് കൊണ്ടേ എടുക്കാനൊക്കൂ. വെട്ടുന്ന പോത്തുകളോട് വേദമോതിയിട്ട് എന്തു കാര്യം? മര്യാദക്കാരോടല്ലേ മര്യാദ പറ്റൂ! മനക്കരുത്തിൻ്റെയും ധീരതയുടെയും സാമ്രാജ്യത്വ വിരുദ്ധതയുടെയും ജീവൽ പ്രതീകമായ രക്തസാക്ഷികളെ, നിങ്ങൾക്കു സലാം''

Content Highlights:K T Jaleel Says World Was Amazed by Ayatollah Ali Khamenei's Funeral Procession

dot image
To advertise here,contact us
dot image