വയനാട് മണ്ണിടിച്ചിൽ; 'കരാർ കമ്പനിയോട് മണ്ണ് മാറ്റാൻ ആവശ്യപ്പെട്ടിരുന്നു, വീഴ്ച വരുത്തിയവർക്കെതിരെ കർശന നടപടി'

അപകടകരമായ സാഹചര്യമാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നുവെന്നും മന്ത്രി പി കെ ബഷീർ റിപ്പോര്‍ട്ടറിനോട് പറഞ്ഞു

വയനാട് മണ്ണിടിച്ചിൽ; 'കരാർ കമ്പനിയോട് മണ്ണ് മാറ്റാൻ ആവശ്യപ്പെട്ടിരുന്നു, വീഴ്ച വരുത്തിയവർക്കെതിരെ കർശന നടപടി'
dot image

തിരുവനന്തപുരം: വയനാട് തുരങ്കപാത നിര്‍മ്മാണ മേഖലയില്‍ മണ്ണടിച്ചിലിനെത്തുടര്‍ന്നുണ്ടായ ദുരന്തത്തില്‍ പ്രതികരിച്ച് പൊതുമരാമത്ത് മന്ത്രി പി കെ ബഷീര്‍. വീഴ്ച വരുത്തിയവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്ന് മന്ത്രി റിപ്പോര്‍ട്ടറിനോട് പറഞ്ഞു. കരാര്‍ കമ്പനിയോട് പലതവണ മണ്ണ് മാറ്റാന്‍ ആവശ്യപ്പെട്ടതാണ്. അപകടകരമായ സാഹചര്യമാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നുവെന്നും മന്ത്രി റിപ്പോര്‍ട്ടറിനോട് പറഞ്ഞു.

'നിര്‍മാണത്തിന്റെ മേല്‍നോട്ട ചുമതല കൊങ്കണ്‍ റെയില്‍വേയ്ക്കാണ്. കേന്ദ്ര പരിസ്ഥിതി മന്ത്രാലയമാണ് ഇതിന് പച്ചക്കൊടി കാണിച്ചത്. എന്ത് അടിസ്ഥാനത്തിലാണ പച്ചക്കൊടി നൽകിയതെന്ന് അറിയില്ല. ടണലിന്റെ പ്രവൃത്തി നടക്കുമ്പോഴുണ്ടാകുന്ന ഭീതിജനകമായ അവസ്ഥ മുന്‍കൂട്ടി കണ്ടിരുന്നു. കൊങ്കണ്‍ റെയില്‍വേ ഉദ്യോഗസ്ഥരെയും വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലാ കളക്ടര്‍മാരെയുള്‍പ്പെടെ വെച്ച് മീറ്റിംഗ് നടത്തിയിരുന്നു. ജൂലൈ ഒന്നാം തീയതി മുതല്‍ നിര്‍മാണം നിര്‍ത്തിവെയ്ക്കണമെന്ന് പറഞ്ഞതാണ്. കമ്പനിയുടെ വീഴ്ചയാണ്. വയനാടിന്റെ സാഹചര്യം എല്ലാവര്‍ക്കുമറിയാവുന്നതല്ലേ', അദ്ദേഹം പറഞ്ഞു.

മണ്ണ് നീക്കം ചെയ്യണമെന്ന് നിര്‍ദേശിച്ചിരുന്നുവെന്നും എന്നാല്‍ കരാറുകാര്‍ മണ്ണ് നീക്കം ചെയ്തിരുന്നില്ലെന്നും ദുരന്തത്തിന് പിന്നാലെ മുഖ്യമന്ത്രി വി ഡി സതീശനും പ്രതികരിച്ചിരുന്നു. ഇതാണ് അപകടത്തിന് കാരണമായത്. ദൗര്‍ഭാഗ്യകരമായ ദുരന്തമാണ് ഉണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

അശാസ്ത്രീയമായി മണ്ണ് കൂട്ടിയിട്ടതാണ് അപകട കാരണമെന്ന് മന്ത്രി ടി സിദ്ദിഖും പറഞ്ഞിരുന്നു. പ്രകൃതിദുരന്തമല്ല, മനുഷ്യനിര്‍മ്മിത ദുരന്തമാണ് സംഭവിച്ചതെന്നും മന്ത്രി പറഞ്ഞിരുന്നു. അശാസ്ത്രീയമായി മണ്ണ് കൂട്ടിയിടരുതെന്ന് നിര്‍മ്മാണ കമ്പനിക്ക് നിര്‍ദേശം നല്‍കിയിരുന്നു. നിര്‍ദേശം പാലിക്കാത്തതില്‍ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു.

വയനാട് കളളാടിയില്‍ തുരങ്കപാതയ്ക്ക് സമീപം രാവിലെ പത്തുമണിയോടെയാണ് മണ്ണിടിച്ചിലുണ്ടായത്. അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചതായാണ് ഔദ്യോഗിക വിവരം. നിരവധി പേര്‍ മണ്ണിനടിയില്‍ കുടുങ്ങി കിടക്കുന്നുണ്ട്. ഒമ്പത് പേരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി. ഹിര കുമാര്‍ (32), ദിലീപ് (19), സൂരജ് യാദവ് (25), സഞ്ജയ് താക്കൂര്‍ (35), രജനീഷ് (27), തന്മയ് ഘോഷ് (28), കൂപമാല്‍ (ജയ) (37), കുഞ്ചു (39), സന്തോഷ് കുമാര്‍ എന്നിവരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.

ഫയര്‍ഫോഴ്സും എന്‍ഡിആര്‍എഫ് സംഘങ്ങളും സ്ഥലത്തുണ്ട്. പ്രദേശത്ത് ഇന്നലെ രാത്രിയും ഇന്ന് രാവിലെയും കനത്ത മഴ പെയ്തിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ 265 മില്ലീമീറ്റര്‍ കനത്ത മഴയാണ് പ്രദേശത്ത് രേഖപ്പെടുത്തിയത്. ചൂരല്‍മല പുഴയില്‍ ഒഴുക്കും വര്‍ധിച്ചിരുന്നു.

Content Highlights: PK Basheer Warns of Strict Action Against Those Responsible for Lapses at wayanad lanslide

dot image
To advertise here,contact us
dot image