

അഗർത്തല: ത്രിപുരയിലെ എല്ലാ സ്‌കൂളുകളിലും ദേശീയഗാനത്തോടൊപ്പം വന്ദേമാതരത്തിന്റെ പൂർണ്ണരൂപം ആലപിക്കുന്നത് നിര്‍ബന്ധമാക്കി ബിജെപി സര്‍ക്കാര്‍. മുഖ്യമന്ത്രി മണിക് സാഹയാണ് വന്ദേമാതരം കര്‍ശനമാക്കിയ കാര്യം അറിയിച്ചത്. ഇന്ത്യയുടെ ദേശീയ ഗീതമായ വന്ദേമാതരത്തോടുള്ള ആദരവിന്റെ ഭാഗമായി ആഭ്യന്തര മന്ത്രാലയം സമഗ്രമായ നിര്‍ദേശങ്ങള്‍ പുറത്തിറക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. ത്രിപുര മുഖ്യമന്ത്രിയുടെ ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യങ്ങള്‍ അറിയിച്ചത്.
വിദ്യാഭ്യാസ മേഖലയില്‍ നിര്‍ദേശിച്ച പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കണമെന്നും അദേഹം വ്യക്തമാക്കി.സംസ്ഥാന സർക്കാരിൻ്റെ കീഴിൽ പ്രവര്‍ത്തിക്കുന്ന എല്ലാ സര്‍ക്കാര്‍, സര്‍ക്കാര്‍-എയ്ഡഡ്, സ്വകാര്യ മാനേജ്മെന്റ് സ്‌കൂളുകളിലും, സര്‍ക്കാര്‍-എയ്ഡഡ്, അണ്‍-എയ്ഡഡ് അംഗീകൃത മദ്രസകളിലും ഈ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഏകീകൃതമായി നടപ്പിലാക്കാണമെന്നാണ് നിര്‍ദേശം.
എല്ലാ സ്‌കൂളുകളുടെയും ദൈനംദിന അക്കാദമിക് ദിനചര്യകള്‍ ദേശീയ ഗീതമായ 'വന്ദേ-മാതരം' ആലപിച്ചുകൊണ്ട് ഔദ്യോഗികമായി ആരംഭിക്കണമെന്നാണ് ഉത്തരവില്‍ വ്യക്തമാക്കുന്നത്. 'ജൂണ്‍ 25ന് നടന്ന ത്രിപുര മന്ത്രിമാരുടെ കൗണ്‍സിലിന്റെ തീരുമാനപ്രകാരമാണ് പുതിയ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlights: The BJP-led Tripura government has introduced a directive making the singing of Vande Mataram compulsory in schools across the state. The decision applies to all educational institutions.