

കോഴിക്കോട്: വയനാട് തുരങ്കപാത നിര്‍മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിലില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ വേര്‍പാടില്‍ ദുഖം രേഖപ്പെടുത്തി സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും ബേപ്പൂര്‍ എംഎല്‍എയുമായ പി എ മുഹമ്മദ് റിയാസ്. പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെ എന്നും അദ്ദേഹം പറഞ്ഞു. രക്ഷാപ്രവര്‍ത്തനം ഒരു നിമിഷം പോലും പാഴാക്കാതെ തുടരുകയാണ് ഇപ്പോഴത്തെ ഏറ്റവും വലിയ ഉത്തരവാദിത്തം. ഈ ഘട്ടത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് എല്ലാവരും പിന്തുണ നല്‍കണമെന്നും റിയാസ് വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
രാഷ്ട്രീയ നേട്ടം ലക്ഷ്യമിട്ടുള്ള അപക്വ പ്രസ്താവനകള്‍ക്കും വകുപ്പുകള്‍ തമ്മിലുള്ള പരസ്പര പഴിചാരലുകള്‍ക്കുമുള്ള സമയമല്ല ഇപ്പോഴെന്ന് മന്ത്രിമാര്‍ ഉള്‍പ്പടെ തിരിച്ചറിയണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സര്‍ക്കാരിന്റെ ഭാഗത്ത് വീഴ്ചകളുണ്ടായോ? മുന്നറിയിപ്പുകള്‍ എങ്ങനെ കൈകാര്യം ചെയ്തു? സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചോ? എന്നതെല്ലാം തീര്‍ച്ചയായും പിന്നീട് ചര്‍ച്ച ചെയ്യണം. അതിനുള്ള അവകാശം ഓരോ പൗരനുമുണ്ട്. എന്നാല്‍ അതിനുള്ള സമയം ഇപ്പോള്‍ത്തന്നെയാണെന്ന് കരുതുന്നില്ലെന്നും പോസ്റ്റില്‍ പറയുന്നു.
ദുരന്തത്തെ രാഷ്ട്രീയ ആയുധമാക്കി, നിലവിലെ വീഴ്ചകളില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാനുള്ള ബോധപൂര്‍വമായ ശ്രമമാണ് ചില യുഡിഫ് കേന്ദ്രങ്ങള്‍ നടത്തുന്നതെന്ന ആരോപണവും റിയാസ് ഉന്നയിച്ചു. സോഷ്യല്‍ മീഡിയയിലൂടെ തെറ്റായ പ്രചരണങ്ങള്‍ നടത്തി ദുരന്തത്തെ രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കാന്‍ ശ്രമിക്കുന്ന ഇത്തരം കേന്ദ്രങ്ങളുടെ നിലപാട് അത്യന്തം പ്രതിഷേധാര്‍ഹമാണ്. രക്ഷാപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായ ശേഷം ദുരന്തവുമായി ബന്ധപ്പെട്ട എല്ലാ വീഴ്ചകളും വസ്തുതകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തില്‍ കൃത്യമായി പരിശോധിക്കാമെന്നും ഫേസ്ബുക് പോസ്റ്റില്‍ മുഹമ്മദ് റിയാസ് പറഞ്ഞു.
Content Highlights: Mohammed Riyas has alleged that certain UDF leaders are attempting to politicise the disaster through misleading social media campaigns. He maintained that the immediate priority should remain the ongoing rescue operations and said any shortcomings related to the incident should be examined objectively after the emergency response is completed.