ബഹ്‌റൈനിലേക്ക് മയക്കുമരുന്ന് കടത്താന്‍ ശ്രമം; ഇന്ത്യന്‍, തായ് പൗരന്മാര്‍ക്കെതിരെ വിചാരണ തുടങ്ങി

'ഡെഡ് ഡ്രോപ്പ്' രീതി ഉപയോഗിച്ചാണ് മയക്കുമരുന്ന് വിതരണത്തിനായുള്ള കാര്യങ്ങള്‍ നടന്നത്

ബഹ്‌റൈനിലേക്ക് മയക്കുമരുന്ന് കടത്താന്‍ ശ്രമം; ഇന്ത്യന്‍, തായ് പൗരന്മാര്‍ക്കെതിരെ വിചാരണ തുടങ്ങി
dot image

ബഹ്‌റൈനിലേക്ക് കഞ്ചാവും മറ്റ് മയക്കുമരുന്നുകളും കടത്താന്‍ ശ്രമിച്ചെന്ന കേസില്‍ ഇന്ത്യന്‍, തായ് പൗരന്മാര്‍ക്കെതിരെ ബഹ്‌റൈന്‍ കോടതി വിചാരണ ആരംഭിച്ചു. 2025-ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇരുവരെയും പ്രതിചേർത്തിരുന്നത്. 31കാരനായ തായ് പൗരനെതിരെ കഞ്ചാവ് കൈവശം വച്ചെന്ന കുറ്റത്തിനാണ് കേസ് എടുത്തിരിക്കുന്നത്. ഇയാള്‍ ഒന്നാം പ്രതിയാണ്. 29-കാരനായ ഇന്ത്യന്‍ പൗരനെതിരെ കഞ്ചാവ്, ഹാഷിഷ്, പ്രോസസ്ഡ് ഹാഷിഷ്, കൊക്കെയ്ന്‍ എന്നിവ കൈവശം വയ്ക്കല്‍, വില്‍പ്പന, കടത്ത് എന്നിവയ്ക്കും സൈക്കോട്രോപിക് പദാര്‍ഥമായ മെത്താംഫെറ്റാമൈന്‍ കൈവശം വെച്ചതിനും ഉപയോഗിച്ചു എന്നുമുള്ള കുറ്റങ്ങള്‍ക്കുമാണ് കേസ് എടുത്തിരിക്കുന്നത്. ഇയാള്‍ രണ്ടാം പ്രതിയാണ്.

ബാങ്കോക്കില്‍ നിന്ന് ബഹ്‌റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ഒരു സ്യൂട്ട്കേസില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നിയതോടെയാണ് കേസ് ആരംഭിച്ചത്. എക്സ്-റേ പരിശോധന നടത്തിയപ്പോള്‍ സ്യൂട്ട്‌കേസിനുള്ളില്‍ വിഘടിച്ചതും ഉയര്‍ന്ന സാന്ദ്രതയുളള വസ്തുക്കള്‍ കണ്ടെത്തി. തുടര്‍ന്ന് റെഡ് ചാനലില്‍ നടത്തിയ പരിശോധനയില്‍ ഭക്ഷ്യവസ്തുക്കളുടെ പാക്കറ്റുകള്‍ക്കുള്ളില്‍ ഒളിപ്പിച്ച നിലയില്‍ ഏകദേശം 3.35 കിലോഗ്രാം കഞ്ചാവ് കണ്ടെത്തിയത്. ഒന്നാം പ്രതിയെ ചോദ്യം ചെയ്തതില്‍ നിന്ന് ഒരു മെസേജിംഗ് ആപ്പ് വഴി പരിചയപ്പെട്ട ഒരു തായ് വനിതയുമായുള്ള മുന്‍കൂര്‍ കരാര്‍ പ്രകാരം കഞ്ചാവ് ബഹ്‌റൈനിലെത്തിച്ച് മറ്റൊരാള്‍ക്ക് കൈമാറാനാണ് എത്തിയതെന്ന് സമ്മതിച്ചു. വിമാനത്താവളത്തില്‍ നിന്ന് പുറത്തുകടന്ന ശേഷം ഇയാള്‍ തായ് സ്ത്രീയുമായി ബന്ധപ്പെടുകയും അവര്‍ വാടകയ്ക്ക് എടുത്ത ഒരു അപ്പാര്‍ട്ട്‌മെന്റിലേക്ക് അയാളെ കൊണ്ടുപോകുകയും ചെയ്തതായി അന്വേഷണത്തില്‍ വ്യക്തമായി.

ബഹ്റൈനിനകത്തും പുറത്തുമുള്ള വ്യക്തികളെ ഉള്‍പ്പെടുത്തി 'ഡെഡ് ഡ്രോപ്പ്' രീതി ഉപയോഗിച്ച് ഒരു ഓര്‍ഗനൈസ്ഡ് നെറ്റ് വര്‍ക്കിലൂടെയാണ് മയക്കുമരുന്ന് വിതരണത്തിനായുള്ള കാര്യങ്ങള്‍ നടന്നതെന്നും അന്വേഷണത്തില്‍ കണ്ടെത്തി. തുടര്‍ന്ന് ഇന്ത്യന്‍ പ്രതിയെ തിരിച്ചറിയുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇയാളെയും ഇയാളുടെ വാഹനത്തിലും താമസസ്ഥലത്തും നടത്തിയ പരിശോധനയില്‍ പ്രോസസ്ഡ് ഹാഷിഷ്, മെത്താംഫെറ്റാമൈന്‍, കൊക്കെയ്ന്‍, മയക്കുമരുന്ന് എന്നിവ കണ്ടെത്തി. കൂടാതെ മയക്കുമരുന്ന് കടത്ത് വഴി ലഭിച്ച പണവും കണ്ടെത്തി. രാജ്യത്തിനകത്തും പുറത്തുമുള്ള ആളുകളെ ഉപയോഗിച്ചുകൊണ്ട് മയക്കുമരുന്ന് കടത്ത്, പാക്കേജിങ്, വിതരണം എന്നിങ്ങനെയുള്ള കാര്യങ്ങള്‍ ഒരു നെറ്റ് വര്‍ക്ക് പോലെയാണ് പ്രവര്‍ത്തിക്കുന്നത് എന്ന് അന്വേഷണങ്ങള്‍ വ്യക്തമാക്കുന്നു.

Content Highlight: An Indian and a Thai national are facing legal proceedings in Bahrain in connection with a case under investigation by the authorities

dot image
To advertise here,contact us
dot image