'മേലുദ്യോഗസ്ഥൻ്റെ വ്യക്തിവൈരാഗ്യം, വിരമിച്ചിട്ടും ആനുകൂല്യങ്ങളില്ല'; പരാതിയുമായി കൃഷിവകുപ്പിലെ മുൻ ജീവനക്കാരൻ

കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലാണ് മുന്നോട്ട് പോകുന്നതെന്നും രാജീവ് പറയുന്നു

'മേലുദ്യോഗസ്ഥൻ്റെ വ്യക്തിവൈരാഗ്യം, വിരമിച്ചിട്ടും ആനുകൂല്യങ്ങളില്ല'; പരാതിയുമായി കൃഷിവകുപ്പിലെ മുൻ ജീവനക്കാരൻ
dot image

തിരുവനന്തപുരം: വിരമിച്ച് രണ്ട് വര്‍ഷം കഴിഞ്ഞിട്ടും ആനുകൂല്യങ്ങള്‍ ലഭിക്കാതെ കൃഷിവകുപ്പിലെ മുന്‍ ജീവനക്കാരന്‍. രണ്ട് വര്‍ഷത്തോളമായി ഓഫീസുകള്‍ കയറി ഇറങ്ങുകയാണ് ആനയറ സ്വദേശി രാജീവ്. ആനയറ വേള്‍ഡ് മാര്‍ക്കറ്റില്‍ പെര്‍മനന്റ് ലേബര്‍ ആയാണ് രാജീവ് വിരമിച്ചത്.

മേലുദ്യോഗസ്ഥന്റെ വ്യക്തിവൈരാഗ്യം മൂലം ദുരിതം നേരിടുന്നുവെന്നാണ് രാജീവിന്റെ പരാതി. 2013 ന് ശേഷം നിയമിക്കപ്പെട്ടവരുടെ കാഷ്വല്‍ സര്‍വീസ് പരിഗണിക്കേണ്ട എന്ന ഉത്തരവ് 2005-ല്‍ സ്ഥിരപ്പെട്ട രാജീവന്റെ കാര്യത്തില്‍ പ്രയോഗിച്ചു. തുടര്‍ന്ന് രാജീവിന്റെ സര്‍വീസിലെ രണ്ട് ഹയര്‍ ഗ്രേഡ് വെട്ടിക്കുറച്ച് 5 ലക്ഷം രൂപ തിരിച്ചടയ്ക്കാന്‍ കൃഷിവകുപ്പ് ഉത്തരവിടുകയായിരുന്നു.

ട്രൈബ്യൂണല്‍ വിധിപ്രകാരം ഒരു ലക്ഷം രൂപ കുറച്ചു കിട്ടി. അടിയന്തരമായി വിരമിക്കല്‍ ആനുകൂല്യം അനുവദിക്കാനും ട്രൈബ്യൂണല്‍ ഉത്തരവിട്ടു. ആനുകൂല്യം അനുവദിക്കണമെന്ന് കൃഷിവകുപ്പ് ഡയറക്ടറുടെ ഉത്തരവും നടപ്പിലായില്ല. കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലാണ് മുന്നോട്ട് പോകുന്നതെന്നും രാജീവ് പറയുന്നു. നടപടി പൂര്‍ണമായി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് രാജീവ്.

'എന്നും ഓഫീസില്‍ കയറിയിറങ്ങി നടക്കുകയാണ്. സാമ്പത്തികമായി തകര്‍ന്നുപോയി. എന്റെ ഫയല്‍ എട്ടോളം മേലുദ്യോഗസ്ഥര്‍ കണ്ടു. എന്നിട്ടും അവഗണിക്കുകയാണ്. മുഖ്യമന്ത്രിക്കും കൃഷിവകുപ്പിനും പരാതി നല്‍കിയിട്ടുണ്ട്. അടിയന്തര ഇടപെടല്‍ നടത്താമെന്ന് കൃഷിമന്ത്രി പറഞ്ഞിട്ടുണ്ട്. രണ്ട് വര്‍ഷമായി എന്നെയിട്ട് ബുദ്ധിമുട്ടിച്ചു. എനിക്ക് നഷ്ടപരിഹാരം വേണമെന്നും രാജീവ് ആവശ്യപ്പെട്ടു.

Content Highlights: Former Agriculture Department Employee Yet to Receive Retirement Benefits Two Years After Retirement

dot image
To advertise here,contact us
dot image