320km പിന്നിടാന്‍ വെറും 1 മണിക്കൂർ: ഇന്ത്യയുടെ ബുള്ളറ്റ് ട്രെയിൻ പദ്ധതി യാഥാർത്ഥ്യത്തിലേക്ക്

മണിക്കൂറിൽ 350 കിലോമീറ്റർ വരെ വേഗതയിൽ സഞ്ചരിക്കാൻ തക്കവണ്ണമാണ് ട്രെയിനുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്

320km പിന്നിടാന്‍ വെറും 1 മണിക്കൂർ: ഇന്ത്യയുടെ  ബുള്ളറ്റ് ട്രെയിൻ പദ്ധതി യാഥാർത്ഥ്യത്തിലേക്ക്
dot image

ന്യൂഡൽഹി: രാജ്യത്തെ ആദ്യ അതിവേഗ റെയിൽ ഇടനാഴിയായ മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ 80 ശതമാനം ജോലികളും പൂർത്തിയായതായി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. പദ്ധതി നിശ്ചിത സമയത്തിനുള്ളിൽ തന്നെ പൂർത്തിയാക്കുമെന്നും നിർമ്മാണപ്രവർത്തനങ്ങൾ അതിവേഗത്തിലാണ് പുരോഗമിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. പദ്ധതിയുടെ ആദ്യഘട്ടമായ സൂറത്ത് - ബില്ലിമോറ സർവീസ് 2027-ൽ യാത്രാസജ്ജമാകുമെന്നും മന്ത്രി വ്യക്തമാക്കി.

ആദ്യഘട്ടത്തിന് ശേഷം വാപി, അഹമ്മദാബാദ്, ഒടുവിൽ മുംബൈ എന്നിങ്ങനെ വിവിധ ഘട്ടങ്ങളായി പദ്ധതി വ്യാപിപ്പിക്കും. ഇതോടെ ലോകോത്തര റെയിൽ ശൃംഖലയെന്ന ഇന്ത്യയുടെ സ്വപ്നം യാഥാർത്ഥ്യമാകും. മണിക്കൂറിൽ 350 കിലോമീറ്റർ വരെ വേഗതയിൽ സഞ്ചരിക്കാൻ തക്കവണ്ണമാണ് ഈ ഇടനാഴിയിലെ ബുള്ളറ്റ് ട്രെയിനുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. എന്നാൽ ഇവയുടെ സർവീസ് വേഗത മണിക്കൂറിൽ 320 കിലോമീറ്റർ ആയിരിക്കും. പദ്ധതി പൂർണ്ണ സജ്ജമാകുന്നതോടെ രാജ്യത്തെ പ്രധാന സാമ്പത്തിക കേന്ദ്രങ്ങളായ മുംബൈയും അഹമ്മദാബാദും തമ്മിലുള്ള 508 കിലോമീറ്റർ ദൂരത്തിന്റെ യാത്രാസമയം വെറും 1 മണിക്കൂറും 58 മിനിറ്റുമായി ചുരുങ്ങും.

508 കിലോമീറ്റർ നീളമുള്ള ഈ അത്യാധുനിക റെയിൽ ഇടനാഴിയിൽ 348 കിലോമീറ്റർ ഗുജറാത്തിലൂടെയും, 156 കിലോമീറ്റർ മഹാരാഷ്ട്രയിലൂടെയുമാണ് കടന്നുപോകുന്നത്. 4 കിലോമീറ്റർ ദൂരം ദാദ്ര & നഗർ ഹവേലി കേന്ദ്രഭരണ പ്രദേശത്തുകൂടിയാണ്. ജപ്പാനിലെ വിഖ്യാതമായ 'ഷിൻകാൻസെൻ' (Shinkansen) സാങ്കേതികവിദ്യയും പ്രവർത്തനരീതികളും കടമെടുത്താണ് പദ്ധതി വികസിപ്പിക്കുന്നത്. ട്രാക്ഷൻ ഇലക്ട്രിഫിക്കേഷൻ, ട്രാക്ക് ഇൻഫ്രാസ്ട്രക്ചർ, റെയിൽവേ ഓപ്പറേഷൻസ് എന്നിവയിലെ ഏറ്റവും നൂതനമായ സംവിധാനങ്ങളാണ് ഈ ഇടനാഴിയിൽ ഒരുക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ലോകോത്തര ഗതാഗത സൗകര്യങ്ങൾ ഒരുക്കാൻ കേന്ദ്ര സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് അഹമ്മദാബാദിൽ പദ്ധതി വിലയിരുത്തിയ ശേഷം പ്രാദേശികവാസികളോട് സംസാരിക്കവെ റെയിൽവേ മന്ത്രി വ്യക്തമാക്കി.ഗുജറാത്തിലുടനീളം ആധുനിക റെയിൽവേ സ്റ്റേഷനുകൾ വികസിപ്പിക്കുന്നതിനും റോഡ് കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിനുമാണ് സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

ഈ പദ്ധതികൾ പൂർത്തിയാകുന്നതോടെ യാത്രക്കാരുടെ സൗകര്യം വർദ്ധിക്കുകയും നഗരങ്ങളിലെ ഗതാഗതക്കുരുക്ക് കുറയുകയും ചെയ്യും. ഇത് പ്രദേശത്തിന്റെ സമഗ്രമായ സാമ്പത്തിക-സാമൂഹിക വികസനത്തിന് പുതിയ ഊർജ്ജം പകരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒപ്പം, ഓംനഗർ അണ്ടർപാസിന്റെ അവശേഷിക്കുന്ന ജോലികൾ വരാനിരിക്കുന്ന നവരാത്രി ഉത്സവത്തിന് മുമ്പായി പൂർത്തിയാക്കാനും മന്ത്രി ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകി.

Content Highlights: India's ambitious bullet train project is moving closer to reality, with significant construction progress reported on the high-speed rail corridor. The project is designed to transform intercity travel by enabling trains to cover around 320 kilometres in about one hour, significantly reducing journey times and strengthening India's modern railway infrastructure.

dot image
To advertise here,contact us
dot image