'സതീശൻ-അദാനി ഡീലിൽ വിമത MLAമാരുടെ നിലപാടെന്ത്?;' താൻ പറഞ്ഞതിൽ പാർട്ടി സെക്രട്ടറിക്ക് അതൃപ്തിയില്ലെന്ന് ജയരാജൻ

താന്‍ പറഞ്ഞ കാര്യങ്ങളില്‍ നിലപാട് പറയേണ്ടത് വിമത എംഎല്‍എമാരാണെന്ന് എം വി ജയരാജൻ

'സതീശൻ-അദാനി ഡീലിൽ വിമത MLAമാരുടെ നിലപാടെന്ത്?;' താൻ പറഞ്ഞതിൽ പാർട്ടി സെക്രട്ടറിക്ക് അതൃപ്തിയില്ലെന്ന് ജയരാജൻ
dot image

തിരുവനന്തപുരം: തെറ്റ് തിരുത്തിയാല്‍ ആര്‍ക്കും പാര്‍ട്ടിയിലേക്ക് തിരിച്ചുവരാമെന്ന നിലപാടിലുറച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം വി ജയരാജന്‍. തെറ്റ് തിരുത്തിയത് കൊണ്ടാണ് കെ ആര്‍ ഗൗരിയമ്മയും എം വി രാഘവനും അവസാനകാലത്ത് ചെങ്കൊടിയോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ട്ടി സെക്രട്ടറിക്ക് ഒരു അതൃപ്തിയുമില്ല. താന്‍ പറഞ്ഞ കാര്യങ്ങളില്‍ നിലപാട് പറയേണ്ടത് വിമത എംഎല്‍എമാരാണ്. ശത്രുപാളയത്തിലെത്തിയ മൂന്ന് വിമത എംഎല്‍എമാര്‍ മറുപടി പറയേണ്ടത് സതീശന്‍-അദാനി ഡീലിനെ കുറിച്ചാണ്. കരാര്‍ വ്യവസ്ഥകള്‍ ലംഘിച്ചതിനെതിരെ മുഖ്യമന്ത്രിയോട് നിയമനടപടികള്‍ സ്വീകരിക്കാന്‍ അവര്‍ ആവശ്യപ്പെടുമോയെന്നും ജയരാജന്‍ ചോദിച്ചു.

ആ ചുമതല നിര്‍വഹിക്കാന്‍ അവര്‍ക്ക് ബാധ്യതയുണ്ട്. മുഖ്യമന്ത്രിക്ക് കത്തെഴുതുമോ എന്നാണ് അവര്‍ വ്യക്തമാക്കേണ്ടത്. തെറ്റ് തിരുത്താന്‍ ഉള്ള അവസരമാണ് അവര്‍ക്കിത്. തെറ്റ് തിരുത്തുമോ എന്ന് അവരാണ് വ്യക്തമാക്കേണ്ടത്. പി എം ശ്രീയുമായി സര്‍ക്കാര്‍ മുന്നോട്ടുപോവുകയാണ്. എന്താണ് വിമത എംഎല്‍എമാരുടെ അഭിപ്രായമെന്നും എം വി ജയരാജന്‍ ചോദിച്ചു.

എസ്‌ഐആര്‍ നടപ്പാക്കിയ ഉദ്യോഗസ്ഥനെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിയമിച്ചിരിക്കുകയാണ്. അതേക്കുറിച്ച് എന്താണ് അഭിപ്രായം? വഞ്ചന അവര്‍ ചെയ്തിട്ടില്ലെങ്കില്‍ ഇതെല്ലാം അവര്‍ക്ക് അവസരമാണ്. മറുപടി പറയാതിരുന്നാല്‍ അവര്‍ വഞ്ചനയാണ് ചെയ്തത് എന്ന് തെളിയിക്കുകയാണ് ചെയ്യുന്നത്. അവരവരുടെ മണ്ഡലത്തില്‍ അനുവദിച്ച കിഫ്ബി പദ്ധതികള്‍ ഉപേക്ഷിക്കരുത് എന്ന് അവര്‍ കത്തെഴുതുമോ? വിഴിഞ്ഞത്തിലും പി എം ശ്രീയിലും സ്വീകരിക്കുന്ന നിലപാട് തെറ്റു തിരുത്താനുള്ള അവസരമാണെന്നും എം വി ജയരാജന്‍ ആവര്‍ത്തിച്ചു.

തെറ്റ് തിരുത്തിയാല്‍ ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും പാര്‍ട്ടിയില്‍ വരുന്നതില്‍ തടസ്സമില്ലെന്നായിരുന്നു എം വി ജയരാജന്റെ പ്രതികരണം. പാര്‍ട്ടിയെ വെല്ലുവിളിച്ച് പുറത്തുപോയ എം വി രാഘവനെ വരെ അവസാന കാലത്ത് സ്വീകരിച്ചിട്ടുണ്ട്. നയപരമായ തെറ്റ് പറ്റിയെന്ന് കരുതി ഒറ്റപ്പെടുത്തി മുന്നോട്ട് പോകില്ലെന്നും പയ്യന്നൂരില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ മാറ്റിയാല്‍ ജയിക്കുമായിരുന്നുവെന്നും എം വി ജയരാജന്‍ പറഞ്ഞിരുന്നു.

Also Read:

എന്നാൽ  എം വി ജയരാജന്റെ നിലപാടിനെ തള്ളി പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ രംഗത്തെത്തി. ഓരോരുത്തരും ഓരോ ചാനലില്‍ സംസാരിക്കുന്നതിന് മറുപടി പറയേണ്ടതില്ലെന്നാണ് വിഷയത്തില്‍ എം വി ഗോവിന്ദന്‍ പ്രതികരിച്ചത്. പാര്‍ട്ടിയുടെ ഭാഗമായല്ല അദ്ദേഹം സംസാരിച്ചത്. തെറ്റു തിരുത്തിയാല്‍ ആരെയും തിരിച്ചെടുക്കും. എന്നാല്‍ ഇവിടെ വര്‍ഗ്ഗ വഞ്ചന എന്നതാണ് തെറ്റ്. സുധാകരനും ഗോവിന്ദനും കുഞ്ഞികൃഷ്ണനും പാര്‍ട്ടിയെ വഞ്ചിച്ച് പോയവരാണ്. അവര്‍ക്കെതിരായ വിമര്‍ശനം തുടരുമെന്നും ഗോവിന്ദന്‍ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് തെറ്റ് തിരുത്തിയാല്‍ ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും പാര്‍ട്ടിയിലേക്ക് തിരിച്ചുവരാമെന്ന് എം വി ജയരാജന്‍ പറഞ്ഞത്.

താന്‍ ചെയ്ത തെറ്റ് എന്തെന്ന് ജയരാജന്‍ പറയട്ടെയെന്നും എങ്കിലെ മറുപടി പറയാനാകൂവെന്നുമായിരുന്നു വി കുഞ്ഞികൃഷ്ണന്റെ പ്രതികരണം. തെറ്റ് ചൂണ്ടിക്കാട്ടാതെ തിരുത്താനാകില്ല. എം വി ജയരാജന്‍ ഉന്നയിക്കുന്നത് സമീപകാലത്തെ വിഷയമാണ്.
എന്തിനാണ് അച്ചടക്ക നടപടി എടുത്തെന്ന് പാര്‍ട്ടി വ്യക്തമാക്കണം. എല്ലാ കാലത്തും താന്‍ കമ്മ്യൂണിസ്റ്റുകാരനാണ്. തന്നെ യുഡിഎഫുകാരനാക്കാനാണ് ശ്രമമെന്നും അദ്ദേഹം ആരോപിച്ചു.

Content Highlights: M V Jayarajan has reiterated that anyone who acknowledges and corrects their mistakes can return to party

dot image
To advertise here,contact us
dot image