മോളിവുഡ് ടൈംസിന് വേണ്ടി 6 കിലോ കുറച്ചു, പക്ഷെ ചിപ്‌സ് കഴിക്കുന്ന സീനിലെ എന്റെ വണ്ണം vfx അല്ല: ഗോപിക രമേശ്

ചിപ്സ് കഴിക്കുന്ന ഒരു രംഗമുണ്ട്, അതിൽ കാണുന്ന വണ്ണം ഞാൻ സ്വയം കൂട്ടിയതാണ്. അതിൽ വി.എഫ്.എക്സ് ഒന്നും ഉപയോഗിച്ചിട്ടില്ല. എന്നാൽ ബാക്കിയുള്ള രംഗങ്ങളിൽ വി.എഫ്.എക്സ് ഉപയോഗിക്കേണ്ടി വന്നു.

മോളിവുഡ് ടൈംസിന് വേണ്ടി 6 കിലോ കുറച്ചു, പക്ഷെ ചിപ്‌സ് കഴിക്കുന്ന സീനിലെ എന്റെ വണ്ണം vfx അല്ല: ഗോപിക രമേശ്
dot image

തണ്ണീർ മത്തൻ ദിനങ്ങൾ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ നായികയാണ് ഗോപിക രമേശ്. മലയത്തിന് പുറമെ തമിഴിലും ഗോപിക അഭിനയിച്ചിട്ടുണ്ട്. നടിയുടേതായി ഏറ്റവും ഒടുവിൽ തിയേറ്ററിൽ എത്തിയ ചിത്രമായിരുന്നു അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്ത്, നസ്‌ലെൻ നായകനായ മോളിവുഡ് ടൈംസ്. സിനിമയ്ക്ക് വേണ്ടി ഒരു മാസം കൊണ്ട് 6 കിലോ കുറച്ചുവെന്ന് പറയുകയാണ് ഗോപിക. വണ്ണം കൂടുതൽ കാണിക്കാൻ ചില രംഗങ്ങളിൽ വി.എഫ്.എക്സ് ഉപയോഗിക്കേണ്ടി വന്നിട്ടുണ്ടെന്നും ഗോപിക പറഞ്ഞു. ഷോ സ്‌കേപ്പ് ജേണലിനു നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

'എനിക്ക് പി.സി.ഒ.ഡി ഉണ്ട്. അതുകൊണ്ട് തന്നെ ജംഗ് ഫുഡ്സ്, എണ്ണ കൂടുതലുള്ള ഭക്ഷണം ഒന്നും അധികം കഴിക്കാൻ കഴിയില്ല. അതൊരു പേടി ഉണ്ടായിരുന്നു. സിനിമയുടെ ഒഡീഷന് പോകുമ്പോൾ വണ്ണം കൂട്ടണമെന്നോ കുറയ്ക്കണമെന്നോ എനിക്ക് അറിയില്ലായിരുന്നു. ഒഡീഷൻ കഴിഞ്ഞ് സെലക്ട് ആയപ്പോഴാണ് വണ്ണം കൂട്ടണമെന്ന് അറിയുന്നത്. കഥയിൽ ഇങ്ങനെ ഒരു സീൻ വരുന്നുണ്ട് എന്ന് ആയപ്പോഴാണ് ഞാൻ അറിയുന്നത്. ഒരു മാസം മുഴുവൻ കഠിനമായ ഡയറ്റും വർക്ക് ഔട്ടും ചെയ്താണ് ഞാൻ 6 കിലോയോളം കുറച്ചത്.

ആ സമയത്തായിരുന്നു സിനിമയിലെ യക്ഷിയുടെ രംഗങ്ങൾ ചിത്രീകരിച്ചത്. അതിനുശേഷം വണ്ണം കൂട്ടാൻ എനിക്ക് അധികം സമയം ലഭിച്ചില്ല. എങ്കിലും സാധ്യമാകുന്ന രീതിയിൽ ഭക്ഷണം കഴിച്ച് ഒരു പരിധി വരെ ഞാൻ വണ്ണം കൂട്ടി. സിനിമയിൽ ഞാൻ ചിപ്സ് കഴിക്കുന്ന ഒരു രംഗമുണ്ട്, അതിൽ കാണുന്ന വണ്ണം ഞാൻ സ്വയം കൂട്ടിയതാണ്. അതിൽ വി.എഫ്.എക്സ് ഒന്നും ഉപയോഗിച്ചിട്ടില്ല. എന്നാൽ ബാക്കിയുള്ള രംഗങ്ങളിൽ വി.എഫ്.എക്സ് ഉപയോഗിക്കേണ്ടി വന്നു. കാരണം, കഥാപാത്രത്തിന് ആവശ്യമായ വണ്ണം കൃത്യമായി വരണമെങ്കിൽ കുറച്ചുകൂടി സമയം വേണമായിരുന്നു, എന്നാൽ അതിനുള്ള ഗ്യാപ്പ് നമുക്ക് കിട്ടിയിരുന്നില്ല.

എങ്കിലും ഞാൻ ആ പ്രോസസ്സ് ഭയങ്കരമായി ആസ്വദിച്ചു. ആ ചിപ്സ് കഴിക്കുന്ന സീനിൽ ഞാനും വിനീതേട്ടനും കൂടിയായിരുന്നു അഭിനയിച്ചത്. ഞാൻ പ്രിങ്കിൽസ് കഴിച്ചുകൊണ്ടേയിരിക്കുകയാണ്, എന്നാൽ ഒരു ഘട്ടം കഴിഞ്ഞപ്പോൾ കഴിച്ച് എനിക്ക് മടുത്തു. ഇനി കഴിക്കാൻ ‘എനിക്ക് വയ്യ’ എന്ന് ഞാൻ പറഞ്ഞു. കാരണം, ഞാൻ കഴിച്ചു തീർക്കുമ്പോഴേക്കും അടുത്ത സീനിനായി അവർ വീണ്ടും അത് നിറച്ചുവെക്കും. അപ്പോൾ വിനീതേട്ടൻ എന്നോട് പറഞ്ഞു, ‘ഗോപികേ, ഇതൊക്കെ ആസ്വദിച്ച് ചെയ്യ്, അഭിനവിന്റെ പടത്തിലൊക്കെ ഇങ്ങനെയുള്ള അവസരങ്ങൾ വളരെ അപൂർവമായേ കിട്ടൂ, ഹാവ് ഫൺ’ എന്ന്, ഗോപിക രമേശ് പറഞ്ഞു.

Content Highlights: Actress Gopika Ramesh has revealed that she underwent a strict fitness routine and lost around 6 kg in a month for her role in Mollywood Times. She spoke about the physical transformation and the effort she put into portraying the character authentically.

dot image
To advertise here,contact us
dot image