'ചെയ്ത തെറ്റ് CPIM വ്യക്താക്കണം,തെറ്റ് ചൂണ്ടിക്കാട്ടാതെ തിരുത്താനാകില്ല'; മറുപടിയുമായി V കുഞ്ഞികൃഷ്ണൻ

എല്ലാ കാലത്തും താന്‍ കമ്മ്യൂണിസ്റ്റുകാരനാണെന്നും തന്നെ യുഡിഎഫ് കാരനാക്കാനാണ് ശ്രമമെന്നും വി കുഞ്ഞികൃഷ്ണന്‍ ആരോപിച്ചു

'ചെയ്ത തെറ്റ് CPIM വ്യക്താക്കണം,തെറ്റ് ചൂണ്ടിക്കാട്ടാതെ തിരുത്താനാകില്ല'; മറുപടിയുമായി V കുഞ്ഞികൃഷ്ണൻ
dot image

കണ്ണൂര്‍: തെറ്റ് തിരുത്തിയാല്‍ ആര്‍ക്കും പാര്‍ട്ടിയിലേക്ക് തിരിച്ചുവരാമെന്ന സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എം വി ജയരാജന്റെ പ്രസ്താവനയില്‍ പ്രതികരണവുമായി മുന്‍ സിപിഐഎം നേതാവും പയ്യന്നൂർ എംഎൽഎയുമായ വി കുഞ്ഞികൃഷ്ണന്‍. എന്ത് തെറ്റാണ് ചെയ്തതെന്ന് സിപിഐഎം വ്യക്താക്കണമെന്നും തെറ്റ് ചൂണ്ടിക്കാട്ടാതെ തിരുത്താനാകില്ലെന്നും അദ്ദേഹം പറഞ്ഞു. എം വി ജയരാജന്‍ ഉന്നയിക്കുന്നത് സമീപകാലത്തെ വിഷയമാണെന്നും എന്തിനാണ് അച്ചടക്ക നടപടി സ്വീകരിച്ചതെന്ന് പാര്‍ട്ടി വ്യക്തമാക്കണമെന്നും അദ്ദേഹം റിപ്പോർട്ടർ ടിവിയോട് പ്രതികരിച്ചു.

എല്ലാ കാലത്തും താന്‍ കമ്മ്യൂണിസ്റ്റുകാരനാണെന്നും തന്നെ യുഡിഎഫ് കാരനാക്കാനാണ് ശ്രമമെന്നും വി കുഞ്ഞികൃഷ്ണന്‍ ആരോപിച്ചു. താന്‍ ചെയ്ത തെറ്റ് എന്താണെന്ന് സിപിഐഎം പറഞ്ഞാല്‍ അതനുസരിച്ച് പ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞു. തന്റെ അച്ചടക്കനടപടിയില്‍ പിഎംശ്രീയും വിഴിഞ്ഞവുമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പയ്യന്നൂരില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം തെറ്റാണെന്ന് സിപിഐഎം നേതൃത്വം തന്നെ പറയുന്നു. താന്‍ തെരഞ്ഞെടുപ്പ് സമയത്ത് പറഞ്ഞ കാര്യങ്ങള്‍ സിപിഐഎം ഇപ്പോൾ പരോക്ഷമായി പറയുന്നുവെന്നും കുഞ്ഞികൃഷ്ണന്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിച്ചു.

'തെറ്റ് ചൂണ്ടിക്കാണിക്കാതെ തിരുത്താന്‍ കഴിയില്ലല്ലോ? വര്‍ഗ്ഗ വഞ്ചകന്‍ എന്നത് വ്യാഖ്യാനം മാത്രമാണ്. അച്ചടക്കലംഘനം കാണിക്കുന്നവര്‍ക്ക് നേരെ പ്രയോഗിക്കാന്‍ ചില പദാവലികള്‍ സിപിഐഎമ്മിന്റെ നിഘണ്ടുവിലുണ്ട്. കോടാലിക്കൈ, വര്‍ഗ വഞ്ചകന്‍, ഒറ്റുകാരന്‍ തുടങ്ങിയ പദവലികള്‍ സ്ഥാനത്തും അസ്ഥാനത്തും പ്രയോഗിക്കുന്ന നിലയാണ് സിപിഐഎമ്മില്‍ ഉള്ളത്. ആദ്യം ചെയ്ത തെറ്റിനെ കുറിച്ച് പറയട്ടെ. എങ്കില്‍ മാത്രമേ തിരുത്താന്‍ കഴിയൂ. എല്ലാകാലത്തും കമ്മ്യൂണിസ്റ്റുകാരനായി നിലനില്‍ക്കും. ഒരു പാര്‍ട്ടിയിലേക്കും പോകാന്‍ ഉദ്ദേശിക്കുന്നില്ല. തന്നെ ബോധപൂര്‍വ്വം യുഡിഎഫുകാരനാക്കാനുള്ള ശ്രമമാണ് സിപിഐഎം നടത്തുന്നത്. താന്‍ സ്വതന്ത്ര എംഎല്‍എയാണ്. താന്‍ പാര്‍ട്ടിക്ക് പുറത്തേക്ക് പോയതല്ല, പാര്‍ട്ടി പുറത്താക്കിയതാണ്. പാര്‍ട്ടിയിലേക്ക് തിരിച്ചു പോകുന്നതിനെ കുറിച്ച് തീരുമാനിക്കേണ്ടത് പാര്‍ട്ടി'യാണെന്നും അദ്ദേഹം പറഞ്ഞു.

യുഡിഎഫിന്റെ പിന്തുണ കൊണ്ടാണ് പയ്യന്നൂരില്‍ ജയിച്ചുവന്നത്. പിഎംശ്രീയില്‍ ഉള്‍പ്പെടെ മുഖ്യമന്ത്രി നിയമസഭയില്‍ കാര്യങ്ങള്‍ വ്യക്തമാക്കി. രേഖകള്‍ വച്ചാണ് മുഖ്യമന്ത്രി കാര്യങ്ങള്‍ പറഞ്ഞത്. പിഎംശ്രീ ഒപ്പുവെച്ചത് യുഡിഎഫ് അല്ലല്ലോയെന്നും കുഞ്ഞികൃഷ്ണന്‍ ചോദിച്ചു. എല്‍ഡിഎഫാണ് പദ്ധതിയില്‍ ഒപ്പിട്ടത്. പദ്ധതിയില്‍ ഒപ്പിട്ടത് മുതലാണ് ചര്‍ച്ച ചെയ്യേണ്ടത്. ഇക്കാര്യം എല്‍ഡിഎഫ് വിശദീകരിച്ച ശേഷം യുഡിഎഫിന്റെ നിലപാടിനെ കുറിച്ച് പറയാം. യുഡിഎഫ് പിഎംശ്രീയില്‍ ഒരു തീരുമാനവും എടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം തെറ്റു തിരുത്തിയാല്‍ ആരെയും തിരിച്ചെടുക്കുമെന്നതാണ് നിലപാടെങ്കിലും. എന്നാല്‍ ഇവിടെ വര്‍ഗ്ഗ വഞ്ചന എന്നതാണ് തെറ്റെന്നും സുധാകരനും ഗോവിന്ദനും കുഞ്ഞികൃഷ്ണനും പാര്‍ട്ടിയെ വഞ്ചിച്ച് പോയവരാണ് അവര്‍ക്കെതിരായ വിമര്‍ശനം തുടരുമെന്നും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് തെറ്റ് തിരുത്തിയാല്‍ ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും പാര്‍ട്ടിയിലേക്ക് തിരിച്ചുവരാമെന്ന് എം വി ജയരാജന്‍ പറഞ്ഞിരുന്നു. ഇതിനെ തള്ളിക്കൊണ്ടുള്ള നിലപാടായിരുന്നു എം വി ഗോവിന്ദൻ്റേത്.

Content Highlights: V. Kunhikrishnan responded to the ongoing issue by stating that the CPIM should clearly specify what mistake was committed. He said that correcting an error is not possible unless the mistake is first identified, reiterating his stand on the matter.

dot image
To advertise here,contact us
dot image