

തിരുവനന്തപുരം: വയനാട് മെഡിക്കൽ കോളേജിൽ കോടിക്കണക്കിന് രൂപയുടെ ഉപകരണങ്ങൾ നശിച്ചു. ഗോഡൗണിൽ പെട്ടിപൊട്ടിക്കാത്ത നിലയിൽ കൂട്ടിയിട്ട ഉപകരണങ്ങൾ കണ്ടെത്തി. ഉപയോഗിക്കാതെ കൂട്ടിയിട്ടിരുന്നവയിൽ കോടിക്കണക്കിന് രൂപയുടെ ഉപകരണങ്ങൾ നശിച്ച നിലയിലാണ് കണ്ടെത്തിയത്. ആറ് മൊബൈൽ മോർച്ചറി യൂണിറ്റുകൾ ഉൾപ്പെടെ ഗോഡൗണിൽ കൂട്ടിയിട്ട നിലയിലായിരുന്നു. ഇതിൽ ഒരു യൂണിറ്റിന് ഏതാണ്ട് 20 ലക്ഷത്തിലധികം രൂപ വരുമെന്നാണ് കണക്കാക്കുന്നത്. കഴിഞ്ഞ ദിവസം വയനാട്ടിൽ സന്ദർശം നടത്തിയ ആരോഗ്യ വകുപ്പ് മന്ത്രി കെ മുരളീധരൻ ഈ നിലയിൽ ഉപകരണങ്ങൾ കൂട്ടിയിട്ടത് നേരിൽ കണ്ട് ബോധ്യപ്പെട്ടിരുന്നു. ഗോഡൗണിൽ കൂട്ടിയിട്ടിരിക്കുന്ന ഉപകരണങ്ങളുടെ ദൃശ്യങ്ങൾ റിപ്പോർട്ടറിന് ലഭിച്ചു.
ഇതിന് പിന്നാലെ എൽഡിഎഫ് സർക്കാരിൻ്റെ കഴിഞ്ഞ പത്ത് വർഷ കാലത്ത് മെഡിക്കൽ ഉപകരണങ്ങൾ വാങ്ങിയതിൽ അന്വേഷണം നടത്താൻ ആരോഗ്യ വകുപ്പ് മന്ത്രി കെ മുരളീധരൻ നിർദ്ദേശം നൽകി. ആദ്യ പിണറായി സർക്കാരിൻ്റെയും രണ്ടാം പിണറായി സർക്കാരിൻ്റെയും കാലത്ത് വാങ്ങിയ ഉപകരണങ്ങളുമായി ബന്ധപ്പെട്ടുള്ള ഇടപാടുകളാണ് പരിശോധിക്കുന്നത്. ആഭ്യന്തര ഓഡിറ്റ് നടത്താനാണ് ആരോഗ്യമന്ത്രി നിർദ്ദേശം നൽകി. സംസ്ഥാനത്തെ മുഴുവൻ സർക്കാർ ആശുപത്രികളിലും ഉപയോഗിക്കാതെ കിടക്കുന്ന ഉപകരണങ്ങളുടെ കണക്കെടുക്കാനും നിർദ്ദേശം. കേരള മെഡിക്കൽ സർവീസ് കോർപ്പറേഷൻ ലിമിറ്റഡ് മുഖേന വാങ്ങിയ ഉപകരണങ്ങളിലും പരിശോധന നടക്കും.
ആഭ്യന്തര ഓഡിറ്റ് റിപ്പോർട്ടിൽ ഏതെങ്കിലും രീതിയുള്ള ക്രമക്കേടുകൾ അല്ലെങ്കിൽ അഴിമതി കണ്ടെത്തിയാൽ അത് വിജിലൻസിന് കൈമാറാനാണ് ആരോഗ്യമന്ത്രിയുടെ തീരുമാനം. കേരള മെഡിക്കൽ സർവീസ് കോർപ്പറേഷൻ ലിമിറ്റഡ് മുഖേനയാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളിലേയ്ക്ക് മെഡിക്കൽ ഉപകരണങ്ങൾ വാങ്ങുന്നത്. അതിൽ ഉൾപ്പെടെ വിശദമായ പരിശോധന നടക്കുമെന്നാണ് ലഭിക്കുന്ന വിവരം.
Content Highlights: Medical equipment worth crores of rupees has reportedly been damaged at Wayanad Medical College, prompting an investigation into the procurement process. Authorities have launched a probe into the purchase of medical equipment amid concerns over irregularities.