ഉദ്യോഗസ്ഥരുടെ പേര് പറഞ്ഞ് സൈബര്‍ തട്ടിപ്പ്; ഏഴ് പേരെ അറസ്റ്റ് ചെയ്ത് ഷാര്‍ജ പൊലീസ്

വിവിധ ബാങ്ക് കാര്‍ഡുകള്‍, ചെക്ക് ബുക്കുകള്‍, മൊബൈല്‍ ഫോണുകള്‍ തുടങ്ങിയവ പ്രതികളില്‍ നിന്നും ഷാര്‍ജ പൊലീസ് കണ്ടെടുത്തിട്ടുണ്ട്

ഉദ്യോഗസ്ഥരുടെ പേര് പറഞ്ഞ് സൈബര്‍ തട്ടിപ്പ്; ഏഴ് പേരെ അറസ്റ്റ് ചെയ്ത് ഷാര്‍ജ പൊലീസ്
dot image

ഷാര്‍ജയില്‍ സൈബര്‍ തട്ടിപ്പിന് ശ്രമിച്ച ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഉദ്യോഗസ്ഥരെന്ന പേരില്‍ ചമഞ്ഞ് ആളുകളെ പറ്റിക്കാന്‍ ശ്രമിച്ച ഏഴ് ഏഷ്യന്‍ പൗരന്മാരെയാണ് ഷാര്‍ജ പൊലീസ് അറസ്റ്റ് ചെയ്തത്. ആളുകളെ ഉദ്യോഗസ്ഥരെന്ന് പറഞ്ഞ് പറ്റിച്ച് അവരുടെ മൊബൈല്‍ ഫോണിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ വേണ്ടി ചില ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ആവശ്യപ്പെട്ടാണ് ഇവര്‍ തട്ടിപ്പ് നടത്തുന്നത്. സൈബര്‍ തട്ടിപ്പുകളിലൂടെ ലഭിക്കുന്ന പണം സൂക്ഷിക്കുന്നതിന് വേണ്ടി ആളുകളുടെ വ്യക്തിപരമായ ഡാറ്റ ഉപയോഗിച്ച് പുതിയ ബാങ്ക് അക്കൗണ്ട് ഉപയോഗിക്കാറുമുണ്ട്.

തട്ടിപ്പിന് ഇരയായെന്ന് ഒരു അറബ് പൗരന്‍ പരാതിപ്പെട്ടതിന് പിന്നാലെയാണ് സംഭവം പുറത്ത് അറിയുന്നതെന്ന് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വകുപ്പ് മേധാവി ഡോ. ഖലീഫ് ബാല്‍ഹേയ് പറഞ്ഞു. ഉദ്യോഗസ്ഥരെന്ന് പറഞ്ഞ് തട്ടിപ്പ് സംഘം വിളിച്ചെന്നും തുടര്‍ന്ന് ഫോണില്‍ ഒരു റിമോട്ട് കണ്‍ട്രോള്‍ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ആവശ്യപ്പെട്ടെന്നും പരാതിക്കാരന്‍ പറഞ്ഞു. ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്തതിന് പിന്നാലെ തട്ടിപ്പ് സംഘം പരാതിക്കാരന്റെ ബാങ്ക് അക്കൗണ്ട് ആക്‌സസ് ചെയ്യുകയും പണം തട്ടിയെടുക്കുകയും ചെയ്തു.

പരാതി ലഭിച്ചതിന് പിന്നാലെ പൊലീസ് അന്വേഷണം നടത്തുകയും ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് മറ്റുള്ളവരും പിടിയിലാകുന്നത്. തൊഴില്‍ നല്‍കുമെന്ന് തെറ്റായ വാഗ്ദാനം നല്‍കുക, താമസ സൗകര്യം ഒരുക്കാമെന്ന് വാഗ്ദാനം ചെയ്യുക, സ്വന്തം പേരില്‍ ബാങ്ക് അക്കൗണ്ട് നല്‍കാമെന്ന് പറയുക തുടങ്ങിയ വാഗ്ദാനങ്ങള്‍ നല്‍കിയാണ് തട്ടിപ്പ് സംഘം ആളുകളെ പറ്റിക്കുന്നതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.

ബാങ്ക് കാര്‍ഡുകള്‍, വിവിധ ബാങ്കുകള്‍ നല്‍കുന്ന ചെക്ക് ബുക്കുകള്‍, പാസ്‌പോര്‍ട്ടുകള്‍, മൊബൈല്‍ ഫോണുകള്‍, സ്‌റ്റോറേജ് ഡിവൈസുകള്‍, കമ്പ്യൂട്ടറുകള്‍, കമ്പനി സ്റ്റാമ്പുകള്‍, ഔദ്യോഗിക രേഖകള്‍, രസീതുകള്‍, നിരവധി കമ്പനികളുടെ സാമ്പത്തിക റെക്കോര്‍ഡുകള്‍ തുടങ്ങിയവ ഈ സംഘത്തില്‍ നിന്നും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

പിന്നാലെ ഷാര്‍ജ പൊലീസ് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സ്ഥിരീകരിക്കാത്ത ഇലക്ട്രോണിക് സന്ദേശങ്ങള്‍, ലിങ്കുകള്‍ എന്നിവയ്ക്ക് മറുപടി നല്‍കരുതെന്നും അറിയാത്ത ആളുകള്‍ക്ക് വ്യക്തിവിവരങ്ങളോ ബാങ്ക് അക്കൗണ്ട് വിവരങ്ങളോ നല്‍കരുതെന്നും പൊലീസ് അറിയിച്ചു.

Content Highlights: Sharjah Police have arrested seven Asian nationals accused of attempting cyber fraud by impersonating government officials to deceive victims

dot image
To advertise here,contact us
dot image