

തിരുവനന്തപുരം: തിരുവനന്തപുരത്തെ സ്വകാര്യ സ്വര്‍ണ പണയ സ്ഥാപനത്തിലെ സ്വര്‍ണം കൈക്കലാക്കി തട്ടിപ്പ് നടത്തിയ കേസില്‍ പ്രധാന പ്രതി പിടിയില്‍. വെങ്ങാനൂര്‍ പനങ്ങോട് സ്വദേശി സിന്ധുവാണ് വിഴിഞ്ഞം പൊലീസിന്റെ പിടിയിലായത്. സ്വര്‍ണ തട്ടിപ്പുമായി ബന്ധപ്പെട്ട് ഒന്നിലധികം കേസുകളില്‍ പ്രതിയാണ് പിടിയിലായ സിന്ധു. സിന്ധുവിന്റെ തട്ടിപ്പിനിരയായ രണ്ട് യുവതികള്‍ കഴിഞ്ഞ ദിവസം ജീവനൊടുക്കാന്‍ ശ്രമിച്ചിരുന്നു. ഇവരില്‍ വെങ്ങാനൂര്‍ സ്വദേശി അഞ്ജു ചികിത്സയിലിരിക്കെ ഇന്നലെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വെച്ച് മരിച്ചു.
യുവതികളില്‍ നിന്ന് സ്വര്‍ണം കൈക്കലാക്കിയ ശേഷം സിന്ധു രാജ്യം വിട്ടിരുന്നു. അമേരിക്കയില്‍ മകള്‍ക്കൊപ്പമായിരുന്നു സിന്ധു താമസിച്ചിരുന്നത്. ജീവനൊടുക്കിയ അഞ്ജുവില്‍ നിന്ന് 20 ലക്ഷം രൂപയാണ് സിന്ധു കൈക്കലാക്കിയത്. 50 പവന്‍ സ്വര്‍ണം ജീവനൊടുക്കാന്‍ ശ്രമിച്ച ഐശ്വര്യ എന്ന യുവതിയില്‍ നിന്നും വാങ്ങിയിരുന്നു. സിന്ധുവിന്റെ മകന്‍ രാഷ്ട്രപതിയുടെ പൈലറ്റും ഭര്‍ത്താവ് വിരമിച്ച ആര്‍മി ഉദ്യോഗസ്ഥനുമാണ്. വെങ്ങാനൂര്‍ അമരവിളയിലുളള സൂര്യാ ഫിനാന്‍സിലെ ജീവനക്കാരാണ് മരിച്ച അഞ്ജുവും ചികിത്സയിൽ കഴിയുന്ന ഐശ്വര്യയും.
ഇന്നലെ രാത്രി പത്തുമണിയോടെയാണ് പൊലീസ് സിന്ധുവിനെ അറസ്റ്റ് ചെയ്തത്. ഇവരുടെ മൊബൈല്‍ ഫോണില്‍ നിന്നും വിഴിഞ്ഞം പൊലീസിന് നിരവധി തെളിവുകള്‍ ലഭിച്ചു. കൂടുതല്‍ പേര്‍ പ്രതിക്കെതിരെ പരാതികളുമായി രംഗത്തെത്തിയിട്ടുണ്ട്. അഞ്ജുവില്‍ നിന്ന് 20 പവന്‍ തട്ടിയെടുത്ത സിന്ധു അത് മറ്റൊരു സ്വര്‍ണ പണയ സ്ഥാപനത്തിലേക്ക് മറിച്ചുവിറ്റ് പ്രതി അമേരിക്കയിലേക്ക് കടന്നുകളയുകയായിരുന്നു. നാലുമാസം മുന്‍പാണ് പ്രതി തിരിച്ചെത്തിയത്.
Content Highlights: Police have arrested the culprit responsible for the financial fraud at a gold loan firm, which tragically led to the death of a young female employee