

സൗദി അറേബ്യയിൽ സ്വദേശികളല്ലാത്തവർക്ക് വസ്തുവകകൾ സ്വന്തമാക്കുന്നതുമായി ബന്ധപ്പെട്ട നിയമങ്ങളിൽ വിപുലമായ പരിഷ്കാരങ്ങൾ ഏർപ്പെടുത്തി അധികൃതർ. കടുത്ത സുരക്ഷാ പരിശോധനകൾ, നിർബന്ധിത ഡിജിറ്റൽ നടപടിക്രമങ്ങൾ എന്നിവ ഉൾപ്പെടുന്ന പുതിയ ചട്ടങ്ങൾക്ക് സൗദി ഭരണകൂടം അംഗീകാരം നൽകി. നിയമങ്ങൾ ലംഘിക്കുന്നവർക്ക് പരമാവധി ഒരു കോടി സൗദി റിയാൽ (ഏകദേശം 22 കോടിയിലധികം ഇന്ത്യൻ രൂപ) വരെ പിഴ ചുമത്താൻ പുതിയ നിയമത്തിൽ വ്യവസ്ഥയുണ്ട്. സൗദി വിഷൻ 2030-ന്റെ ഭാഗമായി വിദേശ നിക്ഷേപം ആകർഷിക്കുന്നതിനും റിയൽ എസ്റ്റേറ്റ് മേഖല കൂടുതൽ സുതാര്യമാക്കുന്നതിനുമാണ് സൗദി റിയൽ എസ്റ്റേറ്റ് ജനറൽ അതോറിറ്റി ഈ പരിഷ്കാരങ്ങൾ കൊണ്ടുവന്നിട്ടുള്ളത്.
ഇനിമുതൽ വിദേശ വ്യക്തികൾ, കമ്പനികൾ, ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സംഘടനകൾ എന്നിവർക്ക് സൗദിയിൽ വസ്തു വാങ്ങുന്നതിനും അതിന്റെ ഉടമസ്ഥാവകാശം നേടുന്നതിനും പ്രത്യേക ഏകീകൃത ഇലക്ട്രോണിക് പോർട്ടൽ വഴി മാത്രമേ അപേക്ഷിക്കാൻ സാധിക്കൂ. റിയൽ എസ്റ്റേറ്റ് ജനറൽ അതോറിറ്റി നിയന്ത്രിക്കുന്ന ഈ പോർട്ടൽ ദേശീയ റിയൽ എസ്റ്റേറ്റ് രജിസ്ട്രിയുമായി നേരിട്ട് ബന്ധിപ്പിച്ചിട്ടുള്ളതാണ്. എല്ലാത്തരം പണമിടപാടുകളും സൗദി സെൻട്രൽ ബാങ്ക് അംഗീകരിച്ച ഇലക്ട്രോണിക് സംവിധാനങ്ങൾ വഴി മാത്രമേ നടത്താവൂ എന്നും പുതിയ നിയമം വ്യക്തമാക്കുന്നു.
സൗദിയിൽ താമസക്കാരല്ലാത്ത വിദേശികൾക്ക് വസ്തു വാങ്ങണമെങ്കിൽ ആഭ്യന്തര മന്ത്രാലയം അംഗീകരിച്ച ഡിജിറ്റൽ ഐഡന്റിറ്റി (അബ്ഷീർ) ഉണ്ടായിരിക്കണം. കൂടാതെ സ്വന്തം പേരിൽ സൗദിയിൽ ബാങ്ക് അക്കൗണ്ടും ഡിജിറ്റൽ ഐഡിയുമായി ബന്ധിപ്പിച്ച സൗദി മൊബൈൽ നമ്പറും നിർബന്ധമാണ്. വിദേശ കമ്പനികൾ നിക്ഷേപ മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്യുകയും കമ്പനിയുടെ യഥാർത്ഥ ഉടമകളുടെ വിവരങ്ങൾ വെളിപ്പെടുത്തുകയും വേണം. കമ്പനിയുടെ അഞ്ച് ശതമാനമോ അതിൽ കൂടുതലോ ഉടമസ്ഥാവകാശം മാറുകയാണെങ്കിൽ 15 ദിവസത്തിനകം മന്ത്രാലയത്തെ അറിയിക്കണം. വിദേശ ഫാമിലി ഓണർഷിപ്പ് നിയമപ്രകാരം ഒരു കുടുംബത്തിന് ഒരു വീട് മാത്രമേ വാങ്ങാൻ സാധിക്കൂ. എന്നാൽ മക്കൾക്ക് 25 വയസ്സ് തികയുമ്പോഴോ വിവാഹബന്ധം വേർപെടുമ്പോഴോ ഇതിൽ ഇളവ് ലഭിക്കും.
വിശുദ്ധ നഗരങ്ങളായ മക്ക, മദീന എന്നിവിടങ്ങളിലെ ഭൂമി വാങ്ങൽ നിയമങ്ങളിൽ പ്രത്യേക ജാഗ്രത പുലർത്തിയിട്ടുണ്ട്. മുമ്പത്തെ നിയമം പോലെ തന്നെ മക്കയിലും മദീനയിലും മുസ്ലിം വ്യക്തികൾക്ക് മാത്രമേ വസ്തുവകകൾ സ്വന്തമാക്കാൻ അനുവാദമുള്ളൂ. കമ്പനികൾക്കും മറ്റ് നിക്ഷേപ സ്ഥാപനങ്ങൾക്കും ഇവിടെ കർശനമായ നിയന്ത്രണങ്ങളുണ്ട്. റിയാദ്, ജിദ്ദ, മക്ക, മദീന എന്നീ നഗരങ്ങളിൽ വിദേശികൾ നടത്തുന്ന റിയൽ എസ്റ്റേറ്റ് ഇടപാടുകൾക്ക് രണ്ട് ശതമാനം ഫീസ് ചുമത്തും. എന്നാൽ പാരമ്പര്യമായി ലഭിക്കുന്ന സ്വത്തുക്കൾ, കോടതി വിധികൾ വഴിയുള്ള കൈമാറ്റങ്ങൾ എന്നിവയുൾപ്പെടെ പത്ത് വിഭാഗങ്ങളെ ഈ ഫീസിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
വ്യാജ വിവരങ്ങൾ നൽകി സൗദിയിൽ വസ്തു വാങ്ങാൻ ശ്രമിക്കുന്ന വിദേശികൾക്ക് വസ്തുവകകളുടെ മൂല്യത്തിന്റെ അഞ്ച് ശതമാനം വരെ അല്ലെങ്കിൽ പരമാവധി ഒരു കോടി റിയാൽ വരെ പിഴ ചുമത്തും. ഉടമസ്ഥാവകാശ മാറ്റങ്ങൾ മറച്ചുവെക്കുകയോ പരിശോധനകൾ തടസ്സപ്പെടുത്തുകയോ ചെയ്താൽ കർശന നടപടിയുണ്ടാകും. നിയമലംഘനം കണ്ടെത്തിയാൽ അത് തിരുത്താൻ കുറ്റത്തിന്റെ സ്വഭാവമനുസരിച്ച് 10 മുതൽ 180 ദിവസം വരെ സമയം അനുവദിക്കും. നിയമങ്ങൾ കൃത്യമായി നടപ്പിലാക്കാൻ റിയൽ എസ്റ്റേറ്റ് ജനറൽ അതോറിറ്റി ഉടൻ തന്നെ വിശദമായ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കുമെന്നും അധികൃതർ അറിയിച്ചു.
Content Highlights: Saudi Arabia has unveiled new regulations allowing foreign nationals to own real estate under specified conditions. Authorities have also warned that violations of the new property ownership law will invite strict legal action.