

2026 ലോകകപ്പിൽ അപ്രതീക്ഷിത പ്രകടനവുമായി ഫുട്ബോൾ ലോകത്തെ ഞെട്ടിച്ച താരമായിരുന്നു കാബോ വെർദെയുടെ ഗോൾ കീപ്പർ വോസീഞ്ഞ. 1986 ജൂൺ മൂന്നിന് കാബോ വെർദെയിൽ ജനിച്ച അദ്ദേഹത്തിന്റെ ആദ്യ ലോകകപ്പ് കൂടിയായിരുന്നു അമേരിക്ക, കാനഡ, മെക്സിക്കോ എന്നിവിടങ്ങളിലായി നടന്ന 2026 ഫിഫ ലോകകപ്പ്.
ഗ്രൂപ്പ് ഘട്ട പോരാട്ടങ്ങളിൽ സ്പെയിൻ, സൗദി അറേബ്യ എന്നി രാജ്യങ്ങളെ ഗോൾരഹിത സമനിലയിൽ കുടുക്കുന്നതിലും യുറുഗ്വേയ്ക്കെതിരെ 2 - 2 ന്റെ സമനില നേടിയതിലും വോസീഞ്ഞയുടെ പങ്ക് നിർണായകമായിരുന്നു. തന്റെ അത്യുഗ്രൻ സേവുകളിലൂടെ ഏവരെയും അമ്പരപ്പിച്ച അദ്ദേഹം നിലവിലെ ലോകചാമ്പ്യന്മാരായ അർജന്റീനക്ക് എതിരായ മത്സരത്തിൽ മെസിയെ അടക്കം വിറപ്പിച്ചിരുന്നു. മത്സരം 3 - 2 ന് അർജന്റീന വിജയിച്ചിരുന്നെങ്കിലും മെസിയുടെ ഗോൾ എന്ന് ഉറപ്പിച്ച ഫ്രീകിക്കുകളും ഷോട്ടുകളും സേവ് ചെയ്തുകൊണ്ട് താരത്തെയും ആരാധകരെയും ഈ 40 വയസുകാൻ ഞെട്ടിച്ചു.
ഇത്തരമൊരു ലോകവേദിയിലേക്ക് കാബോ വെർദെ ടിക്കറ്റെടുക്കുന്നത് ആദ്യമായാണ്. ആദ്യ വർഷം തന്നെ മികച്ച പ്രകടനത്തിലൂടെ ജന്മനസുകൾ കീഴക്കികൊണ്ട് അഭിമാനത്തോടെ തന്നെയാണ് അവരുടെ മടക്കം. 2026 ലോകകപ്പിലേക്ക് യോഗ്യത നേടുന്ന രണ്ടാമത്തെ കുഞ്ഞൻ രാജ്യം കൂടിയാണ് കാബോ വെർദെ. കുറസാവോയാണ് ഏറ്റവും കുഞ്ഞൻ രാജ്യം. രാജ്യത്തിന്റെ വലുപ്പം കൊണ്ട് കുഞ്ഞന്മാരെകിലും അർജന്റീന, സ്പെയിൻ എന്നി ശക്തർക്കെതിരെ കാഴ്ച്ചവച്ച പ്രകടനം വച്ച് നോക്കുമ്പോൾ അവരെ ഒരിക്കലും കുഞ്ഞന്മാർ എന്ന് വിളിക്കാനാകില്ല.
Content highlight: Vozinha Cape Verde goalkeeper brilliant performance