മുൻകൂർ അനുമതിയില്ലാത്ത പരസ്യബോർഡുകൾക്ക് കനത്ത പിഴ; നിയന്ത്രണം കടുപ്പിച്ച് അബുദാബി

സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ സ്ഥാപിക്കുന്ന ഇത്തരം ബോർഡുകൾ വലിയ അപകടങ്ങൾക്ക് കാരണമാകുമെന്നതിനാലാണ് സിവിൽ ഡിഫൻസിന്റെ ഈ അടിയന്തര ഇടപെടൽ

മുൻകൂർ അനുമതിയില്ലാത്ത പരസ്യബോർഡുകൾക്ക് കനത്ത പിഴ; നിയന്ത്രണം കടുപ്പിച്ച് അബുദാബി
dot image

യുഎഇയിൽ മുൻകൂർ അനുമതിയില്ലാതെ കെട്ടിടങ്ങളുടെ മുൻഭാഗങ്ങളിലോ മേൽക്കൂരകളിലോ ലൈറ്റുകൾ ഘടിപ്പിച്ചുള്ള പരസ്യബോർഡുകൾ സ്ഥാപിക്കുന്നവർക്കെതിരെ കർശന നടപടിയുമായി അബുദാബി സിവിൽ ഡിഫൻസ്. ഇത്തരം നിയമലംഘനങ്ങളിൽ ഏർപ്പെടുന്നവർക്ക് 10,000 ദിർഹം (രണ്ടുലക്ഷത്തിലധികം ഇന്ത്യൻ രൂപ) പിഴ ചുമത്തുമെന്നാണ് അധികൃതർ വ്യക്തമാക്കിയിട്ടുള്ളത്. നിലവിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും കെട്ടിടങ്ങൾക്കും പുറമെ, നിർമ്മാണത്തിലിരിക്കുന്ന കെട്ടിടങ്ങൾക്കും ഈ പുതിയ നിയമം പൂർണ്ണമായും ബാധകമായിരിക്കും.

സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ സ്ഥാപിക്കുന്ന ഇത്തരം ബോർഡുകൾ വലിയ അപകടങ്ങൾക്ക് കാരണമാകുമെന്നതിനാലാണ് സിവിൽ ഡിഫൻസിന്റെ ഈ അടിയന്തര ഇടപെടൽ. ലൈറ്റിംഗിനായി ഉപയോഗിക്കുന്ന വയറിംഗുകളിലെ തകരാറുകൾ കെട്ടിടങ്ങളിൽ തീപിടിത്തമുണ്ടാക്കാൻ സാധ്യതയുണ്ട്. അതിനാൽ ഔദ്യോഗിക അനുമതിയോടെയും കൃത്യമായ സുരക്ഷാ പരിശോധനകളോടെയും മാത്രമേ ഇനിമുതൽ ഇത്തരം ബോർഡുകൾ സ്ഥാപിക്കാൻ പാടുള്ളൂ എന്ന് അധികൃതർ ഓർമ്മിപ്പിച്ചു.

ഇതിനൊപ്പം തന്നെ, താമസകേന്ദ്രങ്ങളിലെ സുരക്ഷ മുൻനിർത്തി വിവിധ റസിഡൻഷ്യൽ ടവർ മാനേജ്മെന്റുകളും താമസക്കാർക്കായി പുതിയ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. അപ്പാർട്ട്മെന്റുകളുടെ ബാൽക്കണികളിലിരുന്ന് ബാർബിക്യൂ ഉണ്ടാക്കുന്നതും ഷീഷാ ഉപയോഗിക്കുന്നതും പുകവലിക്കുന്നതും പൂർണ്ണമായും ഒഴിവാക്കണമെന്നാണ് നിർദ്ദേശം. ബാൽക്കണികളിലെ ചെറിയൊരു അശ്രദ്ധ പോലും വലിയ ദുരന്തങ്ങൾക്ക് വഴിമാറിയേക്കാം. ഈ സുരക്ഷാ നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കടുത്ത നിയമനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

Content Highlights: Authorities in Abu Dhabi have introduced stricter enforcement against unauthorized advertising boards, warning of substantial fines for installations made without prior approval.

dot image
To advertise here,contact us
dot image