

പത്തനംതിട്ട: ഓമല്ലൂര്‍ എലോഹിം ഗ്ലോബല്‍ വര്‍ഷിപ്പ് സെന്ററില്‍ പ്രര്‍ത്ഥന നടത്താന്‍ എത്തിയ വിശ്വാസികള്‍ക്ക് നേരെയുണ്ടായ പ്രതിഷേധത്തില്‍ ബിജെപി പ്രവര്‍ത്തകർക്കെതിരെ കേസ്. ബിജെപി നേതാവും ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമായ ആതിര ജോണ്‍സണ്‍ ഉൾപ്പെടെ നാലുപേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ആരാധനയ്ക്കായി എത്തിയവരെ മര്‍ദ്ദിച്ചു, വിശ്വാസികളെ തലമുടി പിടിച്ച് വലിച്ചു, അസഭ്യം പറഞ്ഞ് ആക്ഷേപിച്ചു തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് ഓമല്ലൂര്‍ എലോഹിം ഗ്ലോബല്‍ വര്‍ഷിപ്പ് സെന്ററില്‍ പ്രാര്‍ത്ഥിക്കാൻ എത്തിയ വിശ്വാസികളെ ബിജെപി പ്രവർത്തകർ തടഞ്ഞത്. എലോഹിം ഗ്ലോബല്‍ വര്‍ഷിപ്പ് സെന്ററിന്റെ സ്‌നേഹത്തണല്‍ വൃദ്ധസദനത്തിലെ ക്രൂരത വെളിപ്പെടുത്തി അണക്കര സ്വദേശിയായ 17 കാരന്‍ രംഗത്തെത്തിയിരുന്നു. ഇതിൽ പ്രതിഷേധിച്ചായിരുന്നു ബിജെപി രംഗത്തെത്തിയത്. പാസ്റ്റർ ബിനുവിനെ അറസ്റ്റ് ചെയ്യണമെന്നായിരുന്നു ബിജെപിയുടെ നേതൃത്വത്തിലുള്ള ആക്ഷൻ കൗൺസിൻ്റെ ആവശ്യം. ആരാധനാ സ്വാതന്ത്ര്യം നടപ്പിലാക്കണമെന്നും എലോഹി സെൻ്റർ തുറന്നുനൽകണമെന്നുമാവശ്യപ്പെട്ട് വിശ്വാസികളും രംഗത്തെത്തിയതോടെ വലിയ സംഘർഷം ഉടലെടുത്തു. തുടർന്ന് വൻ പൊലീസ് സന്നാഹം സ്ഥലത്തെത്തിയിരുന്നു.
മൂന്ന് മാസമായി വര്‍ഷിപ്പിങ് സെന്റില്‍ താമസിച്ച് വരികയായിരുന്നു കുട്ടി. പഠനത്തിനൊപ്പം ജോലിയും നല്‍കാമെന്നായിരുന്നു വാഗ്ദാനം. ഒടുവില്‍ പഠനം നടക്കാതെ വരികയും സെന്ററിലെ ജോലികള്‍ ചെയ്യിക്കുന്നത് തുടരുകയും ചെയ്തതോടെ ഇതിനെ കുട്ടി ചോദ്യം ചെയ്തു. പിന്നാലെ മോഷണക്കുറ്റം ആരോപിച്ച് കുട്ടിയെ ചൂരല്‍ കൊണ്ട് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു എന്നാണ് പരാതി. റിപ്പോര്‍ട്ടര്‍ വാര്‍ത്തയില്‍ ഇടപെട്ട മന്ത്രി ബിന്ദു കൃഷ്ണ കര്‍ശന നടപടിക്ക് നിര്‍ദേശം നല്‍കിയിരുന്നു. കട്ടപ്പന പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് ഇലവുംതിട്ട പൊലീസിന് കൈമാറുകയും ചെയ്തിരുന്നു
Content Highlights: Police have registered a case against four BJP workers following a protest at the Elohim Global Worship Centre