വടക്കാഞ്ചേരിയില്‍ വിദ്യാര്‍ത്ഥികളെ ബസില്‍ കയറ്റാത്ത സംഭവം: കണ്ടക്ടറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

മൂന്ന് മാസത്തേക്കാണ് സസ്‌പെന്‍ഡ് ചെയ്തത്

വടക്കാഞ്ചേരിയില്‍ വിദ്യാര്‍ത്ഥികളെ ബസില്‍ കയറ്റാത്ത സംഭവം: കണ്ടക്ടറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു
dot image

തൃശൂർ: വടക്കാഞ്ചേരിയില്‍ വിദ്യാര്‍ത്ഥികളെ ബസില്‍ കയറ്റാത്ത സംഭവത്തില്‍ നടപടി. കണ്ടക്ടര്‍ രാമദാസിന്റെ ലൈസന്‍സ് സസ്‌പെന്‍സ് ചെയ്തു. മൂന്ന് മാസത്തേക്കാണ് സസ്‌പെന്‍ഡ് ചെയ്തത്. കണ്ടക്ടര്‍ക്ക് ബോധവത്കരണവും നല്‍കും. വടക്കാഞ്ചേരി ജോയിന്റ് ആര്‍ടിഓ ഓഫീസിലേക്ക് വിളിച്ചു വരുത്തി വിശദീകരണം കേട്ട ശേഷമായിരുന്നു നടപടി.

സ്വകാര്യബസില്‍ കയറാന്‍ കണ്ടക്ടറോട് യാചിക്കുന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ദൃശ്യങ്ങള്‍ ചര്‍ച്ചയായിരുന്നു. വടക്കാഞ്ചേരി ബസ് സ്റ്റാന്‍ഡില്‍ നിന്നുള്ള ദൃശ്യങ്ങളാണ് സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയായത്. നാല് വിദ്യാര്‍ത്ഥികളെ മാത്രം ബസില്‍ കയറ്റി യാത്ര ആരംഭിക്കുകയും മറ്റു വിദ്യാര്‍ത്ഥികള്‍ എത്ര ആവശ്യപ്പെട്ടിട്ടും കയറ്റാന്‍ വിസമ്മതിക്കുകയുമായിരുന്നു.

കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിച്ചുള്ള പ്രിയദര്‍ശിനി പദ്ധതി നടപ്പാക്കിയതിലെ പ്രതികാരമാണ് വിദ്യാര്‍ത്ഥികളോട് സ്വകാര്യ ബസ് ജീവനക്കാര്‍ കാണിക്കുന്നതെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു.

വിദ്യാര്‍ത്ഥികളോടുള്ള സ്വകാര്യ ബസ് ജീവനക്കാരുടെ നടപടിക്കെതിരെ എസ്എഫ്ഐയും രംഗത്തെത്തിയിരുന്നു. വടക്കാഞ്ചേരി സംഭവം ഒറ്റപ്പെട്ടതാണെന്ന് കരുതുന്നില്ലെന്നും സൗജന്യം നല്‍കുന്ന സര്‍ക്കാര്‍ അങ്ങനെ നല്‍കുമ്പോഴും വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ നിയമനിര്‍മാണവും അതിന്റെ പാലനവും ഉറപ്പാക്കണം എന്നും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് പറഞ്ഞു.

'എസ്എഫ്ഐ അധ്യയന വര്‍ഷാരംഭം എപ്പോഴും കേരളത്തില്‍ ഏറ്റുമുട്ടേണ്ടി വരുന്ന ഒരു വ്യവസായമായി സ്വകാര്യ ബസ് ഓപ്പറേറ്റര്‍സ് മാറിയിരിക്കുന്നു. കണ്‍സെഷന്‍ ഔദാര്യമല്ല, അവകാശമാണ് കേരളത്തിലെ ബസ് സ്റ്റാന്റുകളില്‍ വിദ്യാര്‍ത്ഥികള്‍ക്കായി എസ്എഫ്ഐ ഉണ്ടാവും. വിദ്യാര്‍ത്ഥികളോടുള്ള ക്രൂരത അവസാനിപ്പിക്കണം. ബസ് മുതലാളികളും, തൊഴിലാളികളും സര്‍ക്കാരിനെയാണ് സമീപിക്കേണ്ടത്. അതില്‍ കുട്ടികള്‍ എന്ത് പിഴച്ചു', പിഎസ് സഞ്ജീവ് ചോദിച്ചു.

Content Highlights: Authorities have suspended the license of conductor Ramadas following the Vadakkanchery incident involving students who were reportedly not allowed to board a bus.

dot image
To advertise here,contact us
dot image