

തൃശ്ശൂര്‍: സ്വകാര്യബസില്‍ കയറാന്‍ കണ്ടക്ടറോട് യാചിക്കുന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ദൃശ്യങ്ങള്‍ ചര്‍ച്ചയാകുന്നു. വടക്കാഞ്ചേരി ബസ് സ്റ്റാന്‍ഡില്‍ നിന്നുള്ള ദൃശ്യങ്ങളാണ് സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നത്. നാല് വിദ്യാര്‍ത്ഥികളെ മാത്രം ബസില്‍ കയറ്റി യാത്ര ആരംഭിക്കുകയും മറ്റു വിദ്യാര്‍ത്ഥികള്‍ എത്ര ആവശ്യപ്പെട്ടിട്ടും കയറ്റാന്‍ വിസമ്മതിക്കുകയുമായിരുന്നു. കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിച്ചുള്ള പ്രിയദര്‍ശിനി പദ്ധതി നടപ്പാക്കിയതിലെ പ്രതികാരമാണ് വിദ്യാര്‍ത്ഥികളോട് സ്വകാര്യ ബസ് ജീവനക്കാര്‍ കാണിക്കുന്നതെന്ന ആക്ഷേപം ഉയര്‍ന്നു.
വിദ്യാര്‍ത്ഥികളോടുള്ള സ്വകാര്യ ബസ് ജീവനക്കാരുടെ നടപടിക്കെതിരെ എസ്എഫ്‌ഐ രംഗത്തെത്തി. വടക്കാഞ്ചേരി സംഭവം ഒറ്റപ്പെട്ടതാണെന്ന് കരുതുന്നില്ലെന്നും സൗജന്യം നല്‍കുന്ന സര്‍ക്കാര്‍ അങ്ങനെ നല്‍കുമ്പോഴും വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ നിയമനിര്‍മാണവും, അതിന്റെ പാലനവും ഉറപ്പാക്കണം എന്നും എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടഫി പി എസ് സഞ്ജീവ് പറഞ്ഞു.
'എസ്എഫ്‌ഐ അധ്യയന വര്‍ഷാരംഭം എപ്പോഴും കേരളത്തില്‍ ഏറ്റുമുട്ടേണ്ടേണ്ടി വരുന്ന ഒരു വ്യവസായമായി സ്വകാര്യ ബസ് ഓപ്പറേറ്റര്‍സ് മാറിയിരിക്കുന്നു. കണ്‍സെഷന്‍ ഔദാര്യമല്ല, അവകാശമാണ് കേരളത്തിലെ ബസ് സ്റ്റാന്റുകളില്‍ വിദ്യാര്‍ത്ഥികള്‍ക്കായി എസ്എഫ്‌ഐ ഉണ്ടാവും. വിദ്യാര്‍ത്ഥികളോടുള്ള ക്രൂരത അവസാനിപ്പിക്കണം. ബസ് മുതലാളികളും, തൊഴിലാളികളും സര്‍ക്കാരിനെയാണ് സമീപിക്കേണ്ടത്. അതില്‍ കുട്ടികള്‍ എന്ത് പിഴച്ചു', പിഎസ് സഞ്ജീവ് ചോദിച്ചു.
വടക്കാഞ്ചേരിയില്‍ വിദ്യാര്‍ത്ഥികളെ കണ്ടക്ടര്‍ തടഞ്ഞുവെച്ചത് പൊതുസമൂഹത്തിന് അംഗീകരിക്കാന്‍ കഴിയാത്തതാണെന്ന് എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ് പ്രതികരിച്ചു. 'ഭരണകൂട നയങ്ങള്‍ മൂലം ഉണ്ടാകുന്ന സാമ്പത്തിക നഷ്ടം നികത്താന്‍ വിദ്യാര്‍ത്ഥികളെ ചൂഷണം ചെയ്യാനും അവരുടെ മുകളില്‍ കുതിരകയറാനും ഒരു ബസ് മുതലാളിയെയും അനുവദിക്കില്ല. ശക്തമായി പ്രതിരോധിക്കും! പൊതുനിരത്തിലൂടെയാണ് ഈ ബസ്സുകള്‍ എല്ലാം ഓടുന്നതെന്ന് മുതലാളിമാര്‍ ഓര്‍ക്കുന്നത് നല്ലതാണ്.' എന്നും ശിവപ്രസാദ് പറഞ്ഞു.
Content Highlights: A video showing school students pleading with a conductor to board a private bus has gone viral, triggering discussions about student transportation and public travel accessibility.