കാഫിര്‍ സ്‌ക്രീന്‍ഷോട്ട്: ജിതിന്‍ ഭാസ്‌കറിന് ജാമ്യമില്ല

ജിതിനെ രണ്ട് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു

കാഫിര്‍ സ്‌ക്രീന്‍ഷോട്ട്: ജിതിന്‍ ഭാസ്‌കറിന് ജാമ്യമില്ല
dot image

കോഴിക്കോട്: കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസിലെ പ്രതി ഡിവൈഎഫ്‌ഐ നേതാവ് ജിതിന്‍ ഭാസ്‌കറിന് ജാമ്യമില്ല. ജാമ്യാപേക്ഷ കോടതി തള്ളി. വടകര സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ജിതിനെ രണ്ട് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ശനിയാഴ്ച വൈകിട്ട് അഞ്ച് മണി വരെയാണ് കസ്റ്റഡി കാലാവാധി.

അതേസമയം കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ പ്രധാന തെളിവുകള്‍ നശിപ്പിക്കപ്പെട്ടെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ട്. മൊബൈല്‍ ഫോണ്‍ ഫാക്ടറി റീസെറ്റ് ചെയ്ത് തെളിവുകള്‍ നശിപ്പിച്ചതിനാല്‍ ജില്ലാ ഫോറന്‍സിക് വിഭാഗത്തിന് ഡേറ്റ തിരിച്ചെടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. സംസ്ഥാന ഫോറന്‍സിക് വിഭാഗത്തിന് ഫോണ്‍ അയക്കണമെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നത്. റിമാന്‍ഡ് റിപ്പോര്‍ട്ട് റിപ്പോര്‍ട്ടര്‍ ചാനലിന് ലഭിച്ചു.

ഡേറ്റ തിരിച്ചെടുക്കാന്‍ ജില്ലാ ഫോറന്‍സിക് വിഭാഗത്തിലേക്ക് അയച്ചപ്പോള്‍ ഫോണില്‍ നിന്ന് യാതൊരു ഡാറ്റയും തിരിച്ചെടുക്കാന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്നാണ് സംസ്ഥാന ഫോറന്‍സിക് വിഭാഗത്തിന് ഫോണ്‍ അയക്കാനുള്ള തീരുമാനമെടുക്കുന്നത്. ഈ ഫോണില്‍ വെച്ചാണ് സ്‌ക്രീന്‍ഷോട്ട് തയ്യാറാക്കിയതെന്നാണ് പൊലീസ് നിഗമനം. തെളിവ് നശിപ്പിക്കാനുള്ള നീക്കം അറസ്റ്റിലായ ഡിവൈഎഫ്‌ഐ നേതാവ് ജിതിന്‍ ഭാസ്‌കറിന്റെ ഭാഗത്ത് നിന്നുണ്ടായെന്നും ജിതിന്‍ ഭാസ്‌കറോ ജിതിന്റെ സഹായിയോ ആകാം കാഫിര്‍ സ്‌ക്രീന്‍ഷോട്ട് നിര്‍മിച്ചതെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.

Also Read:

വ്യക്തികള്‍ക്കും ഗ്രൂപ്പുകളിലേക്കും ജിതിന്‍ കാഫിര്‍ സ്‌ക്രീന്‍ഷോട്ട് പ്രചരിപ്പിച്ചുവെന്ന് കണ്ടെത്തലുണ്ട്. സ്‌ക്രീന്‍ഷോട്ട് ഷെയര്‍ ചെയ്യപ്പെട്ടത് 200 ഓളം ഗ്രൂപ്പുകളിലേക്കാണെന്നും എസ്ഐടി കണ്ടെത്തിയിട്ടുണ്ട്. കാഫിര്‍ സ്‌ക്രീന്‍ഷോട്ട് ജിതിന്‍ ഭാസ്‌കര്‍ ആദ്യം 'വടകര സ്‌ക്വാഡ്' എന്ന വാട്സാപ് ഗ്രൂപ്പിലും തുടര്‍ന്ന് ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍ 'റെഡ് എന്‍കൗണ്ടര്‍' എന്ന ഗ്രൂപ്പിലും പ്രചരിപ്പിച്ചുവെന്നാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ നിഗമനം. ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ജിതിന്‍ ഭാസ്‌കറിലേക്ക് എത്തിയത്.

Content Highlights: DYFI leader Jithin Bhaskar has been denied bail in the Kafir screenshot case.

dot image
To advertise here,contact us
dot image