

പാലക്കാട്: പാലക്കാട് പാഠപുസ്തക വിതരണം വൈകിയെന്ന പരാതിയെ തുടർന്ന് അധ്യാപികയെ സ്ഥലം മാറ്റി. ഒറ്റപ്പാലം ഈസ്റ്റ് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ഹൈസ്കൂൾ വിഭാഗം അധ്യാപിക പിബിന്ദുമോൾക്കെതിരെയാണ് വിദ്യാഭ്യാസ വകുപ്പിന്റെ നടപടി. ജിഎച്ച്എസ് ഒറ്റപ്പാലം സ്‌കൂളിലെ യുപി വിഭാഗത്തിലെ 5,6,7 ക്ലാസുകളിലെ ലാംഗ്വേജ് പാംപുസ്തകങ്ങളുടെ വിതരണമാണ് വൈകിയത്. ജിഎച്ച്എസ് ആനക്കരയിലേക്കാണ് അധ്യാപികയെ മാറ്റിയത്.
അഞ്ച്, ആറ്, ഏഴ് ക്ലാസുകളിലെ ഭാഷാ പാഠപുസ്തകങ്ങള്‍ക്ക് സമയബന്ധിതമായി ഇന്‍ഡന്റ് നല്‍കാത്തതാണ് വിതരണത്തില്‍ കാലതാമസമുണ്ടാകാന്‍ കാരണമായതെന്നാണ് വിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍ ആരോപിച്ചിരുന്നത്. സ്‌കൂള്‍ സൊസൈറ്റി സെക്രട്ടറിയായിരുന്ന അധ്യാപികയുടെ ഭാഗത്തുനിന്നുണ്ടായ ഈ വീഴ്ചയെക്കുറിച്ച് വിദ്യാഭ്യാസ വകുപ്പ് പ്രാഥമിക അന്വേഷണം നടത്തുകയും തുടര്‍ന്ന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു.
അന്വേഷണ റിപ്പോര്‍ട്ടിന്റെയും വിശദീകരണത്തിന്റെയും അടിസ്ഥാനത്തിലാണ് പാലക്കാട് വിദ്യാഭ്യാസ ഉപഡയറക്ടര്‍ നിര്‍ബന്ധിത സ്ഥലംമാറ്റ ഉത്തരവ് പുറപ്പെടുവിച്ചത്. കുട്ടികള്‍ക്ക് മാതൃകയാകേണ്ട അധ്യാപികയുടെ ഭാഗത്തുനിന്ന് ഉത്തരവാദിത്തക്കുറവ് ഉണ്ടായതായി കണ്ടെത്തിയതിനാലാണ് അച്ചടക്ക നടപടിയുടെ ഭാഗമായി സ്ഥലംമാറ്റം നടപ്പാക്കിയതെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു. സ്ഥലംമാറ്റ ഉത്തരവ് നിലവില്‍ വന്ന തീയതി മുതല്‍ ഒരു വര്‍ഷക്കാലത്തേക്ക് മറ്റേതെങ്കിലും സ്ഥലംമാറ്റത്തിന് അര്‍ഹത ഉണ്ടായിരിക്കില്ലെന്നും ഉത്തരവില്‍ പ്രത്യേകം പരാമര്‍ശിച്ചിട്ടുണ്ട്.
Content Highlight : Teacher transferred following complaint over delay in textbook distribution in Palakkad