

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരായ വിമര്‍ശനത്തില്‍ വിശദീകരണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. അവതാരങ്ങളെ സൂക്ഷിക്കണം എന്നേ താന്‍ പറഞ്ഞുളളുവെന്നും അവതാരം എന്ന തൊപ്പി ആര്‍ക്കെല്ലാം ചേരുമോ അവര്‍ക്കെല്ലാം അണിയാമെന്നും ബിനോയ് വിശ്വം പറഞ്ഞു. അവതാരങ്ങളെക്കുറിച്ചുളള പിണറായി വിജയന്റെ മുന്നറിയിപ്പ് ഗൗരവത്തിലുളളതാണെന്നും ഇടതുപക്ഷം ഭരണത്തിലേക്ക് വരുമ്പോള്‍ പറയേണ്ട വാക്കുകളാണ് അദ്ദേഹം പറഞ്ഞതെന്നും ബിനോയ് വിശ്വം പറഞ്ഞു. അന്നും ഇന്നും തങ്ങള്‍ അതിനെ മാനിക്കുന്നുവെന്നും ആ മുന്നറിയിപ്പ് പ്രാവര്‍ത്തികമാക്കുന്നതില്‍ എവിടെയെങ്കിലും വീഴ്ച്ച പറ്റിയിട്ടുണ്ടോ എന്ന പരിശോധന വേണമെന്നാണ് പറഞ്ഞതെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.
എസ്എഫ്‌ഐയ്‌ക്കെതിരെ ഒരു വാക്കുപോലും പറയാന്‍ തനിക്ക് കഴിയില്ലെന്നും താനും ഒരു വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ സൃഷ്ടിയാണെന്നും ബിനോയ് വിശ്വം പറഞ്ഞു. എഐ കാലഘട്ടത്തില്‍ ജാഗ്രത പാലിക്കണം എന്നാണ് താന്‍ പറഞ്ഞതെന്നും ഒരു ജ്യേഷ്ഠന്റെ സ്‌നേഹമാണ് പങ്കുവെച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. തനിക്ക് എഐഎസ്എഫ്- എസ്എഫ്‌ഐ വേര്‍തിരിവില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.
ഇന്ന് തൃശൂരില്‍ നടന്ന ഇഎംഎസ് അനുസ്മരണ പരിപാടിയിലാണ് കഴിഞ്ഞ പിണറായി വിജയൻ ഭരണകാലത്ത് സർക്കാരും സിപിഐഎമ്മും സ്വീകരിച്ച നിലപാടുകളെ ബിനോയ് വിശ്വം വിമർശിച്ചത്. ചില അവതാരങ്ങളെ അടുപ്പിച്ചത് ന്യൂനപക്ഷങ്ങൾ ഇടതുപക്ഷത്തിൽ നിന്ന് അകലാൻ കാരണമായി എന്നാണ് ബിനോയ് വിശ്വം പറഞ്ഞത്. 'ന്യൂനപക്ഷങ്ങൾ നമ്മളെ ബന്ധുക്കളായി കണ്ടിരുന്നു. താല്‍ക്കാലികമായി ലാഭം തേടി വരുന്ന ചിലരുണ്ടാകും. നേട്ടം തേടിവരുന്ന അവരല്ല ബന്ധുക്കള്‍. അവരെപ്പറ്റി സഖാവ് പിണറായി വിജയന്‍ തുടക്കത്തില്‍ പറഞ്ഞിരുന്നു. ചില അവതാരങ്ങള്‍ എന്ന്. അവതാരങ്ങള്‍ നമ്മെ തേടി വരുമെന്നും നാം അവരെ സൂക്ഷിക്കണമെന്നും അകറ്റി നിര്‍ത്തണമെന്നും പിണറായി വിജയന്‍ പറഞ്ഞ ആ അവതാരങ്ങള്‍ പിന്നെപ്പിന്നെ അടുത്തേക്ക് വന്നോ? അകത്തുകയറിയോ, നമ്മളെ സ്വാധീനിച്ചോ? നമ്മുടെ ബന്ധുക്കള്‍ നമ്മളില്‍ നിന്ന് അകന്നുപോകാന്‍ അവര്‍ നിമിത്തമായോ? ആ ചോദ്യം ചോദിക്കാന്‍ നാം ഭയപ്പെടാന്‍ പാടില്ല. ഭയപ്പാട് കൂടാതെ ആ ചോദ്യം ചോദിക്കണം. അത് സത്യമാണെങ്കില്‍ ആ അവതാരങ്ങളെ അകറ്റിയേ മതിയാകൂ' എന്നാണ് ബിനോയ് വിശ്വം പറഞ്ഞത്.
Content Highlights: avatharam remark was not against particular persons, Binoy viswam explanation on criticism against pinarayi vijayan