ദുബായ് പോലെയാകണം: നടത്തിയത് 8479 പരോശോധനകള്‍; വിലക്കയറ്റം പിടിച്ച് നിർത്തി: നിയമലംഘകർക്ക് പിഴ

വിശദമായ പരിശോധനയിൽ ന്യായമല്ലാത്ത രീതിയിൽ വില വർദ്ധിപ്പിച്ചതിന് കേവലം മൂന്ന് നിയമലംഘനങ്ങൾ മാത്രമാണ് കണ്ടെത്തിയത്

ദുബായ് പോലെയാകണം: നടത്തിയത് 8479 പരോശോധനകള്‍; വിലക്കയറ്റം പിടിച്ച് നിർത്തി: നിയമലംഘകർക്ക് പിഴ
അജ്മല്‍ എം കെ
3 min read|13 Jun 2026, 08:11 pm
dot image

ദുബായ്: ദുബായിലെ വിപണികളിൽ അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പാണെന്നും വില നിലവാരം സ്ഥിരതയോടെ തുടരുകയാണെന്നും ദുബായ് കോർപ്പറേഷൻ ഫോർ കൺസ്യൂമർ പ്രൊട്ടക്ഷൻ ആൻഡ് ഫെയർ ട്രേഡ് അറിയിച്ചു. കഴിഞ്ഞ ഏതാനും മാസങ്ങളായി വിപണിയിൽ നടത്തിയ വ്യാപക പരിശോധനകളിൽ ഭൂരിഭാഗം വാണിജ്യ സ്ഥാപനങ്ങളും നിയമങ്ങൾ കൃത്യമായി പാലിക്കുന്നതായി കണ്ടെത്തി.

ദുബായ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇക്കണോമി ആൻഡ് ടൂറിസത്തിന് കീഴിലുള്ള ഉപഭോക്തൃ സംരക്ഷണ വിഭാഗം, മാർച്ച് 1 മുതൽ ജൂൺ 7 വരെയുള്ള കാലയളവിൽ റീട്ടെയ്ൽ ഔട്ട്‌ലെറ്റുകളിലും പ്രധാന വിതരണ കേന്ദ്രങ്ങളിലുമായി 8479 ഫീൽഡ് പരിശോധനകളാണ് നടത്തിയത്. ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും വിപണിയിലെ കൃത്രിമങ്ങൾ തടയുന്നതിനുമായാണ് പരിശോധനകൾ തുടരുന്നതെന്നും അധികൃതർ അറിയിച്ചു.

പരിശോധന നടന്ന ഇതേ കാലയളവിൽ ഉപഭോക്താക്കളിൽ നിന്ന് 31,504 പരാതികളും റിപ്പോർട്ടുകളും അധികൃതർക്ക് ലഭിച്ചു. ഇതിൽ വിലക്കയറ്റവുമായി ബന്ധപ്പെട്ട 641 പരാതികളും ഉൾപ്പെടുന്നു. എന്നാൽ, വിശദമായ പരിശോധനയിൽ ന്യായമല്ലാത്ത രീതിയിൽ വില വർദ്ധിപ്പിച്ചതിന് കേവലം മൂന്ന് നിയമലംഘനങ്ങൾ മാത്രമാണ് അധികൃതർക്ക് കണ്ടെത്താനായത്. ദുബായിലെ വാണിജ്യ സ്ഥാപനങ്ങൾ ഉപഭോക്തൃ നിയമങ്ങളോട് കാണിക്കുന്ന ഉയർന്ന പ്രതിബദ്ധതയാണ് ഈ കുറഞ്ഞ നിരക്ക് സൂചിപ്പിക്കുന്നതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

വിലവിവരങ്ങൾ സുതാര്യമായി പ്രദർശിപ്പിക്കുന്നത് ദുബായ് വിപണി നിയന്ത്രണങ്ങളുടെ പ്രധാന തത്വങ്ങളിലൊന്നാണെന്ന് അഹമ്മദ് അഹ്‌ലി ഓർമ്മിപ്പിച്ചു. കടകളിലോ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലോ പ്രൊമോഷൻ മെറ്റീരിയലുകളിലോ ആകട്ടെ, വിലകൾ വ്യക്തമായി പ്രദർശിപ്പിക്കാൻ എല്ലാ റീട്ടെയ്‌ലർമാരും ബാധ്യസ്ഥരാണ്. "ഉപഭോക്താക്കൾക്കായി പ്രദർശിപ്പിച്ചിരിക്കുന്ന വിലയും പേയ്‌മെന്റ് കൗണ്ടറിൽ ഈടാക്കുന്ന വിലയും ഒന്നുതന്നെയായിരിക്കണം. ഇതിൽ എന്തെങ്കിലും വ്യത്യാസം കണ്ടാൽ അത് നിയമലംഘനമായി കണക്കാക്കുകയും കർശന നടപടി സ്വീകരിക്കുകയും ചെയ്യും." ദുബായ് അധികൃതർ വ്യക്തമാക്കുന്നു.

ഉപഭോക്താക്കളിൽ നിന്നുള്ള പരാതികൾ വേഗത്തിൽ പരിഹരിക്കാൻ ദുബായ് അധികൃതർ സ്മാർട്ട് പ്ലാറ്റ്‌ഫോമുകൾ ഉൾപ്പെടെയുള്ള ഡിജിറ്റൽ ചാനലുകൾ വിപുലീകരിച്ചിട്ടുണ്ട്. പരാതികൾ വിപണിയെ കൃത്യമായി നിരീക്ഷിക്കാൻ ഇൻസ്പെക്ടർമാരെ സഹായിക്കുന്നു. അന്വേഷണങ്ങൾ വേഗത്തിലാക്കാൻ സാധനങ്ങൾ വാങ്ങിയതിന്റെ രസീതുകൾ (Receipts) സൂക്ഷിച്ചുവെക്കാൻ ഉപഭോക്താക്കളോട് അധികൃതർ ആവശ്യപ്പെട്ടു.

നിലവിൽ ദുബായ് വിപണിയിലെ സാഹചര്യങ്ങൾ പൂർണ്ണമായും തൃപ്തികരമാണെന്നും ആശങ്കപ്പെടേണ്ട യാതൊരു സാഹചര്യവുമില്ലെന്നും അധികൃതർ കൂട്ടിച്ചേർത്തു. അവശ്യസാധനങ്ങൾ ആവശ്യത്തിന് ലഭ്യമാണെന്നും വിപണിയിലെ മത്സരക്ഷമതയും സുതാര്യതയും നിലനിർത്താൻ പരിശോധനകൾ തുടരുമെന്നും ദുബായ് കൺസ്യൂമർ പ്രൊട്ടക്ഷൻ വ്യക്തമാക്കി.

Content Highlights: Authorities carried out 8,479 inspections as part of a large-scale campaign to curb unjustified price increases. Strict enforcement measures, including fines for violators, helped improve compliance and protect consumers. The initiative is being highlighted as an example of how proactive market monitoring can help control inflationary pressures and unfair pricing practices.

dot image
To advertise here,contact us
dot image