

പത്തനംതിട്ട: പന്തളം വലിയ കോയിക്കല്‍ ക്ഷേത്രത്തില്‍ വിഷുക്കണി ദര്‍ശനത്തിനിടെ തിരുവാഭരണത്തിന് ഒപ്പമുള്ള കാണിപ്പൊന്ന് കാണാതായത് ആശങ്ക പടര്‍ത്തി. സിസിടിവി ദൃശ്യം വിശദമായി പരിശോധിച്ച് പന്തളം പൊലീസ് കാണിപ്പൊന്ന് കണ്ടെത്തി. വിഷുക്കൈനീട്ടം എന്ന് കരുതി ഭക്തന്‍ കാണിപ്പൊന്ന് കൊണ്ടുപോവുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
രാവിലെ ആറുമണിയോടെയാണ് ക്ഷേത്രത്തില്‍ നിന്നും കാണിപ്പൊന്ന് കാണാതായത്. ക്ഷേത്രം അധികൃതര്‍ ഉടന്‍ പന്തളം പൊലീസിനെ വിവരമറിയിച്ചു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നും ഒരാള്‍ കാണിപ്പൊന്ന് പോക്കറ്റില്‍ ഇട്ടു കൊണ്ടുപോകുന്നതായി കണ്ടെത്തുകയായിരുന്നു. അന്വേഷണത്തില്‍ ഇയാള്‍ ചെങ്ങന്നൂര്‍ മുളക്കുഴ സ്വദേശി ആണെന്ന് കണ്ടെത്തി.
വീട്ടിലെത്തി അന്വേഷിച്ചപ്പോള്‍ കൈനീട്ടം ആണെന്ന് കരുതിയാണ് കാണിപ്പൊന്ന് വീട്ടിലേക്ക് കൊണ്ടുവന്നതെന്നും പൂജാമുറിയില്‍ ഉണ്ടെന്നും ഭക്തന്‍ മറുപടി നല്‍കി. കാണിപ്പൊന്ന് ദേവസ്വം അധികൃതരെ ഏല്‍പ്പിച്ചതായി പന്തളം എസ് എച്ച് ഒ ഡി സജീഷ് കുമാര്‍ അറിയിച്ചു വിഷുദിനം പന്തളം കൊട്ടാരം അംഗങ്ങള്‍ക്കായി പ്രത്യേക ക്യൂ ക്ഷേത്രത്തില്‍ ഉണ്ടായിരുന്നു. ഭക്തന്‍ ഈ ക്യൂവിലാണ് നിന്നിരുന്നത്. പന്തളം കൊട്ടാരം അംഗങ്ങള്‍ക്ക് കാണിപ്പൊന്ന് തൊട്ട് തൊഴാനുള്ള അവസരമുണ്ട്. ഇതിനിടെയാണ് വിഷുക്കൈനീട്ടം എന്ന് കരുതി കാണിപ്പൊന്നുമായി ഭക്തന്‍ വീട്ടിലേക്ക് മടങ്ങിയത്.
Content Highlights: Missed kaniponnu get back from pooja room panthalam pathanamthitta