

അത്‌ലറ്റിക്കോ മാഡ്രിഡ് - ബാഴ്‌സലോണ ത്രില്ലെർ പോരിൽ വിജയിച്ചിട്ടും യുവേഫ ചാമ്പ്യൻസ് ലീഗ് സെമി പ്രവേശനം നേടാനാകാതെ സ്പാനിഷ് വമ്പന്മാരായ ബാർസ പുറത്ത്. എതിരാളികളുടെ തട്ടകത്തിൽ നടന്ന രണ്ടാംപാദ ക്വാർട്ടർ മത്സരത്തിൽ 2-1 ന്റെ ജയം സ്വന്തമാക്കിയിട്ടും ആദ്യപാദത്തിലെ മത്സരഫലമാണ് കറ്റാലന്മാർക്ക് തിരിച്ചടിയായത്. ഇരുപാദങ്ങളിലുമായി രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് അത്‌ലറ്റിക്കോ മാഡ്രിഡ് വിജയം നേടി അവസാന നാലിൽ ഇടംപിടിച്ചത്.
സൂപ്പർതാരം ലാമിൻ യമാൽ, ഫെറാൻ ടോറസ് എന്നിവരാണ് ബാഴ്സക്കായി രണ്ടാംപാദ മത്സരത്തിൽ വലകുലുക്കിയത്. അത്ലറ്റികോക്കായി അഡിമോല ലുക്മാനും നിർണായക ഗോൾ കണ്ടെത്തി. 79ാം മിനിറ്റിൽ എറിക് ഗാർസിയ ചുവപ്പ് കാർഡ് കണ്ട് പുറത്തുപോയതോടെ ബാഴ്സ പത്തുപേരിലേക്ക് ചുരുങ്ങി. തങ്ങളുടെ സ്വന്തം തട്ടകമായ ക്യാമ്പ് നൗവിൽ വഴങ്ങിയ രണ്ട് ഗോളിന്‍റെ കടം തിരിച്ചുകൊടുക്കണമെന്ന വാശിയിൽ എതിരാളികളുടെ മൈതാനത്തിറങ്ങിയ ബാഴ്‌സലോണക്കായി അഞ്ചാം മിനിറ്റിൽ തന്നെ യുവതാരം ലാമിൻ യമാലിന്‍റെ ഗോളിലൂടെ തുടക്കമിട്ടു. അത്‌ലറ്റിക്കോ പ്രതിരോധ താരം ക്ലെമന്‍റ് ലെങ്ലെറ്റിന്‍റെ പിഴവാണ് ആ ഗോളിന് വഴിയൊരുക്കിയത്. 24ാം മിനിറ്റിൽ ടോറസിലൂടെ ബാർസ ലീഡ് ഉയർത്തുകയും ചെയ്തു. ഇരുപാദങ്ങളിലെ സ്കോറിൽ ഫലം ഒപ്പത്തിനൊപ്പമായി. എന്നാൽ, 31ാം മിനിറ്റിൽ ലുക്മാൻ ഒരു ഗോൾ മടക്കിയതോടെ അഗ്രഗേറ്റ് സ്കോറിൽ ആതിഥേയർ വീണ്ടും ലീഡെടുക്കുകയായിരുന്നു.
സമനില പിടിക്കാനായി അവസാന മിനിറ്റുകളിൽ പൊരുതിനോക്കിയെങ്കിലും ഫലമുണ്ടായില്ല. 3-2 എന്ന ഇരുപാദ സ്കോറിൽ അത്‌ലറ്റിക്കോ സെമിയിലേക്ക് ടിക്കറ്റ് എടുത്തു. ആഴ്സനൽ-സ്പോർട്ടിങ് സി.പി മത്സരത്തിലെ വിജയികളെയാണ് അത്‌ലറ്റിക്കോയുടെ സെമിയിലെ എതിരാളികൾ.
Content highlight: Atletico Madrid defeat Barcelona in UEFA Champions League quarter-final