റാമിനെയും സംഗീതയെയും സംരക്ഷിക്കുന്നു; പൊലീസിനും മാനേജ്‌മെന്റിനുമെതിരെ നിതിന്റെ കുടുംബം

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കാന്‍ എന്തുകൊണ്ട് കാലതാമസം ഉണ്ടാകുന്നുവെന്നും നിതിന്‍ രാജിന്റെ സഹോദരി ചോദിച്ചു

റാമിനെയും സംഗീതയെയും സംരക്ഷിക്കുന്നു; പൊലീസിനും മാനേജ്‌മെന്റിനുമെതിരെ നിതിന്റെ കുടുംബം
dot image

തിരുവനന്തപുരം: കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ ഒന്നാം വര്‍ഷ ബിഡിഎസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തില്‍ പൊലീസിനും കോളേജ് മാനേജ്‌മെന്റിനുമെതിരെ ഗുരുതര ആരോപണവുമായി കുടുംബം. അധ്യാപകരായ റാമിനും സംഗീതയ്ക്കും പൊലീസില്‍ നിന്നോ മാനേജ്‌മെന്റില്‍ നിന്നോ സംരക്ഷണം ലഭിക്കുന്നുണ്ടെന്ന് കുടുംബം ആരോപിച്ചു. ഇത്രദിവസമായിട്ടും റാമിനെയും സംഗീതയെയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അന്വേഷണം ഊര്‍ജ്ജിതമാക്കണം. കേസ് വലിച്ചുനീട്ടി കൊണ്ടുപോയേക്കാം. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കാന്‍ എന്തുകൊണ്ട് കാലതാമസം ഉണ്ടാകുന്നുവെന്നും നിതിന്‍ രാജിന്റെ സഹോദരി രാഖി ചോദിച്ചു.

ലോണ്‍ ആപ്പില്‍ നിന്നുള്ള സമ്മര്‍ദ്ദം ഉണ്ടായിരുന്നെങ്കില്‍ എന്തുകൊണ്ടാണ് അധ്യാപികയായ ലത തങ്ങളെ ബന്ധപ്പെടാത്തതെന്നും കുടുംബം ചോദിക്കുന്നു. ആപ്പില്‍ നിന്നും മെസ്സേജ് വന്നെങ്കില്‍ തങ്ങളെ ടീച്ചര്‍ വിളിക്കേണ്ടതാണ്. നിതിന്റെ ഫോണ്‍ പിടിച്ചുവെച്ചിട്ടുണ്ട്. കാര്യമായി ഒന്നും സംഭവിക്കാതെ നിതിന്‍ ജീവനൊടുക്കില്ല. ഒളിച്ചിരുന്നാണ് നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുത്തിരുന്നത് പോലും എന്നും സഹോദരി പറഞ്ഞു.

നിതിന്റെ മരണം സംബന്ധിച്ച് ആദ്യം പറയുന്ന കാര്യങ്ങളല്ല ഇപ്പോള്‍ പറയുന്നത്. മൂന്നുനില എന്നാണ് ആദ്യം പറഞ്ഞത്. പിന്നീട് അത് മാറി. ചാടിയെന്ന് പറയുന്ന സ്ഥലത്ത് രക്തത്തിന്റെ പാട് ഇല്ല. മാനേജ്‌മെന്റിന്റെ ഭാഗത്ത് നിന്നും ഒരു ഫോണ്‍ പോലും വന്നിട്ടില്ലെന്നും സഹോദരി പറഞ്ഞു.

അതിനിടെ തനിക്ക് പഠിച്ച് ഡോക്ടറാകണമെന്നും ആരൊക്കെ തളര്‍ത്തിയാലും താന്‍ അത് തേടിയെടുത്തിരിക്കുമെന്നും പറയുന്ന നിതിന്റെ ഓഡിയോ സന്ദേശം പുറത്തുവന്നിരുന്നു. ഒന്നുകൊണ്ടും പേടിക്കേണ്ടെന്നും മാനസികമായി തളര്‍ത്തുന്ന എന്തെങ്കിലും സംഭവിച്ചാല്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും തന്നോട് ഒരു അധ്യാപകന്‍ പറഞ്ഞെന്നും നിതിന്‍ സുഹൃത്തിന് അയച്ച ഓഡിയോ സന്ദേശത്തില്‍ പറയുന്നുണ്ട്. ഡിപ്പാര്‍ട്ട്മെന്റിനെതിരെ ഒരുപാട് പരാതികളുണ്ടെന്നും നിതിന്‍ ശബ്ദസന്ദേശത്തില്‍ പറയുന്നു.

Content Highlights: Ram and Sangeetha get protection from somewhere nithin family against police and management

dot image
To advertise here,contact us
dot image