എവിടേയും ഗൂഗിളിന്‍റെ കുത്തക: പക്ഷെ ചോരാന്‍ പോകുന്നത് നമ്മുടെ പോക്കറ്റോ?

ഗൂഗിൾ പ്ലേ സ്റ്റോറിലൂടെ പണമടച്ച് വാങ്ങുന്ന ആപ്പുകൾക്കും സബ്സ്ക്രിപ്ഷനുകൾക്കും, ഉദാഹരണത്തിന് ഗെയിമുകൾ, സിനിമകൾ എന്നിവക്കെല്ലാം  ഗൂഗിൾ വലിയൊരു ശതമാനം കമ്മീഷൻ എടുക്കാറുണ്ട്. ഗൂഗിളിന് മത്സരിക്കാൻ ആരുമില്ലാത്ത അവസ്ഥ വന്നാൽ, അവർ ഈ കമ്മീഷൻ വർദ്ധിപ്പിക്കും.

എവിടേയും ഗൂഗിളിന്‍റെ കുത്തക: പക്ഷെ ചോരാന്‍ പോകുന്നത് നമ്മുടെ പോക്കറ്റോ?
സുമ സണ്ണി
3 min read|15 Apr 2026, 12:48 pm
dot image

ഗൂഗിളിനെതിരെ കോടതിയിൽ കേസ് ഫയൽ ചെയ്ത് ലോകത്തിലെ മൂന്നാമത്തെ വലിയ ആപ്പ് സ്റ്റോറായ ആപ്റ്റോയ്ഡ്. ഗൂഗിൾ തങ്ങളുടെ അധികാരം ഉപയോഗിച്ച് മറ്റ് ആപ്പ് സ്റ്റോറുകളെ തകർക്കുന്നു എന്നതാണ് പ്രധാന ആരോപണം. ഇത്തരമൊരു കേസിൽ നമുക്കെന്താ പ്രശ്‍നം, ഇത് സാധാരണക്കാരെ ബാധിക്കില്ല എന്നാണോ ചിന്തിക്കുന്നത്? എന്നാല്‍ കാര്യങ്ങള്‍ അങ്ങനേയല്ല.

ഒരു നഗരത്തിലെ എല്ലാ റോഡുകളും, ആ റോഡിലൂടെ ഓടുന്ന ബസുകളും, ബസിലെ ടിക്കറ്റ് മെഷീനും ഒരു കമ്പനിയുടെ തന്നെയാണെന്ന് വിചാരിക്കുക. അപ്പോൾ അവർ നിശ്ചയിക്കുന്ന നിരക്ക് നൽകാൻ നമ്മൾ നിർബന്ധിതരാകും. സമാനമായ അവസ്ഥയാണ് ഡിജിറ്റൽ ലോകത്ത് ഗൂഗിൾ ചെയ്യുന്നത്.

സാധാരണക്കാരനെ എങ്ങിനെയാണ് ബാധിക്കുന്നത്?

ഗൂഗിൾ പ്ലേ സ്റ്റോറിലൂടെ പണമടച്ച് വാങ്ങുന്ന ആപ്പുകൾക്കും സബ്സ്ക്രിപ്ഷനുകൾക്കും, ഉദാഹരണത്തിന് ഗെയിമുകൾ, സിനിമകൾ എന്നിവക്കെല്ലാം  ഗൂഗിൾ വലിയൊരു ശതമാനം കമ്മീഷൻ എടുക്കാറുണ്ട്. ഗൂഗിളുമായി മത്സരിക്കാൻ ആരുമില്ലാത്ത അവസ്ഥ വന്നാൽ, അവർ ഈ കമ്മീഷൻ വർദ്ധിപ്പിക്കും. ഇതിന്റെ ഭാരം ആത്യന്തികമായി ഉപഭോക്താവിന്റെ തലയിൽ അമിതവിലയായി വന്നു ചേരും.

തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം

മികച്ച ഫീച്ചറുകളോ കുറഞ്ഞ നിരക്കോ ഉള്ള മറ്റ് ആപ്പ് സ്റ്റോറുകളെ ഗൂഗിൾ അടിച്ചമർത്തുന്നതിലൂടെ, ഉപഭോക്താക്കൾക്ക് മെച്ചപ്പെട്ട സേവനങ്ങൾ കുറഞ്ഞ നിരക്കിൽ ലഭിക്കാനുള്ള അവസരം നഷ്ടപ്പെടുന്നു. മറ്റ് സ്റ്റോറുകൾക്ക് വലിയ ഡെവലപ്പർമാരുടെ ആപ്പുകൾ ലഭിക്കാതിരിക്കാൻ ഗൂഗിൾ ശ്രമിക്കുന്നുവെന്ന് ആപ്റ്റോയ്ഡ് ആരോപിക്കുന്നു. ഇതിനർത്ഥം പ്ലേ സ്റ്റോർ പറയുന്ന നിബന്ധനകളും നിരക്കുകളും അംഗീകരിക്കാൻ നമ്മൾ നിർബന്ധിതരാകുന്നു എന്നാണ്. ഗൂഗിൾ അതിന്റെ സ്ഥാനം ഉപയോഗിച്ച് ചെറിയ കമ്പനികളെ വളരാൻ സമ്മതിക്കുന്നില്ല എന്നതിന്റെ അർഥം,  ഇത് കമ്പോളത്തിലെ ആരോഗ്യകരമായ മത്സരത്തെ നശിപ്പിക്കുന്നു എന്നാണ്.

ഗൂഗിൾ ഇല്ലാതെ ജീവിതം ഇല്ല

പണമിടപാടുകൾ നടത്താൻ ഗൂഗിളിന്റെ സ്വന്തം പേയ്‌മെന്റ് രീതികൾ മാത്രം ഉപയോഗിക്കാൻ നിർബന്ധിക്കുന്നു. ഇത് മറ്റ് കമ്പനികൾക്ക് വരുമാനനഷ്ടം ഉണ്ടാക്കുന്നു.വേറെ ഏതൊക്കെ ആപ്പ് ഉണ്ടെങ്കിലും, പണം കൈമാറാൻ നമ്മൾ പൊതുവെ ഗൂഗിൾ പേ തന്നെയാണ് അറിയാതെ ഉപയോഗിക്കുന്നത്. ഇതുപോലെ, ഗൂഗിൾ മാപ് മുതൽ, ഗൂഗിൾ ഫിറ്റ്, ഗൂഗിൾ സെർച്ച്, ജി മെയിൽ, ഗൂഗിൾ ഡ്രൈവ്, ഗൂഗിൾ ഫോട്ടോസ്, ഗൂഗിൾ പ്ലേ സ്റ്റോർ, ഗൂഗിൾ മീറ്റ്, ഗൂഗിൾ കലണ്ടർ, ഗൂഗിൾ ഡോക് ,ഗൂഗിൾ ട്രാൻസ്ലേറ്റ്, ഗൂഗിൾ എർത്ത് , ഗൂഗിൾ ക്ലാസ് റൂം , ഗൂഗിൾ ലെന്സ്, ഗൂഗിൾ റിവാർഡ്‌സ് വരെ ഒട്ടനവധി കാര്യങ്ങൾ നമ്മൾ നിത്യ ജീവിതത്തിൽ ഉപയോഗിക്കുന്നുണ്ട്. ഈ ഒരു അവസ്ഥയിൽ മറ്റൊരു കമ്പനിയെ ഗൂഗിൾ വളർത്താൻ സമ്മതിക്കാതെ ഇരിക്കുമ്പോഴുള്ള പ്രശ്നങ്ങൾ ഒന്ന് ആലോചിച്ച് നോക്കൂ .

നഷ്ടപരിഹാരം

ഗൂഗിളിന്റെ ഈ രീതികൾ കാരണം തങ്ങൾക്കുണ്ടായ സാമ്പത്തിക നഷ്ടത്തിന് മൂന്നിരട്ടി തുക നൽകണമെന്നാണ് ആപ്റ്റോയ്ഡ് ആവശ്യപ്പെടുന്നത്. ഈ കേസ് വിജയിക്കുകയാണെങ്കിൽ, മൊബൈൽ ആപ്പുകളുടെ വിപണിയിൽ കൂടുതൽ കമ്പനികൾ വരികയും മത്സരമുണ്ടാകുകയും ചെയ്യും. ഇത് ഭാവിയിൽ ആപ്പുകൾക്കും ഗെയിമുകൾക്കും വില കുറയാനും സാധാരണക്കാർക്ക് കൂടുതൽ ലാഭകരമായ ഓപ്ഷനുകൾ ലഭിക്കാനും കാരണമായേക്കാം. ഇത് സാധാരണക്കാരന്റ്റെ പോക്കറ്റ് ചോർച്ച കുറക്കുകയും ചെയ്യും. 

Content Highlights: Understand how Google's market dominance impacts the common man. From higher app prices to privacy concerns, learn why digital monopolies matter to your wallet

dot image
To advertise here,contact us
dot image