'യേശുക്രിസ്തു വംശഹത്യയെ പിന്തുണയ്ക്കുന്നില്ല'; അമേരിക്കൻ വൈസ് പ്രസിഡൻ്റിൻ്റെ സംസാരത്തിനിടെ പ്രതിഷേധം

ഗാസയിലെ പ്രശ്നങ്ങൾക്ക് കാരണം ജോ ബൈഡൻ സർക്കാരെന്ന് കുറ്റപ്പെടുത്തിയായിരുന്നു ​ഗാസ വിഷയത്തിൽ ജെ ഡി വാൻസിൻ്റെ മറുപടി

'യേശുക്രിസ്തു വംശഹത്യയെ പിന്തുണയ്ക്കുന്നില്ല'; അമേരിക്കൻ വൈസ് പ്രസിഡൻ്റിൻ്റെ സംസാരത്തിനിടെ പ്രതിഷേധം
dot image

വാഷിം​ഗ്ടൺ: ജോ‌ർജ്ജിയ യൂണിവേഴ്സിറ്റിയിൽ സംസാരിച്ച് കൊണ്ടിരിക്കെ അമേരിക്കൻ വൈസ് പ്രസി‍ഡൻ്റ് ജെ ഡി വാൻസിൻ്റെ പ്രസം​ഗം തടസ്സപ്പെടുത്തി പ്രതിഷേധം. ​ഗാസയ്ക്കെതിരെ ഇസ്രയേൽ നടത്തുന്ന വംശഹത്യാ യുദ്ധം ചൂണ്ടിക്കാണിച്ച് സദസ്സിൽ നിന്ന് പ്രതിഷേധ ശബ്ദം ഉയരുകയായിരുന്നു. 'യേശുക്രിസ്തു വംശഹത്യയെ പിന്തുണയ്ക്കുന്നില്ലെ'ന്നായിരുന്നു സദസ്സിൽ ഉണ്ടായിരുന്ന ഒരാളുടെ പ്രതികരണം. 'നിങ്ങൾ കുട്ടികളെ കൊല്ലുകയാണ്! നിങ്ങൾ കുട്ടികളെ ബോംബെറിയുകയാണ്!' എന്ന് അയാൾ വീണ്ടും വിളിച്ച് പറഞ്ഞു. യേശു ക്രിസ്തുവായി സ്വയം ചിത്രീകരിച്ച ഡോണൾഡ് ട്രംപിനെ പരോക്ഷമായി പരിഹസിക്കുന്നതായിരുന്നു പ്രതിഷേധക്കാരൻ്റെ വാക്കുകൾ.

പിന്നീട് സംസാരത്തിനിടെ പ്രതിഷേധക്കാരൻ ഉയർത്തിയ യേശുക്രിസ്തു വംശഹത്യയെ പിന്തുണയ്ക്കുന്നില്ലെന്ന പ്രസ്താവന അം​ഗീകരിച്ച വാൻസ് അമേരിക്കൻ ഭരണകൂടം ​ഗാസ വിഷയം കൈകാര്യം ചെയ്തതിനെ പക്ഷെ ന്യായീകരിച്ചു. ഞാൻ സമ്മതിക്കുന്നു, യേശു വംശഹത്യയെ പിന്തുണയ്ക്കുന്നില്ല, ഇരുട്ടിൽ നിന്ന് ആരൊക്കെ അങ്ങനെ വിളിച്ചുപറഞ്ഞാലും. അദ്ദേഹം തീർച്ചയായും പിന്തുണയ്ക്കുന്നില്ല എന്നായിരുന്നു വാൻസിൻ്റെ മറുപടി. പ്രതിഷേധം അറിയിച്ച വ്യക്തി ഗാസയിൽ വെടിനിർത്തൽ ചർച്ച നടത്തിയതിൽ ട്രംപിനോട് നന്ദിയുള്ളവനായിരിക്കണമെന്നും വാൻസ് പിന്നീട് പറഞ്ഞു. 'ഞങ്ങളാണ് പ്രശ്നം പരിഹരിച്ച ഭരണകൂടം' എന്നും വാൻസ് പറഞ്ഞു.

ട്രംപ് ഭരണകൂടം ഗാസയിൽ ഒരു വംശഹത്യയെ പിന്തുണയ്ക്കുന്നു എന്ന ആരോപണത്തോടും വാൻസ് പ്രതികരിച്ചു. ​ഗാസയെ കുറിച്ച് ഉയർന്ന ചോദ്യങ്ങൾക്ക് മറുപടി എന്ന നിലയിലായിരുന്നു വാൻസിൻ്റെ പ്രതികരണം. ജോ ബൈഡൻ സർക്കാരിനെ പരോക്ഷമായി കുറ്റപ്പെടുത്തിയായിരുന്നു ​ഗാസ വിഷയത്തിൽ ജെ ഡി വാൻസിൻ്റെ മറുപടി. 'ഞങ്ങൾ വന്നപ്പോൾ, ഗാസയിലെ മാനുഷിക സാഹചര്യം ഒരു സമ്പൂർണ്ണ ദുരന്തമായിരുന്നു. ഗാസയിൽ സമാധാന കരാർ നടപ്പിലാക്കിയ വ്യക്തി ആരാണെന്ന് നിങ്ങൾക്കറിയാമോ? ഡൊണാൾഡ് ജെ. ട്രംപ്!' എന്നായിരുന്നു വാൻസിൻ്റെ പ്രതികരണം. ​'ഗാസയിൽ സംഭവിച്ചതിനെക്കുറിച്ച് പരാതിപ്പെടണമെങ്കിൽ, ജോ ബൈഡനെക്കുറിച്ചും കഴിഞ്ഞ ഭരണകൂടത്തെക്കുറിച്ചും നിങ്ങൾ എന്തുകൊണ്ട് പരാതിപ്പെടുന്നില്ല? ആ പ്രശ്നം പരിഹരിച്ച ഭരണകൂടം ഞങ്ങളാണ്' എന്നും വാൻസ് കൂട്ടിച്ചേർത്തു.

ഇതിന് പിന്നാലെയായിരുന്നു 'നിങ്ങൾ കുട്ടികളെ കൊല്ലുകയാണ്!' എന്ന് അതേ പ്രതിഷേധക്കാരൻ വീണ്ടും വിളിച്ച് പറഞ്ഞത്. അതിനോടും വാൻസ് പ്രതികരിച്ചിരുന്നു. 'ക്ഷമിക്കണം സർ, ഇപ്പോൾ, കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ ഇതുവരെ കാണാത്തത്ര മാനുഷിക സഹായം ഗാസയിൽ വരുന്നത് നിങ്ങൾ കാണുന്നുണ്ട്. ഞങ്ങൾ ആ സാഹചര്യം ഗൗരവമായി എടുത്തിട്ടുണ്ട് എന്നതാണ് കാരണം' എന്നായിരുന്നു വാൻസിൻ്റെ പ്രതികരണം.

നേരത്തെ സ്വയം യേശുവായി ചിത്രീകരിച്ച ഡോണൾഡ് ട്രംപിൻ്റെ എഐ ചിത്രം വ്യാപക വിമർശനത്തിന് വഴിതെളിച്ചിരുന്നു. റിപ്പബ്ലിക്കൻ പാര്‍ട്ടിക്കുള്ളിലും ട്രംപിൻ്റെ നടപടിയിൽ വിമർശം ഉയർന്നിരുന്നു. ട്രംപ് നടത്തിയത് ദൈവ നിന്ദയാണെന്നും വിമർശനങ്ങൾ വരുന്നതിന് മുൻപ് പോസ്റ്റ് പിൻവലിക്കണമെന്നുമായിരുന്നു വലതുപക്ഷ പാർട്ടിയിലെ ചില വലതുപക്ഷ അനുകൂലികളുടെ നിലപാട്. ഇതിന് പിന്നാലെ ട്രംപ് ചിത്രം നീക്കം ചെയ്തിരുന്നു. ഇറാൻ യുദ്ധത്തിനെതിരായ നിലപാടിന്റെ പേരിൽ ലിയോ പതിനാലാമനെ ദുർബലനെന്നും റാഡിക്കൽ ലെഫ്റ്റ് എന്നും വിളിച്ച് അധിക്ഷേപിച്ചത് പിന്നാലെയായിരുന്നു സ്വയം യോശുവായി ചിത്രീകരിക്കുന്ന എഐ ചിത്രം സമൂഹ മാധ്യമമായ ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ചത്. ലിയോ പതിനാലാമൻ മികച്ച പോപ്പ് ആയാൽ മതിയെന്നും അല്ലാതെ രാഷ്ട്രീയക്കാരൻ ആകേണ്ട എന്നായിരുന്നു ട്രംപിൻ്റെ വിമർശനം.

Content Highlights: US Vice President JD Vance was interrupted during a speech at a Turning Point USA event when a protester shouted "Jesus Christ does not support genocide" and accused the administration of killing children in Gaza. Vance agreed that Jesus does not support genocide while defending the Trump administration's policies and recent Gaza ceasefire efforts.

dot image
To advertise here,contact us
dot image