

പട്‌ന: ബിഹാറില്‍ നിതീഷ് യുഗം അവസാനിച്ചു. ബിജെപി നേതാവ് സാമ്രാട്ട് ചൗധരി ബിഹാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ സയ്യിദ് അദാ ഹാസ്‌നൈന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. ബിജെപി നേതാക്കളും സഖ്യകക്ഷികളും ചടങ്ങില്‍ പങ്കെടുത്തു. ബിഹാറിലെ ആദ്യത്തെ ബിജെപി മുഖ്യമന്ത്രിയാണ് സാമ്രാട്ട് ചൗധരി. രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ നിതീഷ് കുമാര്‍ ദിവസങ്ങള്‍ക്കു മുന്‍പ് ബിഹാര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചിരുന്നു. നിതീഷ് കുമാര്‍ മന്ത്രിസഭയില്‍ ഉപമുഖ്യമന്ത്രിയായിരുന്നു സാമ്രാട്ട് ചൗധരി.
ബിജേന്ദ്ര പ്രസാദ് യാദവ്, വിജയ് കുമാര്‍ ചൗധരി എന്നീ ജെഡിയു നേതാക്കള്‍ ഉപമുഖ്യമന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്തു. താരാപൂരില്‍ നിന്നുളള നിയമസഭാംഗമായ സാമ്രാട്ട് ചൗധരി ബിഹാറിലെ മുതിര്‍ന്ന രാഷ്ട്രീയ നേതാവ് ശകുതി ചൗധരിയുടെ മകനാണ്. ആര്‍ജെഡിയിലൂടെ രാഷ്ട്രീയ ജീവിതം ആരംഭിച്ച സാമ്രാട്ട് ചൗധരി 2014-ല്‍ ജെഡിയുവില്‍ ചേര്‍ന്നിരുന്നു. 2017-ലാണ് ബിജെപിയിലേക്ക് പോയത്. 2023-ല്‍ ബിഹാര്‍ ബിജെപി അധ്യക്ഷനായി.
കഴിഞ്ഞ ദിവസമാണ് നിതീഷ് കുമാർ ലോക്ഭവനിലെത്തി രാജിക്കത്ത് കൈമാറിയത്. സാമ്രാട്ട് ചൗധരിയ്‌ക്കൊപ്പമായിരുന്നു നിതീഷ് ലോക്ഭവനിലെത്തിയത്. ബിഹാറിന്റെ വികസനത്തിന് കേന്ദ്ര സര്‍ക്കാര്‍ പൂര്‍ണ പിന്തുണ നല്‍കുമെന്നും പുതിയ സര്‍ക്കാരിന് താന്‍ കൃത്യമായ മാര്‍ഗനിര്‍ദേശങ്ങളും പൂര്‍ണ പിന്തുണയും നല്‍കുമെന്നും നിതീഷ് കുമാര്‍ വ്യക്തമാക്കിയിരുന്നു. സാമ്രാട്ട് ചൗധരിയെ ഭാവി നേതാവായി നിതീഷ് പലതവണ വിശേഷിപ്പിച്ചിരുന്നു. അധികാര കൈമാറ്റ ധാരണയുടെ ഭാഗമായി നിതീഷിന്റെ മകന്‍ നിഷാന്ത് കുമാര്‍ മന്ത്രിസഭയിലെത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും മന്ത്രി പദവി വേണ്ടെന്ന് നിഷാന്ത് പറഞ്ഞതായാണ് റിപ്പോർട്ട്. പാർട്ടി പദവികളാകും നിഷാന്ത് ആദ്യം വഹിക്കുക. ബിഹാറിലെ ഏറ്റവും പ്രമുഖനായ നേതാവിന്റെ മകനായിട്ടും ഇത്രനാള്‍ രാഷ്ട്രീയത്തില്‍ നിന്നും മാറിനില്‍ക്കുകയായിരുന്നു നിഷാന്ത് കുമാര്‍.
Content Highlights: Samrat Chaudhary sworn in as BJP's first Chief Minister in Bihar