'സഞ്ജുവിന്റെ സാന്നിധ്യം റിതുരാജിനെ ഭയപ്പെടുത്തുന്നു'; പ്രതികരണവുമായി മുന്‍ താരങ്ങള്‍

സീസണില്‍ രണ്ട് മത്സരങ്ങള്‍ കഴിയുമ്പോള്‍ ഒരു ജയം പോലും ചെന്നൈയ്ക്ക് നേടാനായിട്ടില്ല.

'സഞ്ജുവിന്റെ സാന്നിധ്യം റിതുരാജിനെ ഭയപ്പെടുത്തുന്നു'; പ്രതികരണവുമായി മുന്‍ താരങ്ങള്‍
dot image

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ തുടര്‍പരാജയങ്ങള്‍ വിരല്‍ ചൂണ്ടുന്നത് ക്യാപ്റ്റന്‍ റിതുരാജ് ഗെയ്ക്വാദിലേക്കാണ്. സീസണില്‍ രണ്ട് മത്സരങ്ങള്‍ കഴിയുമ്പോള്‍ ഒരു ജയം പോലും ചെന്നൈയ്ക്ക് നേടാനായിട്ടില്ല. സ്വന്തം തട്ടകമായ ചേപ്പോക്കില്‍ പഞ്ചാബ് കിങ്‌സിനെതിരെയാണ് ചെന്നൈ ഇന്നലെ തോറ്റത്.

ടീമില്‍ സഞ്ജുവിന്റെ സാന്നിധ്യം റിതുരാജിനെ അസ്വസ്ഥനാക്കുന്നുവെന്നാണ് മുന്‍ താരങ്ങളായ മൈക്കല്‍ വോണും സൈമണ്‍ ഡൂളും പറയുന്നത്. 'ക്രിക്ബസി'ല്‍ നടന്ന ചര്‍ച്ചയിലാണ് ഇരുവരും പ്രതികരിച്ചത്. ഗെയ്ക്വാദിന് സഞ്ജുവിനെ ഭയമുണ്ടോ?, തന്റെ നായകസ്ഥാനത്തിന് സഞ്ജു ഒരു ഭീഷണിയാണെന്ന് അദ്ദേഹത്തിന് തോന്നുന്നുണ്ടോ? എന്ന മൈക്കല്‍ വോണിന്റെ ചോദ്യത്തിന് തീര്‍ച്ചയായും എന്നായിരുന്നു സൈമണ്‍ ഡൂളിന്റെ മറുപടി.

ദീര്‍ഘകാലം ടീമിനെ നയിച്ച വിക്കറ്റ് കീപ്പര്‍-ക്യാപ്റ്റനായ ധോനിക്ക് പകരക്കാരനായി സഞ്ജുവിനെപ്പോലെ പരിചയസമ്പന്നനായ ഒരു നായകനെ കൊണ്ടുവന്നത് ഗെയ്ക്വാദിന് സമ്മര്‍ദ്ദമുണ്ടാക്കുമെന്ന് മൈക്കല്‍ വോണും പറഞ്ഞു. നീയാണ് നായകന്‍, ഞങ്ങള്‍ നിന്നെ പിന്തുണയ്ക്കുന്നു എന്ന് പറയുന്നതോടൊപ്പം തന്നെ സഞ്ജുവിനെപ്പോലൊരു മികച്ച ക്യാപ്റ്റനെയും വിക്കറ്റ് കീപ്പറെയും ടീമിലെത്തിക്കുന്നത് ഗെയ്ക്വാദിനെ തിരിഞ്ഞുനോക്കാന്‍ പ്രേരിപ്പിക്കുമെന്നും വോണ്‍ കൂട്ടിച്ചേര്‍ത്തു.

രാജസ്ഥാന്‍ റോയല്‍സിനെ 2022-ല്‍ ഫൈനലില്‍ എത്തിച്ച നായകനാണ് സഞ്ജു. എന്നാല്‍ സിഎസ്‌കെയില്‍ എത്തിയ ശേഷമുള്ള ആദ്യ രണ്ട് മത്സരങ്ങളിലും സഞ്ജുവിന് തിളങ്ങാനായിരുന്നില്ല. രണ്ട് മത്സരങ്ങളിലും രണ്ടക്കം കാണാതെ പുറത്തായ സഞ്ജു വലിയ സമ്മര്‍ദ്ദത്തിലാണെന്ന് സൈമണ്‍ ഡൂള്‍ പറഞ്ഞു. ഇന്ത്യയ്ക്കായി ടി20 ലോകകപ്പില്‍ കാഴ്ചവെച്ച മികച്ച ഫോമിലേക്ക് സഞ്ജു ഉടന്‍ തിരിച്ചെത്തേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

Content Highlights:ipl-2026-sanju-samson-vs-ruturaj-gaikwad-former-players-reaction

dot image
To advertise here,contact us
dot image