

കൊച്ചി: തെരഞ്ഞെടുപ്പ് വോട്ടിങ് യന്ത്രത്തിലും ബാലറ്റിലും തന്റെ പേര് മാറ്റണമെന്ന തൃപ്പൂണിത്തുറയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും നടിയുമായ അഞ്ജലി നായരുടെ അപേക്ഷ തള്ളി വരണാധികാരി. നിലവില്‍ വോട്ടിങ് യന്ത്രത്തിൽ രേഖപ്പെടുത്തിയ അഞ്ജലി പി വി എന്ന പേരുതന്നെ തെരഞ്ഞെടുപ്പിന്റെ എല്ലാ ഘട്ടങ്ങളിലും തുടരണമെന്ന് അധികൃതര്‍ അറിയിച്ചു.
തെരഞ്ഞെടുപ്പ് പത്രികയില്‍ അഞ്ജലി പി വി എന്ന പേരാണ് ഉപയോഗിച്ചിരിക്കുന്നതെങ്കിലും പൊതുജീവത്തിലും ചലച്ചിത്ര മേഖലയിലും തന്റെ പേര് അഞ്ജലി നായര്‍ എന്നാണെന്നും പേര് മാറ്റണമെന്നും ആവശ്യപ്പെട്ട് അഞ്ജലി ഹൈക്കോടതിയെ സമീപിച്ചിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയതും പോസ്റ്ററുകളടിച്ചതുമെല്ലാം ആ പേരിലാണ്. എന്നാല്‍ വോട്ടിങ് യന്ത്രത്തില്‍ അഞ്ജലി പി വി എന്നാണുള്ളത്. ഇത് തനിക്ക് വോട്ടു ചെയ്യാനെത്തുന്നവരില്‍ ആശയക്കുഴപ്പമുണ്ടാക്കുകയും അര്‍ഹമായ വോട്ട് നഷ്ടപ്പെടുത്തുകയും ചെയ്യുമെന്നും അഞ്ജലി ചൂണ്ടിക്കാട്ടിയിരുന്നു.
അഞ്ജലി പി വി എന്നതുമാറ്റി താന്‍ അറിയപ്പെടുന്ന അഞ്ജലി നായര്‍ എന്നാക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ വരണാധികാരിക്ക് അപേക്ഷ നല്‍കിയിരുന്നുവെന്നും എന്നാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നവരുടെ പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ പേര് അഞ്ജലി പി വി എന്ന് തന്നെയായിരുന്നു രേഖപ്പെടുത്തിയതെന്നും അഞ്ജലി ചൂണ്ടിക്കാട്ടി. അഞ്ജലിയുടെ അപേക്ഷ പരിഗണിച്ച ഹൈക്കോടതി അനുകൂലമായ ഉത്തരവായിരുന്നു പുറപ്പെടുവിച്ചത്. ആവശ്യം വരണാധികാരി പരിഗണിക്കണം എന്നായിരുന്നു ഹൈക്കോടതി പറഞ്ഞത്. എന്നാൽ അഞ്ജലിയുടെ ആവശ്യം വരണാധികാരി തള്ളുകയായിരുന്നു.
തൃപ്പൂണിത്തുറയില്‍ ബിജെപി മത്സരിച്ചുവരുന്ന മണ്ഡലമാണെങ്കിലും ഇത്തവണ ആ സീറ്റ് ട്വന്റി 20ക്കാണ് നല്‍കിയത്. 'ചക്ക' അടയാളത്തിലാണ് അഞ്ജലി നായര്‍ മത്സരിക്കുന്നത്. സിപിഐഎമ്മിന്റെ കെ എന്‍ ഉണ്ണികൃഷ്ണനാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. കോണ്‍ഗ്രസിന്റെ ദീപക് ജോയി ആണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി.
Content Highlight : The request by NDA candidate Anjali Nair to change her name in the voting machine records has been rejected by authorities. The decision means no modification will be made to the existing entry for the upcoming election