

അടുത്തിടെയാണ് തന്റെ രോഗാവസ്ഥയെ കുറിച്ച് വെളിപ്പെടുത്തി സഹായം അഭ്യര്‍ഥിച്ച് നടനും മിമിക്രി ആര്‍ട്ടിസ്റ്റുമായ കണ്ണന്‍ സാഗര്‍ രംഗത്തെത്തിയത്. ഹൃദയത്തില്‍ ബ്ലോക്കായിരുന്നു. തന്നെക്കൊണ്ട് ഇപ്പോൾ താങ്ങാൻ പറ്റാത്ത അത്രയും തുക ചികിത്സക്കായി ആകുമെന്നും സംഘടനയിലും ചില സഹപ്രവർത്തകരേയും വിളിച്ച് തന്റെ നിസഹായാവസ്ഥ വെളിപ്പെടുത്തിതായും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിരുന്നു.
ഇപ്പോഴിതാ ശസ്ത്രക്രിയക്കായി താൻ ആശുപത്രിയിൽ അഡ്മിറ്റ് ആയെന്ന വിവരം പങ്കുവെച്ചിരിക്കുകയാണ് കണ്ണൻ. തന്നെ സഹായിച്ചവരോടുള്ള നന്ദിയും അദ്ദേഹം അറിയിക്കുന്നുണ്ട്. ''ഞാനിപ്പോൾ ആലുവയിലെ രാജഗിരി ആശുപത്രിയിൽ അഡ്മിറ്റായിരിക്കുകയാണ്.സര്‍ജറി എനിക്ക് ആവശ്യമായിട്ടുണ്ട്. ആറാം തീയതിയാണ് ബൈപാസ് ചെയ്യുന്നത്. അതിന് വേണ്ടിയാണ് അഡ്മിറ്റായത്. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ അസുഖത്തെക്കുറിച്ചും, എന്റെ വയ്യായ്മയെക്കുറിച്ചും ഞാന്‍ പറഞ്ഞിരുന്നു. അതുകേട്ട് എന്ന സഹായിക്കാന്‍ എന്റെ പ്രിയപ്പെട്ട സംഘടന 'മാ'യിലെ ഏറ്റവും പ്രിയപ്പെട്ട സഹോദരങ്ങള്‍ അകമഴിഞ്ഞു സഹായിക്കാൻ ഓടിയെത്തി. അവരുടെയെല്ലാ അനുഗ്രഹവും എനിക്കുണ്ട്. കെ എസ് പ്രസാദ് ചേട്ടനും നിരന്തരം വിളിക്കുകയും, കാര്യങ്ങള്‍ അന്വേഷിക്കുകയും ചെയ്തിരുന്നു. ഈ സര്‍ജറിക്ക് വേണ്ട കാര്യങ്ങളെല്ലാം ഒരുക്കി തന്നത് രമേഷ് പിഷാരടി ചേട്ടനാണ്. സ്‌നേഹം കൊണ്ടും, സാമ്പത്തികം കൊണ്ടും, അന്വേഷണം കൊണ്ടും ഒരുപാട് സ്നേഹിക്കുന്ന പ്രിയപ്പെട്ട സഹോദരീ സഹോദരങ്ങളോട് പറഞ്ഞാല്‍ തീരാത്തത്ര നന്ദിയും, കടപ്പാടുണ്ട്. എനിക്കും കുടുംബത്തിനും വേണ്ടി എല്ലാവരും പ്രാര്‍ത്ഥിക്കുക.- കണ്ണൻ സാഗർ വീഡിയോയിൽ പറഞ്ഞു.
'ജീവിതത്തിലെ പ്രതിസന്ധികളും ബുദ്ധിമുട്ടുകളും സാമ്പത്തിക പരാധീനതയും സന്തോഷവും സമാധാനവും സംരക്ഷണയും കരുതലും ആഗ്രഹിക്കാത്തവരായി ഈ ലോകത്ത് ആരും ഉണ്ടാകില്ല. ഉള്ള വരുമാനത്താൽ കുടുംബവും പോറ്റി മക്കളേയും വളർത്തി അവർക്കൊരു നല്ലതിനായി പ്രാർഥിച്ചും അവർക്കുവേണ്ടി പ്രയത്നിച്ചും, ആവുന്നത്ര ഉള്ളതിൽനിന്നും മറ്റുള്ളവരെ സഹായിച്ചും സന്തോഷിപ്പിച്ചും പോകുന്ന പോക്കിലാണ് വെള്ളിടി വെട്ടുമ്പോലെ കുടുംബജീവിതത്തിലേക്ക് അസുഖം എന്ന അതിഥി കടന്നുവരുന്നത്.
അൽപ്പം ദുഃഖിപ്പിച്ചും വേദനിപ്പിച്ചും കൂടെയുള്ളവരുടെ സമയം കെടുത്തിയും ഒരു ബാധ്യതയ്ക്കു വഴിയൊരുക്കി ഇനിയെങ്ങനെ മുന്നോട്ട് എന്ന ചോദ്യശരങ്ങളുമായി വഴിമുടക്കിയും ഇനി ഞാൻ പറഞ്ഞിട്ടു മുന്നോട്ട് പോയാൽ മതിയെന്ന ശാഠ്യവുമായി അസുഖങ്ങൾ വിലങ്ങനെ കടന്നു നിൽക്കുന്നതും, എന്നാൽ നോക്കട്ടെയെന്ന ദൃഢനിശ്ചയത്തോടെ നേരിടാൻ തയാറായാലും സാമ്പത്തികം ഒരു വലിയ ഘടകമാണ്, അവിടെയാണ് നമ്മൾ ഒന്നുമല്ലെന്ന ബോധം വരുന്നതും മറ്റുള്ളവരുടെ സഹായം തേടുന്നതും. അതൊരു കുറച്ചിലായി ഞാനും കാണുന്നില്ല, നമ്മുടെ ആവശ്യങ്ങൾ പറഞ്ഞാലല്ലേ മറ്റുള്ളവർ അറിയുക സന്മനസുള്ളവർ സഹായിക്കാൻ തയാറാകൂ.
കുറേ ദിവസങ്ങളായി ഞാൻ ആശുപത്രികൾ കയറിയിറങ്ങുന്നു. ഇന്നലെ ചങ്ങനാശ്ശേരി ചെത്തിപ്പുഴ സെന്റ് തോമസ് ഹോസ്പിറ്റലിൽ ആൻജിയോഗ്രാം ചെയ്തു, നഗരഹൃദയത്തിലെ വമ്പൻ ബ്ലോക്ക് പോലെ എന്റെ ഹൃദയത്തെ ബ്ലോക്കുകൾ ചുറ്റി വരിഞ്ഞിരിക്കുന്നു. ഉടനേ ബൈപ്പാസ്സ് ശസ്ത്രക്രിയയ്ക്കു വിധേയനാകണം എന്നാണ് ഡോക്ടർ പറയുന്നത്. അതിലേക്ക് മറ്റൊരു ആശുപത്രിയുടെ സേവനവും ആവശ്യമായി വരുമെന്നും ഡോക്ടർ അറിയിച്ചു, അതറിഞ്ഞപ്പോൾ മുതൽ ഭാര്യയും മക്കളും നല്ല വിഷമത്തിലാണ്.
ഞാൻ അവരെ സമാധാനിപ്പിച്ചു പിടിച്ച് നിൽക്കുന്നു, എന്നൊക്കൊണ്ട് ഇപ്പോൾ താങ്ങാൻ പറ്റാത്ത അത്ര ഒരു തുക ആശുപത്രിയിൽ ചെലവിലേക്കാകും. ഞാൻ സംഘടനയിലും ചില സഹപ്രവർത്തകരെയും വിളിച്ചു എന്റെ നിസ്സഹായാവസ്ഥ വെളിപ്പെടുത്തി. ഇന്ന് പരുമലയിലുള്ള ഹോസ്‌പിറ്റലിൽ ചെക്കപ്പിന് വീണ്ടും പോകുകയാണ്, പ്രിയപ്പെട്ടവരുടെ പ്രാർഥന എന്റേയും കുടുംബത്തിന്റേയും കൂടെ ഉണ്ടാവണം, ക്ഷണിക്കാതെ കടന്നുവന്ന അസുഖമെന്ന അതിഥിയെ ഒന്ന് പറഞ്ഞുവിടുന്ന തിരക്കിലാണ് ഞാനും', എന്നായിരുന്നു കണ്ണൻ സാഗർ മുൻപ് പങ്കുവെച്ച കുറിപ്പ്.
Content Highlights: kannan sagar update about his health condition, thanks ramesh pisharody for support