'വോട്ടിന് കിറ്റ്'; തൃശ്ശൂരില്‍ വോട്ടര്‍മാര്‍ക്ക് ബിജെപി ഭക്ഷ്യക്കിറ്റുകൾ നല്‍കിയെന്ന പരാതിയുമായി എല്‍ഡിഎഫ്

പലചരക്ക് സാധനങ്ങള്‍ അടങ്ങിയ ഒരു കിറ്റിന് 900രൂപയാണ് വില

'വോട്ടിന് കിറ്റ്'; തൃശ്ശൂരില്‍ വോട്ടര്‍മാര്‍ക്ക് ബിജെപി ഭക്ഷ്യക്കിറ്റുകൾ നല്‍കിയെന്ന പരാതിയുമായി എല്‍ഡിഎഫ്
dot image

തൃശ്ശൂർ: തൃശ്ശൂർ ഒളരിയില്‍ വോട്ടര്‍മാര്‍ക്ക് ബിജെപി ഭക്ഷ്യക്കിറ്റുകൾ നല്‍കിയെന്ന പരാതിയുമായി എല്‍ഡിഎഫ്. വോട്ടിന് കിറ്റ് നൽകിയെന്നാണ് പരാതിയില്‍ പറയുന്നത്. ശിവരാമപുരം നഗറിലെ താമസക്കാര്‍ക്കാണ് സൂപ്പര്‍ മാര്‍ക്കറ്റ് വഴി കിറ്റുകള്‍ വിതരണം ചെയ്തത്. എല്‍ഡിഎഫ് പ്രവർത്തകർ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഇലക്ഷന്‍ കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. 28കിറ്റുകളാണ് ഇതുവരെ വിതരണം ചെയ്തതെന്നാണ് വിവരം.

ബിജെപി കിറ്റ് നല്‍കുന്നുവെന്ന് അറിഞ്ഞ് മൂന്ന് സ്ത്രീകള്‍ സൂപ്പര്‍ മാര്‍ക്കറ്റിലെത്തിയതോടെയാണ് പരാതി ഉയര്‍ന്നത്. അയല്‍ക്കാര്‍ കിറ്റ് വാങ്ങി പോകുന്നത് കണ്ട് അറിഞ്ഞാണ് കിറ്റ് വാങ്ങാന്‍ വന്നതെന്നാണ് മൂവരും റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിച്ചത്. രാധാകൃഷ്ണന്‍ എന്ന വ്യക്തി കഴിഞ്ഞദിവസം വന്ന് അമ്പത് കിറ്റുകള്‍ ഓര്‍ഡര്‍ ചെയ്തുവെന്നാണ് സൂപ്പര്‍ മാര്‍ക്കറ്റ് ഉടമ പ്രതികരിച്ചത്. പലചരക്ക് സാധനങ്ങള്‍ അടങ്ങിയ ഒരു കിറ്റിന് 900രൂപയാണ് വില. 48കിറ്റുകള്‍ ഇതുവരെ ആളുകള്‍ വാങ്ങിപ്പോയെന്നും കടയുടമ പറയുന്നു. വരുന്ന ആളുകളുടെ എണ്ണമറിയിക്കുകയും അതിനനുസരിച്ച് ആളുകള്‍ വന്ന് വാങ്ങിപ്പോകുകയാണെന്നും കടയുടമ റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിച്ചു. രാധാകൃഷ്ണൻ പ്രാദേശിക ബിജെപി നേതാവാണെന്നാണ് വിവരം.

മദ്യവും പണവും നല്‍കി തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ബിജെപി ശ്രമിക്കുന്നതായി സിപിഐ നേതാവും മുൻ മന്ത്രിയുമായ വി എസ് സുനില്‍കുമാര്‍ ആരോപിച്ചു. പല കച്ചവടക്കാരുടെയും സഹകരണത്തോടെ ബിജെപിക്കാര്‍ വ്യാപകമായി മദ്യശാലകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍ തുടങ്ങിയ ഇടങ്ങളില്‍ ഇത്തരം സംവിധാനം സജ്ജീകരിക്കുകയാണ്. പാവപ്പെട്ടയാളുകള്‍ താമസിക്കുന്ന ഉന്നതികളിലെ ആളുകളെയാണ് ലക്ഷ്യവെയ്ക്കുന്നത്. ബിജെപി മുഖ്യമന്ത്രിമാര്‍ സംസ്ഥാനത്തെത്തുമ്പോള്‍ പെട്ടികളില്‍ എത്തിക്കുന്ന പണമാണ് ഇങ്ങനെ ഉപയോഗിച്ച് ജനഹിതത്തെ അട്ടിമറിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നും വി എസ് സുനിൽ കുമാർ ആവശ്യപ്പെട്ടു.

Content Highlights: LDF raises allegation against BJP in Thrissur’s Sivaramapuram

dot image
To advertise here,contact us
dot image