

കോഴിക്കോട്: വെൽഫെയർ പാർട്ടി പേരാമ്പ്ര ചങ്ങരോത്ത് സംഘടിപ്പിച്ച പ്രത്യേക കൺവെൻഷന്റെ നോട്ടീസിൽ തന്റെ പേര് എങ്ങനെ വന്നെന്ന് അറിയില്ലെന്ന് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി ഫാത്തിമ തെഹ്‌ലിയ. ഇത്തരം പരിപാടികളിൽ വ്യക്തിപരമായി ക്ഷണം ലഭിക്കാറില്ലെന്നും പാർട്ടിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി മുഖാന്തിരമാണ് ക്ഷണം ലഭിക്കുന്നതെന്നുമാണ് സ്ഥാനാർത്ഥിയുടെ വിശദീകരണം. അതുകൊണ്ട് ഇത്തരം കാര്യങ്ങളിൽ മറുപടി നൽകേണ്ടതും കമ്മിറ്റിയാണെന്ന് ഫാത്തിമ തെഹ്‌ലിയ മാധ്യമങ്ങളോട് പറഞ്ഞു. വെൽഫെയർ പാർട്ടിയുമായി ബന്ധപ്പെട്ട് നിരന്തരം വിവാദമുണ്ടാക്കുന്നത് എൽഡിഎഫ് തന്ത്രമാണെന്നും അവർ വിമർശിച്ചു.
കമ്മിറ്റി നിർദേശിച്ചാൽ വെൽഫെയർ പാർട്ടിയുടെ പരിപാടിയിൽ പങ്കെടുക്കുമോ എന്ന ചോദ്യത്തിന് അത് തീരുമാനിക്കേണ്ടതും കമ്മിറ്റിയാണെന്നായിരുന്നു പ്രതികരണം. വെൽഫെയർ പാർട്ടിയുടെ പിന്തുണ സ്വീകരിക്കുമോ എന്ന ചോദ്യത്തിന് ആർക്ക് വോട്ടുചെയ്യണമെന്നത് തീരുമാനിക്കേണ്ടത് ആ പാർട്ടിയാണെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു. വെൽഫെയർ പാർട്ടിയുടെ വോട്ടുവാങ്ങി പേരാമ്പ്ര മണ്ഡലത്തിൽ ഇത്രയും കാലം വിജയിച്ച എൽഡിഎഫാണ് ഇപ്പോൾ വിവാദമുണ്ടാക്കുന്നത്. വെൽഫെയർ പാർട്ടിയുമായുള്ള ബന്ധം എപ്പോഴാണ് എൽഡിഎഫിന് വിട്ടുപോയതെന്നും തെഹ്‌ലിയ ചോദിച്ചു.
പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഫാത്തിമ തെഹ്ലിക്കായി വെൽഫെയർ പാർട്ടി സംഘടിപ്പിച്ച പ്രത്യേക കൺവെൻഷൻ പേരാമ്പ്ര ചങ്ങരോത്ത് പഞ്ചായത്തിലാണ് വിളിച്ചുചേർത്തത്. സംസ്ഥാന അധ്യക്ഷൻ റസാഖ് പാലേരിയും പരിപാടിയിൽ പങ്കെടുത്തിരുന്നു. ഫാത്തിമ തെഹ്ലിയയും കൺവെൻഷനിൽ പങ്കെടുക്കുമെന്ന് അറിയിച്ച്, നോട്ടീസ് അടിച്ച് പ്രചാരണവും നടത്തിയിരുന്നു. എന്നാൽ ചടങ്ങിലേക്ക് മാധ്യമങ്ങൾ എത്തിയതോടെ ഫാത്തിമ തെഹ്ലിയ പിൻമാറുകയായിരുന്നു. അനാരോഗ്യം മൂലമാണ് പിന്മാറ്റമെന്നായിരുന്നു വിശദീകരണം.
Content Highlights: Fathima Thahilia responds to controversy over Welfare Party notice