64-ാം വയസ്സിലെ ട്രാക്ടര്‍ സംരംഭം; ഇന്ന് 120 രാജ്യങ്ങളില്‍ സാന്നിധ്യം! ഇത് ലക്ഷ്മണ്‍ മിത്തലിന്റെ വിജയകഥ

ജോലി ചെയ്യുന്ന സമയത്ത് തന്നെ അദ്ദേഹം കാര്‍ഷികോപകരണ ബിസിനസ്സ് തുടങ്ങിയിരുന്നു. എന്നാല്‍ അത് വന്‍ പരാജയമാവുകയും അദ്ദേഹം പാപ്പരാവുകയും ചെയ്തു. സമ്പാദ്യമെല്ലാം നഷ്ടപ്പെട്ടു

64-ാം വയസ്സിലെ ട്രാക്ടര്‍ സംരംഭം; ഇന്ന് 120 രാജ്യങ്ങളില്‍ സാന്നിധ്യം! ഇത് ലക്ഷ്മണ്‍ മിത്തലിന്റെ വിജയകഥ
dot image

പ്രായം വെറും അക്കം മാത്രമാണെന്ന് തെളിയിച്ച നിരവധി പേരെ നമുക്കറിയാം. അതേ പട്ടികയില്‍ ഉള്‍പ്പെടുന്ന വ്യക്തിയാണ് സോണാലിക ഗ്രൂപ്പ് ചെയര്‍മാന്‍ ലക്ഷ്മണ്‍ ദാസ് മിത്തല്‍. 93-ാം വയസ്സില്‍ ഇന്ത്യയിലെ പ്രായം കൂടിയ ശതകോടീശ്വരനായി മാറിയ അദ്ദേഹത്തിന്റെ വിജയകഥ യുവതലമുറക്ക് പ്രചോദമാണ്.

പഞ്ചാബിലെ ഹോഷിയാര്‍പുരിലുള്ള സാധാരണ കുടുംബത്തിലാണ് ലക്ഷ്മണ്‍ മിത്തല്‍ ജനിച്ചത്. പഠനത്തില്‍ മിടുക്കനായിരുന്ന അദ്ദേഹം ഗോള്‍ഡ് മെഡലോടെ എം.എ ഇംഗ്ലിഷ് പൂര്‍ത്തിയാക്കി. 1955ല്‍ എല്‍ഐസി ഏജന്റായാണ് അദ്ദേഹം തന്റെ ഔദ്യോഗിക ജീവിതം തുടങ്ങിയത്. എല്‍ഐസിയില്‍ ഡെപ്യൂട്ടി സോണല്‍ മാനേജറായി വിരമിച്ചു. ജോലി ചെയ്യുന്ന സമയത്ത് തന്നെ അദ്ദേഹം കാര്‍ഷികോപകരണ ബിസിനസ്സ് തുടങ്ങിയിരുന്നു. എന്നാല്‍ അത് വന്‍ പരാജയമാവുകയും അദ്ദേഹം പാപ്പരാവുകയും ചെയ്തു. സമ്പാദ്യമെല്ലാം നഷ്ടപ്പെട്ടു.

വിരമിക്കല്‍ പ്രായമായ 60 വയസ്സിലാണ് അദ്ദേഹം വീണ്ടും ബിസിനസ്സ് തുടങ്ങാന്‍ തീരുമാനിച്ചത്. മിക്ക ആളുകളും വിരമിക്കല്‍ ജീവിതത്തെക്കുറിച്ചും പെന്‍ഷനെക്കുറിച്ചും ആകുലപ്പെടുന്ന പ്രായത്തില്‍, മിത്തല്‍ ചിന്തിച്ചത് പുതിയ ഫാക്ടറികള്‍ തുടങ്ങുന്നതിനെക്കുറിച്ചായിരുന്നു. വിപണിയിലെ ഒരു വലിയ വിടവ് അദ്ദേഹം തിരിച്ചറിഞ്ഞു. ഇന്ത്യന്‍ കര്‍ഷകര്‍ക്ക് അവിടുത്തെ മണ്ണിന്റെ ഗുണമറിഞ്ഞ് പ്രവര്‍ത്തിക്കുന്ന, വിശ്വസിക്കാവുന്നതും എന്നാല്‍ വില കുറഞ്ഞതുമായ ട്രാക്ടറുകള്‍ ആവശ്യമാണെന്ന് അദ്ദേഹം മനസ്സിലാക്കി. വെറുമൊരു മെഷീന്‍ എന്നതിലുപരി, തങ്ങളുടെ കൃഷിക്ക് വിശ്വസിക്കാന്‍ കൊള്ളുന്ന ഒരു പങ്കാളിയെയാണ് കര്‍ഷകര്‍ തേടിയത്.

അങ്ങനെ 1995ല്‍, തന്റെ 64-ാം വയസ്സിലാണ് അദ്ദേഹം സോണാലിക ട്രാക്ടേഴ്‌സ് സ്ഥാപിച്ചത്. മനക്കരുത്തും നിശ്ചയദാര്‍ഢ്യവും തന്റെ പഴയ പരാജയത്തില്‍നിന്ന് പഠിച്ച പാഠങ്ങളും കൈമുതലാക്കി മിത്തല്‍ നിര്‍മാണമാരംഭിച്ചു. ഒരു വര്‍ഷത്തിനുള്ളില്‍ സോണാലിക ട്രാക്ടറുകള്‍ നിരത്തിലിറങ്ങിത്തുടങ്ങി.

ഇന്ന് ഇന്ത്യയിലെ ട്രാക്ടര്‍ വിപണിയില്‍ മൂന്നാം സ്ഥാനത്താണ് സോണാലിക. 120ലധികം രാജ്യങ്ങളിലേക്ക് ട്രാക്ടറുകള്‍ കയറ്റുമതി ചെയ്യുന്നു. ഫോര്‍ബ്‌സിന്റെ കണക്കനുസരിച്ച് ഏകദേശം 24,000 കോടി രൂപയിലധികം ആണ് അദ്ദേഹത്തിന്റെ ആസ്തി. ഒരിക്കല്‍ പരാജയപ്പെട്ടാലോ അല്ലെങ്കില്‍ പ്രായം അധികമായാലോ തോറ്റു പിന്മാറരുതെന്ന് മിത്തലിന്റെ ജീവിതം നമ്മെ പഠിപ്പിക്കുന്നു. 64-ാം വയസ്സില്‍ ബിസിനസ്സ് പുനരാരംഭിച്ച് ലോകം അറിയപ്പെടുന്ന വിജയം നേടാന്‍ അദ്ദേഹത്തിന് സാധിച്ചു.

Content Highlights: From LIC Agent to Billionaire at Late 60s: Lakshman Mittal's Success Story

dot image
To advertise here,contact us
dot image