'കപട വിശ്വാസിയുടെ പണി എടുക്കുന്നവന്‍': ഷാനവാസ് പാദൂരിനെതിരെ വിദ്വേഷ പരാമര്‍ശവുമായി വനിതാ ലീഗ് നേതാവ്

പ്രസംഗം പെരുമാറ്റച്ചട്ട ലംഘനമാണെന്നും കേസെടുക്കണമെന്നും എൽഡിഎഫ് നൽകിയ പരാതിയിൽ പറയുന്നു

'കപട വിശ്വാസിയുടെ പണി എടുക്കുന്നവന്‍': ഷാനവാസ് പാദൂരിനെതിരെ വിദ്വേഷ പരാമര്‍ശവുമായി വനിതാ ലീഗ് നേതാവ്
dot image

കാസര്‍കോട്: കാസര്‍കോട്ടെ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി ഷാനവാസ് പാദൂരിനെതിരെ വിദ്വേഷ പ്രചാരണമെന്ന് പരാതി. വനിതാ ലീഗ് നേതാവ് ആയിഷത്ത് ഫര്‍സാനയ്‌ക്കെതിരെയാണ് പരാതി. 'കപട വിശ്വാസിയുടെ പണി എടുക്കുന്നവന്‍' എന്നാണ് ലീഗ് നേതാവ് ഷാനവാസ് പാദൂരിനെ വിളിച്ചത്. കപട സന്യാസി എന്നതിനായി 'മുനാഫിഖ്' എന്ന പദമാണ് ഉപയോഗിച്ചത്. മുളേളരിയയിലെ യുഡിഎഫ് കുടുംബ യോഗത്തിലായിരുന്നു പ്രസംഗം. സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് എല്‍ഡിഎഫ് പരാതി നല്‍കി.

ഷാനവാസ് പാദൂരിന്റെ ഇലക്ഷന്‍ ഏജന്റ് കെ എ മുഹമ്മദ് ഹനീഫാണ് പരാതി നല്‍കിയത്. വനിതാ ലീഗ് നേതാവിന്റെ പ്രസംഗം നാട്ടില്‍ സാമുദായിക ദ്രുവീകരണമുണ്ടാക്കുന്നതിനും മതസ്പര്‍ദ്ധ വളര്‍ത്തുന്നതിനും ലക്ഷ്യമിട്ടുളളതാണെന്നും അതിലുപയോഗിക്കുന്ന മുനാഫിക് എന്ന അറബി വാക്ക് മനപ്പൂര്‍വ്വം സ്ഥാനാര്‍ത്ഥിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതിനായി ഉപയോഗിച്ചതാണെന്നും പരാതിയില്‍ പറയുന്നു. തെരഞ്ഞെടുപ്പില്‍ വോട്ട് ലഭിക്കുന്നതിന് വേണ്ടി സമൂഹത്തില്‍ മതസ്പര്‍ദ്ധ ഉണ്ടാക്കുകയും സ്ഥാനാര്‍ത്ഥിയെ വ്യക്തിഹത്യ നടത്തുകയും ചെയ്ത ആയിഷത്ത് ഫര്‍സാനയ്‌ക്കെതിരെയും തന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് അവരെ ചുമതലപ്പെടുത്തിയ കല്ലട്ര മാഹിനെതിരെയും ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു. പ്രസംഗം പെരുമാറ്റച്ചട്ട ലംഘനമാണെന്നും കേസെടുക്കണമെന്നും ആവശ്യം.

'ഷാനവാസ് പാദൂര്‍ എന്നൊരു സ്ഥാനാര്‍ത്ഥിയുണ്ടല്ലോ. രാവിലെ ഒരു കൊടി പിടിച്ച് ഉച്ചയ്ക്ക് മറ്റൊരു കൊടി പിടിച്ച് വൈകുന്നേരം മറ്റൊരു കൊടി പിടിച്ച് മുനാഫിഖിന്റെ പണിയെടുത്ത് കൊണ്ട് നമ്മളോട് വോട്ടഭ്യര്‍ത്ഥിക്കാന്‍ വരികയാണ്. പിണറായി വിജയന്‍ എന്ന സഖാവ് പറഞ്ഞതുപോലെ നമുക്കും പറയാനുണ്ട്, കടക്ക് പുറത്ത്' എന്നാണ് ആയിഷത്ത് ഫര്‍സാന പ്രസംഗത്തില്‍ പറഞ്ഞത്.

Content Highlights: Muslim League leader makes hateful remarks against Shanavas Padhoor

dot image
To advertise here,contact us
dot image