

കൊല്ലം: കടയ്ക്കലില്‍ യുവാവിനെ വെട്ടിക്കൊന്ന സംഭവത്തില്‍ പ്രതികള്‍ പിടിയില്‍. കടയ്ക്കല്‍ സ്വദേശികളായ ജയേഷ്, ലിജോ അജീഷ്, രാഹുല്‍ എന്നിവരാണ് പിടിയിലായത്. പ്രദേശത്തെ റബ്ബര്‍ തോട്ടത്തില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്. മദ്യലഹരിയില്‍ ഉണ്ടായ തര്‍ക്കത്തില്‍ നടത്തിയ കൊലപാതകം എന്നാണ് പ്രതികള്‍ പൊലീസിനോട് പറഞ്ഞിരിക്കുന്നത്.
കടയ്ക്കലില്‍ ഇന്ന് വൈകിട്ടായിരുന്നു അരുംകൊല നടന്നത്. കടക്കല്‍ വയല ശരത് ഭവനില്‍ ശരത്താണ് കൊല്ലപ്പെട്ടത്. വയല സ്വദേശിയായ ശരത്ത് കടയ്ക്കല്‍ അഞ്ചുമുക്കില്‍ ഭാര്യയുടെ വീട്ടിലാണ് താമസം. ഇന്ന് കടയ്ക്കലിലെ ബാറിലെത്തിയ ശരത്ത് മദ്യപിക്കുകയും അവിടെ മദ്യപിക്കാനെത്തിയ രാഹുലുമായി തര്‍ക്കത്തിലേര്‍പ്പെടുകയും ചെയ്തു. ബാര്‍ ജീവനക്കാര്‍ ഇടപെടുകയും ഇരുവരെയും പറഞ്ഞുവിടുകയും ചെയ്തു.
ബാറില്‍ നിന്ന് ഇറങ്ങിയ ശരത്തിനെ ഓട്ടോറിക്ഷയില്‍ നാലംഗസംഘം പിന്തുടര്‍ന്നെത്തി. പന്തളംമുക്കില്‍വെച്ച് കയ്യില്‍ കരുതിയിരുന്ന ആയുധം ഉപയോഗിച്ച് ശരത്തിനെ സംഘം വെട്ടുകയും കുത്തുകയുമായിരുന്നു. വെട്ടേറ്റ ശരത്ത് സമീപത്തെ വീട്ടിലേക്ക് ഓടിക്കയറി. പിന്തുടര്‍ന്ന് എത്തിയ സംഘം ശരത്തിനെ ദേഹമാസകലം വെട്ടിയും കുത്തിയും പരിക്കേല്‍പ്പിച്ചു. ഗുരുതരമായി പരിക്കേറ്റ് കിടന്നിരുന്ന ശരത്തിനെ നാട്ടുകാര്‍ ചേര്‍ന്ന് ആദ്യം കടയ്ക്കലിലെ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചു. ഈ സമയം ശരത്ത് മരിച്ചിരുന്നു. ശരത്തിന്റെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Content Highlights- Police have arrested the accused in the murder of a youth who was hacked to death in Kadakkal, Kollam