

റിപ്പോർട്ടർ ഓൺലൈൻ തെരഞ്ഞെടുപ്പ് സർവേയിൽ റേറ്റിങ്ങിൽ ഏറ്റവും പിന്നിലായി പി ജെ ജോസഫും കെപിഎ മജീദും ഉൾപ്പെടെ 10 എംഎൽഎമാർ. പി ജെ ജോസഫ്, മോൻസ് ജോസഫ്, സനീഷ് കുമാർ ജോസഫ്, മാണി സി കാപ്പൻ, കെപിഎ മജീദ്, രാഹുൽ മാങ്കൂട്ടത്തിൽ, ഐ സി ബാലകൃഷ്ണൻ, യു എ ലത്തീഫ്, എൽദോസ് പി കുന്നപ്പിള്ളി, കെ ബാബു എന്നിവരാണ് അവസാന പത്തിൽ ഇടം നേടിയിരിക്കുന്നത്.
പി ജെ ജോസഫ്- റാങ്ക് 108
എംഎൽഎയ്ക്ക് മാർക്കിടാം എന്ന സെഗ്മെൻ്റിൽ തൊടുപുഴ എംഎൽഎ പി ജെ ജോസഫിന് 38.7 റേറ്റിങ്ങാണ് ലഭിച്ചിരിക്കുന്നത്. 2021ൽ കേരള കോൺഗ്രസ് നേതാവായ പി ജെ ജോസഫ് 67495 വോട്ടുകളാണ് തൊടുപുഴയിൽ നിന്നും നേടിയത്. 20259 വോട്ടുകളായിരുന്നു അദ്ദേഹത്തിന്‍റെ ഭൂരിപക്ഷം. 2011ലും 2016ലും പിജെ ജോസഫ് തന്നെയായിരുന്നു വിജയി. 2006-ൽ എൽഡിഎഫിൻ്റെ ഭാഗമായി നിന്നും അദ്ദേഹം വിജയിച്ചു. 1970-ൽ തൊടുപുഴ മണ്ഡലത്തിൽ നിന്ന് ആദ്യമായി നിയമസഭയിലെത്തിയ പി ജെ ജോസഫ് 1989ലും 1991ലും ലോക്‌സഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 11 തവണ തൊടുപുഴയിൽ അങ്കത്തിനിറങ്ങി. വ്യത്യസ്ത മന്ത്രിസഭകളിലായി റവന്യൂ, വിദ്യാഭ്യാസം, പൊതുമരാമത്ത്, ജലസേചനം, രജിസ്‌ട്രേഷൻ വകുപ്പുകൾ പി ജെ ജോസഫ് കൈകാര്യം ചെയ്തിട്ടുണ്ട്.
മോൻസ് ജോസഫ് - റാങ്ക് 109
കടുത്തുരുത്തി എംഎൽഎയായ മോൻസ് ജോസഫിന് 37.7 റേറ്റിങ്ങാണ് സർവേയിലൂടെ ലഭിച്ചത്. കേരള കോൺഗ്രസ് അംഗമായ മോൻസ് ജോസഫ് 2021-ലെ തെരഞ്ഞെടുപ്പിൽ 4256 വോട്ടിന്‍റെ ഭൂരിപക്ഷത്തിലായിരുന്നു കടുത്തുരുത്തിയിൽ അദ്ദേഹം വിജയിച്ചത്. 2011ലും 2016ലും മോൻസ് ജോസഫ് തന്നെയാണ് മണ്ഡലം നിലനിർത്തിയത്. 2006-ൽ എൽഡിഎഫിന്റെ ഭാഗമായി നിന്ന് വിജയിച്ചപ്പോൾ 2001 വോട്ടുകള്‍ക്കായിരുന്നു അദ്ദേഹത്തിന്‍റെ വിജയം.
വിദ്യാഭ്യാസ കാലത്തുതന്നെ കേരള കോൺഗ്രസ്സിന്റെ വിദ്യാർത്ഥിസംഘടനയിലൂടെ രാഷ്ട്രീയത്തിൽ സജീവമായി. കെഎസ് സി പ്രസിഡന്റ്, ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. യൂത്ത് ഫ്രണ്ട് (ജെ) സംസ്ഥാന പ്രസിഡന്റ്, കേരള കോൺഗ്രസ് കോട്ടയം ജില്ലാ കമ്മറ്റി പ്രസിഡന്റ് എന്നി സ്ഥാനങ്ങളും വഹിച്ചു. 1996ൽ ആദ്യമായി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. വി എസ് അച്യുതാനന്ദൻ മന്ത്രിസഭയിൽ പൊതുമരാമത്തുമന്ത്രിയായിരുന്നു.
സനീഷ് കുമാർ ജോസഫ് - റാങ്ക് 110
റിപ്പോർട്ടർ സർവേയിൽ ചാലക്കുടി എംഎൽഎയായ സനീഷ് കുമാർ ജോസഫിന് 35.5 റേറ്റിങ്ങാണ് ലഭിച്ചത്. 2021ലെ തെരഞ്ഞെടുപ്പില്‍ 1057 വോട്ടിന്‍റെ ഭൂരിപക്ഷത്തിലായിരുന്നു ചാലക്കുടിയില്‍ അദ്ദേഹം വിജയിച്ചത്. കെ എസ് യു സംസ്ഥാന ജനറൽ സെക്രട്ടറി, യൂത്ത് കോൺഗ്രസ് തൃശ്ശൂർ ജില്ല പ്രസിഡന്‍റ്, ഡിസിസി ജനറൽ സെക്രട്ടറി, കെപിസിസി സെക്രട്ടറി എന്നീ പദവികളിൽ പ്രവർത്തിച്ചു.
മാണി സി കാപ്പന്‍- റാങ്ക് 111
ഡെമോക്രാറ്റിക് കോൺഗ്രസ് കേരളയുടെ എംഎൽഎയായ മാണി സി കാപ്പന് 34.1 റേറ്റിങ്ങാണ് റിപ്പോർട്ടർ സർവേയിൽ ലഭിച്ചത്. യുഡിഎഫ് സ്വതന്ത്രനായി മത്സരിച്ച മാണി സി കാപ്പൻ 2021-ലെ തെരഞ്ഞെടുപ്പിൽ 15378 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു പാലായില്‍ അദ്ദേഹം വിജയിച്ചത്. 2019-ൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച മാണി സി കാപ്പൻ 2943വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു കേരള കോണ്‍ഗ്രസ് എമ്മിലെ ജോസ് ടോം പുലക്കുന്നേലിനെ പരാജയപ്പെടുത്തിയത്.
2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ പാലാ സീറ്റിൽ നിന്ന് വീണ്ടും മത്സരിക്കാൻ മാണി സി കാപ്പന്‍ ആഗ്രഹിച്ചിരുന്നെങ്കിലും മുന്നണി മാറിയെത്തിയ കേരള കോണ്‍ഗ്രസ് എമ്മിന് സീറ്റ് നല്‍കിയതോടെ അദ്ദേഹത്തിന് സീറ്റ് നിഷേധിക്കപ്പെട്ടു. തുടർന്ന് പാർട്ടിയും മുന്നണിയും വിട്ട അദ്ദേഹം യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച് ജോസ് കെ മാണിയെ പരാജയപ്പെടുത്തുകയായിരുന്നു.
കെ പി എ മജീദ്- റാങ്ക് 112
മുസ്ലീം ലീഗിന്‍റെ തിരൂരങ്ങാടി എംഎൽഎയായ കെ പി എ മജീദിന് 32.7 റേറ്റിങ്ങാണ് സർവേയിലൂടെ ലഭിച്ചത്. യുഡിഎഫ് സ്ഥാനാർത്ഥിയായി തിരൂരങ്ങാടിയിൽ മത്സരിച്ച കെപിഎ മജീദ് 9578 വോട്ടുകളുടെ ഭൂരിപക്ഷമാണ് 2021 ലെ തെരഞ്ഞെടുപ്പിൽ നേടിയത്. നിലവിൽ മുസ്ലിം ലീഗ് ദേശീയ കമ്മിറ്റി വൈസ് പ്രസിഡന്റാണ്. 1980 നും 2001 നും ഇടയിൽ മങ്കട നിയോജകമണ്ഡലത്തിൽ നിന്നുള്ള നിയമസഭാംഗമായിരുന്നു.
രാഹുല്‍ മാങ്കൂട്ടത്തില്‍ റാങ്ക്- 113
ആരോപണങ്ങളെ തുടർന്ന് നിയമസഭാ കക്ഷിയിൽ നിന്ന് കോൺഗ്രസ് പുറത്താക്കിയ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലും റിപ്പോർട്ടർ ഓൺലൈൻ ഇലക്ഷൻ സർവെയിൽ പിന്നിലാണ്. 31.4 റേറ്റിങ്ങാണ് രാഹുൽ മാങ്കൂട്ടത്തിലിന് ലഭിച്ചത്. 2024-ൽ നടന്ന ഉപതെരഞ്ഞെടുപ്പിലൂടെയാണ് രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് എംഎൽഎയായി വിജയിച്ചത്. 18840 വോട്ടുകളുടെ ഭൂരിപക്ഷമാണ് രാഹുലിന് ലഭിച്ചത്. കെഎസ്‌യുവിലൂടെ രാഷ്ട്രീയ രംഗത്തേക്ക് കടന്നുവന്ന രാഹുൽ 2023-2025 കാലയളവിൽ യൂത്തകോൺഗ്രസ് സംസ്ഥാന അധ്യക്ഷനായിരുന്നു. പിന്നീട് ഉയർന്നുവന്ന ലൈംഗികാരോപണ പരാതിക്ക് പിന്നാലെ ചുമതലയിൽ നിന്നും പുറത്താക്കി.
ഐ സി ബാലകൃഷ്ണന്‍ റാങ്ക്-114
വയനാട് ജില്ലയിലെ സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തില്‍ നിന്നുള്ള ഐസി ബാലകൃഷ്ണന് 30.2 റേറ്റിങ്ങാണ് റിപ്പോർട്ടർ ഇലക്ഷൻ സർവെയൽ ലഭിച്ചത്. 2000 മുതൽ 2005 വരെ തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത് അംഗമായും 2005 മുതൽ 2010 വരെ വയനാട് ജില്ലാ പഞ്ചായത്ത് അംഗമായും പ്രവർത്തിച്ച ഐ സി ബാലകൃഷ്ണന്‍ 2008 മുതൽ 2010 വരെ യൂത്ത് കോൺഗ്രസ്(ഐ) വയനാട് ജില്ലാ പ്രസിഡണ്ട് ആയും പ്രവർത്തിച്ചിരുന്നു. 2011-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ സുൽത്താൻ ബത്തേരി മണ്ഡലത്തിൽ നിന്നും എം എൽ എ ആയി തെരഞ്ഞെടുക്കപ്പെട്ട് ആദ്യമായി നിയമസഭയിലെത്തി. 2016 ലും 2021 ലും അദ്ദേഹം സീറ്റ് നിലനിർത്തുകയായിരുന്നു.
യു എ ലത്തീഫ് - റാങ്ക് 115
മഞ്ചേരി നിയമസഭ മണ്ഡലത്തില്‍ നിന്നുള്ള യു എ ലത്തീഫ് എം എല്‍ എയ്ക്ക് 28.5 റേറ്റിങ്ങാണ് റിപ്പോർട്ടർ ഓണ്‍ലൈന്‍ ഇലക്ഷന്‍ സർവേയിൽ ലഭിച്ചത്. മുസ്ലീം ലീഗ് നേതാവായ യു എ ലത്തീഫ് 2021ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിലെ നാസർ ഡിബോണയ്ക്കെതിരെ 14573 വോട്ടിനായിരുന്നു അദ്ദേഹത്തിന്‍റെ വിജയം.
എല്‍ദോസ് പി കുന്നപ്പിള്ളി- റാങ്ക് 116
പെരുമ്പാവൂർ മണ്ഡലത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയായ എല്‍ദോസ് പി കുന്നപ്പിള്ളിക്ക് റിപ്പോർട്ടർ ഓണ്‍ലൈന്‍ സർവേയില്‍ 28.2 റേറ്റിങ്ങാണ് ലഭിച്ചത്. 2021ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ 2899 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു എല്‍ഡിഎഫ് സ്ഥാനാർത്ഥി ബാബു ജോസഫിനെ പരാജയപ്പെടുത്തിയത്. 2016ലും എല്‍ദോസ് പി കുന്നപ്പിള്ളി തന്നെയായിരുന്നു മണ്ഡലത്തില്‍ നിന്നുള്ള ജനപ്രതിനിധി
കെ ബാബു- റാങ്ക് 117
തെരഞ്ഞെടുപ്പ് രാഷ്ട്രീയം അവസാനിപ്പിക്കുന്നുവെന്ന് പരസ്യമായി പ്രഖ്യാപിച്ച കെ ബാബുവാണ് റിപ്പോർട്ടർ സർവേയിൽ ഏറ്റവും കുറവ് റേറ്റിംഗ് ലഭിച്ച എംഎല്‍എ. 26.8 റേറ്റിങ്ങാണ് അദ്ദേഹത്തിന് ലഭിച്ചത്. 1989ല്‍ അങ്കമാലി നഗരസഭ രൂപീകരിച്ച സമയത്ത് പ്രഥമ ചെയര്‍മാനായാണ് കെ ബാബു പാര്‍ലമെന്ററി രംഗത്ത് എത്തിയത്. 1991 ല്‍ തൃപ്പൂണിത്തുറയില്‍ നിന്നും ആദ്യമായി നിയമസഭയില്‍ എത്തിയ അദ്ദേഹം 1996, 2001, 2006, 2011 നിയമസഭ തെരഞ്ഞെടുപ്പുകളില്‍ മണ്ഡലം നിലനിർത്തി. 2016 ല്‍ എം സ്വരാജിനോട് പരാജയപ്പെട്ടെങ്കിലും അതേ എം സ്വരാജിനെ പരാജയപ്പെടുത്തി 2021 ല്‍ അദ്ദേഹം വീണ്ടും തൃപ്പൂണിത്തുറയുടെ എംഎല്‍എയായി.
കേരളം കണ്ട എറ്റവും വിപുലമായ ഓണ്‍ലൈന്‍ ഇലക്ഷന്‍ സർവേയാണ് റിപ്പോർട്ടർ ടിവി നടത്തിയത്. 140 മണ്ഡലങ്ങളിലെയും ജനങ്ങള്‍ക്ക് അവരുടെ എംഎല്‍എയെ വിലയിരുത്താനുള്ള സുവർണ്ണാവസരമാണ് റിപ്പോർട്ടർ ടിവി ഒരുക്കിയത്. നിയമസഭ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന ആറ് ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനുള്ള അവസരവും സർവേയില്‍ ഉള്‍പ്പെടുത്തിയിരുന്നു. 6837276 പേരാണ് സർവ്വേ പേജില്‍ എത്തിയത്. ഇതില്‍ 1652405 ആളുകള്‍ തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തിയത്.
വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന വിഷയങ്ങള്‍ ഏതെന്ന് രേഖപ്പെടുത്താനും റിപ്പോര്‍ട്ടര്‍ ഓണ്‍ലൈന്‍ സര്‍വേയില്‍ അവസരമുണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ പ്രകടനം, പ്രതിപക്ഷ നേതാവിന്റെ പ്രകടനം, മന്ത്രിസഭയിലെ ഏറ്റവും മികച്ച മന്ത്രി, അടുത്ത മുഖ്യമന്ത്രി ആരാകണം, ഇത്തവണ ഏത് മുന്നണി അധികാരത്തില്‍ വരണം എന്നത് അടക്കമുള്ള ആറ് ചോദ്യങ്ങളും സർവേ ജനങ്ങള്‍ക്ക് മുന്നില്‍ വെച്ചു.
സർവേ പേജില്‍ ഓരോ മണ്ഡലത്തിന്റെയും വിശദമായ ചരിത്രം, തദ്ദേശ സ്ഥാപനങ്ങള്‍, അവിടെയുള്ള ഭരണകക്ഷികള്‍, മണ്ഡലത്തിലെ മുന്‍കാല എംഎല്‍എമാര്‍, അതിര്‍ത്തി മണ്ഡലങ്ങള്‍, 2006 വരെയുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളുടെ വിശദമായ ഫലങ്ങള്‍ തുടങ്ങിയ വിവരങ്ങളും എക്കാലവും ലഭ്യമാകുന്ന രീതിയില്‍ തയ്യാറാക്കിയിട്ടുമുണ്ട്.
റിപ്പോർട്ടർ ഇലക്ഷൻ സർവേയുടെ പൂർണഫലം റിപ്പോർട്ടർ വെബ്സൈറ്റിൽ അറിയാം
Content Highlights: Reporter online survey Rahul Mamkootathil include in last 10 MLA s