

തല പോയാലും ജനങ്ങള്‍ക്കൊപ്പമെന്ന് പറഞ്ഞ എംഎല്‍എയ്‌ക്കൊപ്പം ജനങ്ങളും നിന്നു. റിപ്പോര്‍ട്ടര്‍ നടത്തിയ ഓണ്‍ലൈന്‍ സര്‍വേയില്‍ മികച്ച എംഎല്‍എമാരില്‍ മൂന്നാമതായി തെരഞ്ഞെടുക്കപ്പെട്ട എംഎല്‍എയായി കെ യു ജനീഷ് കുമാര്‍. 86.8 റേറ്റിങ്ങോടെയാണ് 140 എംഎല്‍എമാരിലെ മൂന്നാമനായി ജനീഷ് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. മണ്ഡലത്തിലെ അദ്ദേഹത്തിന്റെ ഇടപെടലുകള്‍ ജനഹൃദയങ്ങളില്‍ ഇടംനേടിയിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ടര്‍ സര്‍വേ ഫലം സൂചിപ്പിക്കുന്നത്. വനംവകുപ്പ് കസ്റ്റഡിയില്‍ എടുത്തയാളെ ബലംപ്രയോഗിച്ച് മോചിപ്പിച്ച സംഭവത്തിന് പിന്നാലെയായിരുന്നു ജനീഷിന്റെ 'തല പോയാലും ജനങ്ങള്‍ക്കൊപ്പ'മെന്ന പ്രതികരണം ശ്രദ്ധിക്കപ്പെട്ടത്.
2010ല്‍ സീതത്തോട് ഗ്രാമപഞ്ചായത്തില്‍ കോണ്‍ഗ്രസിന്റെ കുത്തക വാര്‍ഡില്‍ വിജയിച്ചതോടെയാണ് ജനീഷ് കുമാര്‍ ജനപ്രതിനിധിയായി ആദ്യമായി തെരഞ്ഞെടുക്കപ്പെട്ടത്. 2019ല്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ചതോടെ പാര്‍ലമെന്ററി രാഷ്ട്രീയത്തിലേക്കും പ്രവേശിച്ചു. കോണ്‍ഗ്രസിന്റെ കുത്തക അവസാനിപ്പിച്ചാണ് അദ്ദേഹം കോന്നയില്‍ എംഎല്‍എയായി തെരഞ്ഞെടുക്കപ്പെടുന്നത്. 2019ലെ ഉപതെരഞ്ഞെടുപ്പ് വേളയില്‍ അരുവാപ്പാലം പഞ്ചായത്തിലെ ആദിവാസി മേഖലയായ ആവണിപ്പാറയില്‍ വൈദ്യുതി ഉണ്ടായിരുന്നില്ല. തെരഞ്ഞെടുപ്പ് പ്രചരണസമയത്ത് ആവണിപ്പാറയില്‍ വൈദ്യുതി എത്തിക്കുമെന്നായിരുന്നു ജനീഷ് കുമാറിന്റെ വാഗ്ദാനം. പതിവ് നിസംഗതയോടെയായിരുന്നു അവിടുത്തെ ജനങ്ങള്‍ ഇത് അന്ന് കേട്ടത്.
എന്നാല്‍, എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം അവിടെ വൈദ്യുതി എത്തിച്ച് ജനങ്ങളുടെ വിശ്വാസം ആര്‍ജ്ജിക്കാന്‍ ജനീഷ് കുമാറിന് സാധിച്ചിരുന്നു. 2021ലെ തെരഞ്ഞെടുപ്പില്‍ ജനീഷ് കുമാര്‍ വീണ്ടും തെരഞ്ഞെടുക്കപ്പെടുമ്പോള്‍ പിന്‍ബലമായത് ജനപ്രതിനിധിയെന്ന നിലയില്‍ ജനപക്ഷ വികസനത്തിന് ഒപ്പം നിന്നു എന്നതായിരുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം മണ്ഡലത്തില്‍ ഉണ്ടായ വികസന മുന്നേറ്റങ്ങള്‍ സമാനതകളില്ലാത്തതാണെന്ന് കോന്നി സാക്ഷ്യം പറയുന്നുണ്ട്. 2026ലും കോന്നിയുടെ തെരഞ്ഞെടുപ്പ് അജണ്ട വികസനം തന്നെയാണ്. റിപ്പോര്‍ട്ടര്‍ ഓണ്‍ലൈന്‍ തെരഞ്ഞെടുപ്പ് സര്‍വെയിലും പ്രകടമായത് കെ യു ജനീഷ് കുമാര്‍ എന്ന എംഎല്‍എയുടെ ജനകീയതയാണ്.
എസ്എഫ്‌ഐയിലൂടെയാണ് ജനീഷ് രാഷ്ട്രീയ രംഗത്ത് കടന്നുവരുന്നത്. റാന്നി സെന്റ് തോമസ് കോളേജ് യൂണിയന്‍ ചെയര്‍മാന്‍, യൂണിയന്‍ കൗണ്‍സിലര്‍, മഹാത്മാഗാന്ധി സര്‍വകലാശാല യൂണിയന്‍ ചെയര്‍മാന്‍, യൂണിയന്‍ കൗണ്‍സിലര്‍, മഹാത്മാഗാന്ധി സര്‍വകലാശാലാ ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചാണ് പാര്‍ലമെന്ററി രാഷ്ട്രീയത്തിലേക്ക് ജനീഷ് പ്രവേശിക്കുന്നത്. ഡിവൈഎഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവുമാണ്. നിലവില്‍ സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയുമാണ്. ജനീഷ് കുമാറിന്റെ ജനസമ്മതി മുന്‍നിര്‍ത്തി ഇത്തവണയും കോന്നിയില്‍ ജനീഷ് കുമാറിനെ മത്സരിപ്പിക്കാനുള്ള തീരുമാനത്തിലാണ് സിപിഐഎം.
Content Highlights: The Reporter Election Survey has ranked KU Janeesh Kumar third among the best performing MLAs in Kerala. The survey evaluated the performance and public perception of legislators across the state. The ranking highlights Janeesh Kumar’s position among the top MLAs based on the survey findings.