'എല്ലാ അതിർത്തികളും അടച്ചെങ്കിൽ തീവ്രവാദികൾ എങ്ങനെ കശ്മീരിലെത്തി?'; ആക്രമണത്തിൽ കേന്ദ്രത്തിനോട് ഫറൂഖ് അബ്ദുള്ള

താഴ്‌വരയിലുട നീളം സുരക്ഷാ ക്രമീകരണങ്ങള്‍ നടത്തിയിട്ടും ഈ ആക്രമണം എങ്ങനെ ഉണ്ടായെന്ന് അന്വേഷിക്കണമെന്ന് മെഹ്ബൂബ മുഫ്തി

'എല്ലാ അതിർത്തികളും അടച്ചെങ്കിൽ തീവ്രവാദികൾ എങ്ങനെ കശ്മീരിലെത്തി?'; ആക്രമണത്തിൽ കേന്ദ്രത്തിനോട് ഫറൂഖ് അബ്ദുള്ള
dot image

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ നടന്ന ഭീകരാക്രമണത്തിന് പിന്നിലുള്ളവരെ കണ്ടെത്തണമെന്ന് മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് പ്രസിഡന്റുമായ ഫറൂഖ് അബ്ദുള്ള. എല്ലാ അതിര്‍ത്തികളും അടച്ചെന്ന് പറഞ്ഞിട്ട് എങ്ങനെയാണ് തീവ്രവാദികള്‍ ജമ്മു കശ്മീരിലേക്ക് പ്രവേശിച്ചതെന്നും അദ്ദേഹം കേന്ദ്രത്തിനോടായി ചോദിച്ചു.

ജമ്മു കശ്മീരിലെ ഭീകരാക്രമണത്തില്‍ ഛത്തീസ്ഗഡിൽ നിന്നുള്ള രണ്ട് തൊഴിലാളികള്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പ്രതികരണത്തിലായിരുന്ന ഫറൂഖ് അബ്ദുള്ളയുടെ പരാമര്‍ശം. പത്ത് ദിവസത്തിനുള്ളില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ അടക്കം മൂന്ന് പേരാണ് സൗത്ത് കശ്മീരില്‍ കൊല്ലപ്പെട്ടത്.

'ഒരു പൊലീസ് ഉദ്യോഗസ്ഥനെയും രണ്ട് തൊഴിലാളികളെയും തീവ്രവാദികള്‍ കൊലപ്പെടുത്തി. ഈ കൊലയാളികള്‍ ആരാണെന്ന് ഞങ്ങളോട് പറയണം. തീവ്രവാദം ഇല്ലാതായെന്ന് നിങ്ങള്‍ പറഞ്ഞു. തീവ്രവാദം ഇല്ലാതായെങ്കില്‍ ആരാണ് ഇവരെ കൊന്നത്. ആളുകള്‍ കൊല്ലപ്പെട്ടപ്പോള്‍ തീവ്രവാദികളാണ് ഇതിന് പിന്നിലെന്ന് പറഞ്ഞത്. എന്നാല്‍ എല്ലാ അതിര്‍ത്തികളും അടച്ചെങ്കില്‍ ഈ തീവ്രവാദികള്‍ എവിടെ നിന്ന് വന്നു. ഈ കൊലപാതകങ്ങള്‍ ആരാണ് നടത്തുന്നത്,' ഫറൂഖ് അബ്ദുള്ള ചോദിച്ചു.

ജമ്മു കശ്മീരിന് സംസ്ഥാന പദവി ആവശ്യപ്പെടുമ്പോഴെല്ലാം ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു. ഈ ആക്രമണത്തില്‍ ആത്മാര്‍ത്ഥമായ അന്വേഷണം വേണമെന്നും ഫറൂഖ് അബ്ദുള്ള ആവശ്യപ്പെട്ടു. തൊഴിലാളികള്‍ക്ക് നേരെയുണ്ടായ ആക്രമണം സുരക്ഷാ വീഴ്ചയാണെന്ന് പിഡിപി അധ്യക്ഷ മെഹ്ബൂബ മുഫ്തിയും പ്രതികരിച്ചു.

അമര്‍നാഥ് യാത്രയ്ക്കായി താഴ്‌വരയിലുട നീളം സുരക്ഷാ ക്രമീകരണങ്ങള്‍ നടത്തിയിട്ടും ഈ ആക്രമണം എങ്ങനെ ഉണ്ടായെന്ന് അന്വേഷിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. രണ്ട് വര്‍ഷത്തിനിടെ ഇതാദ്യമായാണ് താഴ്‌വരയില്‍ അതിഥി തൊഴിലാളികള്‍ക്ക് നേരെ ആക്രമണമുണ്ടാകുന്നത്. 2024 ഒക്ടോബര്‍ 18ന് ബിഹാര്‍ സ്വദേശിയായ അശോക് ചൗഹാന്‍ സൗത്ത് കശ്മീരില്‍ കൊല്ലപ്പെട്ടിരുന്നു.

Content Highlights: Farooq Abdullah urged authorities to identify and take strict action against those responsible for the incidents in Jammu and Kashmir

dot image
To advertise here,contact us
dot image