

ന്യൂഡല്‍ഹി: ജന്തര്‍ മന്തര്‍ സമരത്തിന് പിന്നാലെ ജെഎന്‍യു സ്റ്റുഡന്റ്‌സ് യൂണിയന്‍ ജോയിന്റ് സെക്രട്ടറി ഡാനിഷ് അലിയുടെ വീട്ടിലെത്തി പൊലീസ്. മധ്യപ്രദേശിലെ ഡാനിഷ് അലിയുടെ വീട്ടിലാണ് പൊലീസ് സംഘം എത്തിയത്. വീട്ടിലെത്തിയ പൊലീസ് സംഘം കുടുംബത്തെ ഭീഷണിപ്പെടുത്തിയതായി ഡാനിഷ് അലി ഇന്‍സ്റ്റഗ്രാം വീഡിയോയില്‍ പറഞ്ഞു.
ഞായറാഴ്ചയാണ് സംഭവം നടന്നത്. വീട്ടിലെത്തിയ പൊലീസ് മാതാപിതാക്കളില്‍ നിന്ന് ഡാനിഷ് അലിയുടെ വിവരങ്ങള്‍ ശേഖരിച്ചാണ് മടങ്ങിയത്. താന്‍ ഡല്‍ഹിയിലാണ് ഉള്ളതെന്നും പൊലീസിന് എന്തെങ്കിലും അറിയണമെങ്കില്‍ ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ ഓഫീസിലേക്ക് വരാമെന്നും ഡാനിഷ് വീഡിയോയിൽ പറഞ്ഞു. തന്നെ നിശബ്ദയാക്കാന്‍ കഴിയില്ലെന്നും അവര്‍ വ്യക്തമാക്കി. സിജെപി സമരത്തില്‍ സജീവമായി ഡാനിഷ് അലി പങ്കെടുത്തിരുന്നു.
ജന്തര്‍ മന്തറിലെ സമരത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്കെതിരെ നിയമനടപടികള്‍ ഉണ്ടാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ടും പൊലീസ് വീട്ടില്‍ കയറിയെന്നും പൊലീസ് നടപടികള്‍ തുടരുന്നുണ്ടെന്നും ഡാനിഷ് അലി ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പൊലീസ് നടപടി തുടരുന്നുണ്ട്. ഡല്‍ഹി പൊലീസിനെ പോലെ തന്നെയാണ് മധ്യപ്രദേശ് പൊലീസും പെരുമാറുന്നതെന്നും ഡാനിഷ് അലി ആരോപിച്ചു.
Content Highlights: Madhya Pradesh Police visited the residence of JNU Student Union Joint Secretary Danish Ali following the Jantar Mantar protest.