

ഇന്ത്യന്‍ ബോക്‌സിങ് താരം ലവ്ലിന ബോര്‍ഗോഹെയ്ന്‍ ചൂണ്ടിക്കാണിച്ചതിനെത്തുടര്‍ന്ന്, തങ്ങളുടെ സ്ഥാപനത്തില്‍ പ്രദര്‍ശിപ്പിച്ചിരുന്ന ഇന്ത്യന്‍ ഭൂപടത്തിലെ പിശക് തിരുത്താമെന്ന് ഗ്ലാസ്ഗോയിലെ പ്രശസ്തമായ ഇന്ത്യന്‍ റെസ്റ്റോറന്റിന്റെ ഉറപ്പ്. ഭൂപടത്തില്‍ ഇന്ത്യയുടെ വടക്കുകിഴക്കന്‍ മേഖല പൂര്‍ണമായും ഒഴിവാക്കിയ നിലയിലായിരുന്നു. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഏഴ് സ്വര്‍ണവും മൂന്ന് വെള്ളിയും ഉള്‍പ്പെടെ 10 മെഡലുകള്‍ നേടി ചരിത്ര വിജയം കുറിച്ച ഇന്ത്യന്‍ ബോക്സിങ് ടീം, വിജയം ആഘോഷിക്കാനായി ശനിയാഴ്ച ഗ്ലാസ്ഗോയിലെ 'മിസ്റ്റര്‍ സിംഗ്‌സ് ഇന്ത്യ' എന്ന റെസ്റ്റോറന്റില്‍ എത്തിയപ്പോഴാണ് സംഭവം.
റെസ്റ്റോറന്റിന് പുറത്ത് സ്ഥാപിച്ചിട്ടുള്ള ഭൂപടത്തിലും നാപ്കിനുകളില്‍ അച്ചടിച്ച ഭൂപടത്തിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ ഉണ്ടായിരുന്നില്ല. അസം സ്വദേശിയും ഒളിമ്പിക്സ് മെഡല്‍ ജേതാവുമായ ലവ്ലിനയാണ് ഈ വിഷയം ശ്രദ്ധയില്‍പ്പെടുത്തിയത്. 'ദയവായി ഇത് തെറ്റായി എടുക്കരുത്. ഇത് കണ്ടപ്പോള്‍ എനിക്ക് വലിയ വിഷമം തോന്നി. ഈ ഭൂപടത്തില്‍ നമ്മുടെ വടക്കുകിഴക്കന്‍ ഭാഗങ്ങള്‍ കാണാനില്ല. വടക്കുകിഴക്കന്‍ മേഖലയില്‍ നിന്നുള്ള ഒരാളെന്ന നിലയില്‍ ഇത് ഞങ്ങളെ ശരിക്കും വേദനിപ്പിക്കുന്നുണ്ട്. അടുത്ത തവണ മുതല്‍ ഇക്കാര്യം ശ്രദ്ധിക്കണം,' -സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയിലൂടെ ലവ്ലിന അഭ്യര്‍ത്ഥിച്ചു.
തുടര്‍ന്ന് ബോക്സിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (ബി.എഫ്.ഐ) പ്രസിഡന്റ് അജയ് സിംഗും ലവ്ലിനയും വിഷയം റെസ്റ്റോറന്റ് മാനേജ്മെന്റിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ തര്‍ക്കങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും തങ്ങളുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ച സമ്മതിച്ച റെസ്റ്റോറന്റ് അധികൃതര്‍ പിശക് തിരുത്താമെന്ന് ഉറപ്പുനല്‍കിയതായും അജയ് സിങ് വ്യക്തമാക്കി.
content highlights: Northeast States Omitted from India Map; Lovlina Borgohain Intervenes in Glasgow