

കൊച്ചി: റിപ്പോര്‍ട്ടര്‍ ഓണ്‍ലൈന്‍ ഇലക്ഷൻ സര്‍വേയില്‍ അടുത്ത മുഖ്യമന്ത്രി ആരാകണമെന്ന ജനകീയ അഭിപ്രായത്തിൽ പിണറായി വിജയന്‍ മുന്നിൽ. സര്‍വേയില്‍ പങ്കെടുത്തവരില്‍ 22.3 ശതമാനം പേരും പിണറായി വിജയന്‍ മൂന്നാം തവണയും മുഖ്യമന്ത്രി സ്ഥാനത്തേക്ക് വരണമന്ന് ആഗ്രഹിക്കുന്നവരാണ്.
വിവിധ മുന്നണികളില്‍ നിന്നുമായി 12 നേതാക്കളെ തെരഞ്ഞെടുക്കാനുള്ള ഓപ്ഷനായിരുന്നു സര്‍വേയില്‍ നല്‍കിയിരുന്നത്. എല്‍ഡിഎഫില്‍ നിന്നും പിണറായി വിജയനെ കൂടാതെ എം വി ഗോവിന്ദന്‍, കെ കെ ശൈലജ, പി രാജീവ് എന്നിവരും യുഡിഎഫില്‍ നിന്നും വി ഡി സതീശന്‍, കെ സി വേണുഗോപാല്‍, രമേശ് ചെന്നിത്തല, ശശി തരൂര്‍ എന്നിവരും എന്‍ഡിഎയില്‍ നിന്ന് രാജീവ് ചന്ദ്രശേഖര്‍, കെ സുരേന്ദ്രന്‍, സുരേഷ് ഗോപി, ശോഭ സുരേന്ദ്രന്‍ എന്നിവരുമാണ് ഓപ്ഷന്‍സായി ഉണ്ടായിരുന്നത്.
പിണറായി വിജയന് ശേഷം ഏറ്റവും കൂടുതല്‍ പേര്‍ മുഖ്യമന്ത്രിയാകാനായി പിന്തുണച്ചിരിക്കുന്നത് രമേശ് ചെന്നിത്തലയെയാണ്. 17.34 ശതമാനം ആളുകളാണ് ചെന്നിത്തലയെ തിരഞ്ഞെടുത്തിരിക്കുന്നത്. തൊട്ടുപിന്നാലെ വി ഡി സതീശനമുണ്ട്. 17.18 ശതമാനം പേരാണ് അദ്ദേഹത്തെ തിരഞ്ഞെടുത്തിരിക്കുന്നത്.
കേരളത്തിന്റെ ആദ്യ വനിതാ മുഖ്യമന്ത്രിയാകുമെന്ന നിലയില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് ചര്‍ച്ചകള്‍ ഉയര്‍ന്ന കെ കെ ശൈലജയ്ക്ക് ഇത്തവണയും പിന്തുണയുണ്ട്. സര്‍വേയില്‍ പങ്കെടുത്ത 13.61 ശതമാനം ആളുകളാണ് ശൈലജയെ അടുത്ത മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തിരിക്കുന്നത്.
കോണ്‍ഗ്രസിന്റെ സംഘടനാ ചുമതലയുള്ള ദേശീയ ജനറല്‍ സെക്രട്ടറിയും ലോക്‌സഭ എംപിയുമായ കെ സി വേണുഗോപാലിനെ. 7.21 ശതമാനം ആളുകളാണ് മുഖ്യമന്ത്രി സ്ഥാനതത്തേയ്ക്ക് സര്‍വേയില്‍ അദ്ദേഹത്തെ പിന്തുണച്ചത്. വ്യവസായ വകുപ്പ് മന്ത്രിയായ പി രാജീവാണ് പട്ടികയില്‍ തൊട്ടുപിന്നാലെ വരുന്നത്. 5.81 ശതമാനം ആളുകളാണ് പി രാജീവിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് തിരഞ്ഞെടുത്തിരിക്കുന്നത്.
എന്‍ഡിഎ പക്ഷത്ത് നിന്നും മുഖ്യമന്ത്രിയാകാന്‍ താരതമ്യേന കൂടുതല്‍ പിന്തുണ ലഭിച്ചിരിക്കുന്നത് മുന്‍ ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രനാണ്. 3.82 ശതമാനം ആളുകളാണ് പട്ടികയില്‍ നിന്നും സുരേന്ദ്രനെ തിരഞ്ഞെടുത്തിരിക്കുന്നത്. തൊട്ടുപിന്നാലെ സിപിഐഎം സംസ്ഥാന ജനറല്‍ സെക്രട്ടറി എം വി ഗോവിന്ദനാണ് വരുന്നത്. 3.12 ശതമാനം ആളുകളുടെ പിന്തുണയാണ് അദ്ദേഹത്തിന് ലഭിച്ചിരിക്കുന്നത്.
തൃശൂര്‍ എംപിയായ സുരേഷ് ഗോപിയെ 2.87 പേരാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിര്‍ദേശിച്ചത്. ഇതിനും പിന്നിലാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ സ്ഥാനം. 2.73 പേര്‍ മാത്രമാണ് അദ്ദേഹത്തെ പിന്തുണച്ചിരിക്കുന്നത്. അവസാന രണ്ട് സ്ഥാനങ്ങളില്‍ വന്നിരിക്കുന്നത് യുഡിഎഫിന്റെയും എന്‍ഡിഎയുടെയും പ്രധാനികളായ രണ്ട് പേരാണ്, ശശി തരൂരും ശോഭ സുരേന്ദ്രനും. ശശി തരൂരിന് 2.07 ശതമാനം പേരുടെയും ശോഭ സുരേന്ദ്രന് 1.94 ശതമാനം പേരുടെയും മാത്രമാണ് പിന്തുണ ലഭിച്ചത്.
മുന്നണി തലത്തില്‍ നോക്കുമ്പോള്‍ ആകെ 44.84 ശതമാനം പേരുടെ പിന്തുണയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടവർക്ക് ലഭിച്ച പിന്തുണയുടെ അടിസ്ഥാനത്തിൽ എല്‍ഡിഎഫ് പക്ഷത്തിന് ലഭിച്ചത്. തൊട്ടുപിന്നാലെ യുഡിഎഫിന് 43.80 ശതമാനം ആളുകളുടെ പിന്തുണ ലഭിച്ചിട്ടുണ്ട്. എന്‍ഡിഎയ്ക്ക് ആകെ 11.36 ശതമാനം പേരുടെ പിന്തുണ മാത്രമാണ് ലഭിച്ചിരിക്കുന്നത്.
കേരളം കണ്ട എറ്റവും വിപുലമായ ഓണ്‍ലൈന്‍ ഇലക്ഷന്‍ സര്‍വേയാണ് റിപ്പോര്‍ട്ടര്‍ ടിവി നടത്തിയത്. 140 മണ്ഡലങ്ങളിലെയും ജനങ്ങള്‍ക്ക് അവരുടെ എംഎല്‍എയെ വിലയിരുത്താനുള്ള സുവര്‍ണ്ണാവസരമാണ് റിപ്പോര്‍ട്ടര്‍ ടിവി ഒരുക്കിയത്. നിയമസഭ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന ആറ് ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനുള്ള അവസരവും സര്‍വേയില്‍ ഉള്‍പ്പെടുത്തിയിരുന്നു. 6837276 പേരാണ് സര്‍വ്വേ പേജില്‍ എത്തിയത്. ഇതില്‍ 1652405 ആളുകള്‍ തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തിയത്.
വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന വിഷയങ്ങള്‍ ഏതെന്ന് രേഖപ്പെടുത്താനും റിപ്പോര്‍ട്ടര്‍ ഓണ്‍ലൈന്‍ സര്‍വേയില്‍ അവസരമുണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ പ്രകടനം, പ്രതിപക്ഷ നേതാവിന്റെ പ്രകടനം, മന്ത്രിസഭയിലെ ഏറ്റവും മികച്ച മന്ത്രി, അടുത്ത മുഖ്യമന്ത്രി ആരാകണം, ഇത്തവണ ഏത് മുന്നണി അധികാരത്തില്‍ വരണം എന്നത് അടക്കമുള്ള ആറ് ചോദ്യങ്ങളും സര്‍വേ ജനങ്ങള്‍ക്ക് മുന്നില്‍ വെച്ചു.
സര്‍വേ പേജില്‍ ഓരോ മണ്ഡലത്തിന്റെയും വിശദമായ ചരിത്രം, തദ്ദേശ സ്ഥാപനങ്ങള്‍, അവിടെയുള്ള ഭരണകക്ഷികള്‍, മണ്ഡലത്തിലെ മുന്‍കാല എംഎല്‍എമാര്‍, അതിര്‍ത്തി മണ്ഡലങ്ങള്‍, 2006 വരെയുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളുടെ വിശദമായ ഫലങ്ങള്‍ തുടങ്ങിയ വിവരങ്ങളും എക്കാലവും ലഭ്യമാകുന്ന രീതിയില്‍ തയ്യാറാക്കിയിട്ടുമുണ്ട്.
വിശദമായ ഫലം റിപ്പോര്‍ട്ടര്‍ ഓണ്‍ലൈന്‍ ഇലക്ഷന്‍ സര്‍വേ പേജില്‍ അറിയാം.
Content Highlights: Reporter Online Election Survey result about Who is next chief minister